മനുഷ്യാവകാശ കമ്മീഷൻ

ഇരഞ്ഞിക്കലിലെ ഇറച്ചി കടയിൽ ചത്ത കോഴികളെ വിൽപ്പനയ്ക്ക്  സൂക്ഷിച്ച കടയുടമക്കെതിരെ ഫൈൻ മാത്രം ചുമത്തിയ നഗരസഭയുടെ നടപടി അനുചിതമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.  നാമമാത്രമായ ശിക്ഷ നൽകുന്നത് ഇത്തരം ഹീനമായ കുറ്റകൃത്യങ്ങൾ ആവർത്തിക്കാൻ ഇടയാക്കുമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഇടക്കാല ഉത്തരവിൽ പറഞ്ഞു.  കടയുടമയുടെ നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണ്.  ഇനിയൊരാൾ ഇത്തരം ഒരു ഗുരുതര കുറ്റകൃത്യത്തിൽ ഏർപ്പെടാതിരിക്കാൻ തക്ക വിധത്തിലുള്ള ശിക്ഷ കടയുടമയ്ക്ക് നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.   

          നഗരസഭാ സെക്രട്ടറിയും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറും ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികളെ കുറിച്ച് വിശദമായ റിപ്പോർട്ട് നവംബർ 29 ന് മുമ്പ് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.  നവംബർ 29 ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസിൽ  നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.  പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.