Unsafe Transformer

വയറുകളും ഫ്യൂസുകളും നിറഞ്ഞ സുരക്ഷാവേലിയില്ലാത്ത ട്രാൻസ്ഫോർമർ : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
മലപ്പുറം : താനൂർ - തിരൂർ റോഡിൽ ഓലപീടികയ്ക്കും മുക്കോലയ്ക്കുമിടയിൽ യാതൊരു സുരക്ഷാ വേലിയുമില്ലാതെ ഫുട്പാത്തിൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർമർ പരിശോധിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
     വൈദ്യുതി ബോർഡ് തിരൂർ ഈസ്റ്റ് ഡിവിഷനിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്.  ജൂൺ 14 ന് തിരൂർ റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.  
     രണ്ടടിയിൽ കൂടുതൽ ഉയരമില്ലാത്ത തൂണുകളിലാണ് നിറയെ ഇലക്ട്രിക് വയറുകളും ഫ്യൂസുകളുമുള്ള ട്രാൻസ്ഫോർമർ സ്ഥാപിച്ചിരിക്കുന്നത്.  നൂറുകണക്കിനാളുകളും സ്കൂൾ കുട്ടികളും ദിവസേനെ കടന്നുപോകുന്ന സ്ഥലമാണിത്.  സുരക്ഷാവേലിയില്ലാത്തതിനാൽ എപ്പോൾ വേണമെങ്കിലും അപായം സംഭവിക്കാൻ സാധ്യതയുണ്ട്.  സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന ഒരു വീഡിയോയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.  
 പബ്ലിക് റിലേഷൻസ് ഓഫീസർ
26/05/2023.