അറവുശാലകളിലും മാംസവിൽപ്പന കേന്ദ്രങ്ങളിലും നടക്കുന്ന അനാരോഗ്യകരമായ നിയമലംഘനങ്ങൾ

അറവുശാലകളിലും മാംസവിൽപ്പന കേന്ദ്രങ്ങളിലും നടക്കുന്നത് നിയമ ലംഘനങ്ങൾ മാത്രം ; ഉദ്യോഗസ്ഥർ അവകാശ ലംഘനങ്ങൾക്ക്

കൂട്ടു നിൽക്കുന്നു :  മനുഷ്യാവകാശ കമ്മീഷൻ

കണ്ണൂർ :-  സംസ്ഥാനത്തെ അറവു ശാലകളിലും മാംസവിൽപ്പന കേന്ദ്രങ്ങളിലും നടക്കുന്ന അനാരോഗ്യകരമായ നിയമലംഘനങ്ങൾ ശാശ്വതമായി അവസാനിപ്പിക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പും മലിനീകരണ നിയന്ത്രണ ബോർഡും പുറത്തിറക്കിയ ഉത്തരവുകൾ കർശനമായി നടപ്പിലാക്കണമെന്ന്   മനുഷ്യാവകാശ കമ്മീഷൻ.  ഇത്തരം നിയമ ലംഘനങ്ങൾ കേവലം കാഴ്ചക്കാരായി നോക്കി നിൽക്കാൻ കഴിയില്ലെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. 

          ഭക്ഷ്യ- പൊതുവിതരണ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിമാരും സംസ്ഥാന പോലീസ് മേധാവിയും മലിനീകരണ നിയന്ത്രണ ബോർഡ് സെക്രട്ടറിയും സർക്കാർ ഉത്തരവുകൾ നടപ്പിലാക്കാനാവശ്യമായ നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്ന് കമ്മീഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടി.   സ്വീകരിച്ച നടപടികൾ ബന്ധപ്പെട്ട വകുപ്പ് മേധാവിമാർ നാലാഴ്ചയ്ക്കകം കമ്മീഷനെ അറിയിക്കണം.  ഓഗസ്റ്റിൽ കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. 

          അടിസ്ഥാന മനുഷ്യാവകാശങ്ങൾ ലംഘിക്കുന്ന അറവുശാലകളും മാംസ വിൽപ്പന കേന്ദ്രങ്ങളും  ലാഭക്കൊതിയുള്ള ചില ഉദ്യോഗസ്ഥരുടെ പിന്തുണയോടു കൂടിയാണ് നിയമ ലംഘനങ്ങൾ നിർബാധം നടത്തുന്നതെന്ന് കമ്മീഷൻ ഉത്തരവിൽ നിരീക്ഷിച്ചു.  2021 നവംബർ 7 ന് തദ്ദേശ സ്വയംഭരണ വകുപ്പ് പുറത്തിറക്കിയ ജി ഒ (എം എസ് ) 227/21 ഉത്തരവിലും പി സി ബി/എച്ച് ഒ/ടെക്/80/19 നമ്പറിലുള്ള 2021 നവംബർ 10 ലെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവിലും, മാംസ വിൽപ്പന ശാലകളും അറവു ശാലകളും എപ്രകാരം പ്രവർത്തിക്കണമെന്ന വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.  എന്നാൽ നിയമങ്ങളെല്ലാം ലംഘിക്കാനുള്ളതാണെന്ന മട്ടിലാണ് ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്.  നിർദ്ദേശങ്ങൾ കടലാസിൽ ഉറങ്ങുന്നു.

          തലശ്ശേരിപന്ന്യന്നൂർ പഞ്ചായത്തിൽ നിയമങ്ങളെല്ലാം കാറ്റിൽ പറത്തി പ്രവർത്തിക്കുന്ന അറവുശാലയെ കുറിച്ച് ഒരു ദിനപത്രം പ്രസിദ്ധീകരിച്ച  വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഈ സ്ഥാപനം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന  കാര്യം അന്വേഷിച്ച് പന്ന്യന്നൂർ പഞ്ചായത്ത് സെക്രട്ടറി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം  കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു