Vasu, Kerala
"നിങ്ങളുടെ നിയമത്തിനും നീതിക്കുമിടയിൽ ഒരു തമോഗർത്തം ഉണ്ടെന്നും നിങ്ങളുടെ കാരാഗൃഹത്തിലേയ്ക്ക് ഞാൻ പോകുന്നത് ആ ഇരുട്ടിലേയ്ക്ക് വെളിച്ചം വീശാനാണെന്നും ഒരു മനുഷ്യൻ സ്വയം അർപ്പിച്ചു കൊണ്ട് ദുരധികാരത്തോട് പറയുന്നു."
വാസുവേട്ടനെ 14 ദിവസത്തേയ്ക്ക് വീണ്ടും റിമാന്റ് ചെയ്തതിനെപ്പറ്റി പ്രതാപൻ എ Prathapan A എഴുതുന്നത് :
###
സോക്രട്ടീസിന്റെ വചനമുണ്ട് , അന്യായം ചെയ്യുന്നതിനേക്കാൾ ഭേദം അന്യായം അനുഭവിക്കുന്നതാണ് , It is better to suffer wrong than to do wrong. സോക്രട്ടീസ് സത്യമെന്ന് വിശ്വസിച്ച ഈ വാക്കുകൾക്ക് സത്യമെന്ന് തെളിയിക്കാവുന്ന തെളിവുകൾ ഒന്നും ഹാജരാക്കാനില്ല. തന്നെ വധശിക്ഷക്ക് വിധിച്ചപ്പോൾ , അതിൽ നിന്ന് ഒഴിവാകാനുള്ള സാദ്ധ്യതകൾ മുന്നിൽ വന്നിട്ടും, അവയെ തിരസ്കരിച്ച്, വധശിക്ഷ സ്വീകരിച്ച്, സോക്രട്ടീസ് തന്റെ വചനത്തിന് തെളിവ് നൽകി എന്ന് ഹന്ന ആരെന്റ് എഴുതി, സത്യവും രാഷ്ട്രീയവും , Truth and Politics, എന്ന ലേഖനത്തിൽ . ദാർശനികമായ സത്യങ്ങൾക്ക് മനുഷ്യർ സ്വന്തം ഉദാഹരണങ്ങളിലൂടെ നൽകുന്ന തെളിവുകൾ മാത്രമേ ഉള്ളൂ , വേറെ ഒന്നുമില്ല.
വാസുവേട്ടനെ കോടതി വീണ്ടും പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്ത വാർത്ത വായിച്ചപ്പോൾ ഇതെല്ലാം വീണ്ടും ഓർത്തു. പഴയ അഥീനിയൻ കോടതിയിൽ നിന്ന് സോക്രട്ടീസ് നേരിട്ടത് പോലെ , കേരളത്തിലെ ഭരണ, രാഷ്ട്രീയ, നീതിന്യായ സംവിധാനത്തിൽ നിന്ന് അന്യായം നേരിടുന്ന ഒരു പോരാളിയാണ് ഇന്ന് വാസുവേട്ടൻ. വേണമെങ്കിൽ അത് ഒഴിവാക്കാവുന്നതേയുള്ളൂ , താൻ ന്യായമെന്ന് കരുതുന്നതിനെ സന്ധി ചെയ്താൽ. അതിന് താൻ തയ്യാറല്ല എന്ന നിലപാടാണ്, അന്യഥാ സർവ്വസാധാരണമായ ഒരു സന്ദർഭത്തെ, അപൂർവ്വമായ രാഷ്ട്രീയ, ദാർശനിക മുഹൂർത്തമായി പരിവർത്തിപ്പിക്കുന്നത്.
നിങ്ങളുടെ നിയമത്തിനും നീതിക്കുമിടയിൽ ഒരു തമോഗർത്തമുണ്ട് എന്നും , നിങ്ങളുടെ കാരാഗ്രഹത്തിലേക്ക് ഞാൻ പോകുന്നത് ആ ഇരുട്ടിലേക്ക് വെളിച്ചം വീശാനാണെന്നും ഒരു മനുഷ്യൻ സ്വയം അർപ്പിച്ചു കൊണ്ട് ദുരധികാരത്തോട് പറയുന്നു. അധികാരത്തെ ആഴത്തിൽ വെല്ലുവിളിക്കുന്ന ധാർമ്മികമായ രാഷ്ട്രീയം അതിൽ പ്രവർത്തിക്കുന്നു. History is a process without subject or object എന്ന് ആൽത്തൂസർ എഴുതി , ചരിത്രം എന്നത് കർത്താവോ കർമ്മമോ ഇല്ലാത്ത പ്രക്രിയയാണ്. എങ്കിലും ചിലപ്പോൾ , ചില സന്ദർഭങ്ങളിൽ , മനുഷ്യർ ചരിത്രത്തിന്റെ കർതൃത്വത്തിലേക്ക് വരുന്നു , കരി പുരളാത്ത കർത്താക്കളായി.
രാഷ്ട്രീയം എന്നത് നുണയുമായി സമീകരിക്കപ്പെടുന്ന സന്ദർഭങ്ങളിൽ അത് ഏറെ പ്രധാനം.
വാസുവേട്ടൻ എന്ന് , എങ്ങനെ മോചിക്കപ്പെടും എന്നല്ല,
വാസുവേട്ടൻ ഉയർത്തിയ ധാർമ്മിക, രാഷ്ട്രീയ ചോദ്യങ്ങളിൽ നിന്ന് ഈ ദുരധികാരവ്യവസ്ഥ എന്ന് , എങ്ങനെ മോചിക്കപ്പെടും എന്ന് ചിന്തിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു.
ഈ ചോദ്യങ്ങൾ ഉന്നയിച്ചതിന്,
മരിച്ചു പോയ പല ചോദ്യങ്ങളയും
ജീവിപ്പിച്ചതിന്,
വാസുവേട്ടന് സ്നേഹാഭിവാദ്യങ്ങൾ !
ഫോട്ടോ
Indrajit khambe