റെയിൽ മദദ് ആപ്പും യാത്രക്കാരെ ഭീഷണിപ്പെടുത്തുന്ന ടിടിആറും
Sarath Chandrika Sasikumar
റെയിൽ മദദ് ആപ്പും യാത്രക്കാരെ ഭീഷണിപ്പെടുത്തുന്ന ടിടിആറും
ഇന്ന് ട്രെയിൻ യാത്രയ്ക്ക് ഇടയിൽ എനിക്കും പങ്കാളിക്കും നേരിടേണ്ടി വന്ന ഒരു ദുരനുഭവം എഴുതുകയാണ്. സംഭവത്തോട് ഞങ്ങളുടേതായ നിലയ്ക്ക് പ്രതികരിക്കുകയും പരാതി നൽകുകയും ചെയ്തിട്ടുണ്ട് എങ്കിലും ആക്ടിവിസ്റ്റുകൾ, സമാന അനുഭവങ്ങൾ ഉണ്ടായിട്ടുള്ളവർ, പത്രപ്രവർത്തകർ മുതലായവർക്ക് ഏതെങ്കിലും വിധത്തിൽ നമ്മുടെ വ്യവസ്ഥിതിയെ ഗുണപരമായി പരിവർത്തിപ്പിച്ചു എടുക്കാനുള്ള ശ്രമങ്ങൾക്ക് ഈ വിവരം ഉപകാരപ്പെടുന്നെങ്കിൽ ഉപകാരപ്പെടട്ടെ എന്ന് കരുതിയാണ് ഫേസ്ബുക്കിൽ എഴുതുന്നത്.
ഇന്ന് ഉച്ച തിരിഞ്ഞു (21/04/2023) CAPE-SBC എക്സ്പ്രസ്സ് ലാണ് സംഭവം നടന്നത്. കൊല്ലം ജംഗ്ഷനിൽ നിന്നും ഏകദേശം രണ്ടു മണിയോടെ ഞങ്ങൾ പ്രസ്തുത ട്രെയിനിൽ കയറി. തേർഡ് എ സി ടിക്കറ്റ് ആണ് എടുത്തിരുന്നത്. എ.സി. കോച്ചിൽ നൽകേണ്ട ബെഡ് റോൾ (ഒരാൾക്ക് ഒരു കമ്പിളി, രണ്ടു ബെഡ് ഷീറ്റ്, ഒരു ഫേസ് ടവൽ, ഒരു തലയിണ എന്നിവ അടങ്ങുന്നതാണ് റയിൽവെയുടെ ബെഡ് റോൾ) പലപ്പോഴും കോച്ച് അറ്റൻഡ് മാർ കൃത്യമായി നൽകാറില്ല. കോച്ച് അറ്റെൻഡമാരെ കോച്ചിൽ എങ്ങും കാണാതിരിക്കുകയോ ആവശ്യം പറഞ്ഞിട്ടും നിസ്സംഗ സമീപനം തുടരുകയോ ചെയ്താൽ പിന്നെ റയിൽവെയുടെ റെയിൽ മദദ് ആപ്പിൽ പരാതിപെടുകയാണ് ചെയ്യാറുള്ളത്. ഉടനടി പരിഹാരം ഉണ്ടാവുകയും ചെയ്യാറുണ്ട് . ആ നിലയ്ക്ക് റെയിൽ മദദ് ആപ്പ് നല്ല ഒരു പരാതി പരിഹാര സംവിധാനമാണ് എന്ന് തോന്നിയിട്ടും ഉണ്ട്. ഇത്തവണയും ബെഡ് റോൾ പൂർണമായും നൽകിയിരുന്നില്ല. കമ്പിളിയും തലയിണയും മാത്രം ബെർത്തിൽ വെച്ചിരുന്നു. അത് കൊണ്ട് റെയിൽ മദദ് ആപ്പിൽ പരാതി രജിസ്റ്റർ ചെയ്തു. അധികം വൈകാതെ കോച്ച് അറ്റന്റന്റ് വന്നു ബെഡ്ഷീറ്റുകൾ തരികയും ഹെൽപ്ലൈനിൽ നിന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ വിളിച്ചു സാധനം കിട്ടി എന്ന് ഉറപ്പു വരുത്തുകയും ചെയ്തു.
പക്ഷേ, കുറച്ചു നേരത്തിനു ശേഷം, ഏകദേശം നാലേ കാലോടെ ടിക്കറ്റ് എക്സാമിനർ ഞങ്ങളുടെ സീറ്റിനരികിൽ വന്ന് വഴക്കുണ്ടാക്കാനും ഭീഷണിപ്പെടുത്താനും ആരംഭിച്ചു. ഞങ്ങളുടെ പരാതി കാരണം അയാൾക്ക് അധികജോലി എടുക്കേണ്ടി വന്നു എന്നും അയാളുടെ അനുവാദം കൂടാതെ പരാതി കൊടുത്തത് ശരിയായില്ല എന്നുമായിരുന്നു വാദം. വിരട്ടൊക്കെ കയ്യിൽ വെച്ചാൽ മതിയെന്നും പരാതി പെടാൻ ടി ടി യുടെ അനുവാദം ആവശ്യമില്ല എന്നും ഞങ്ങൾ മാന്യമായി തിരിച്ചും പറഞ്ഞു. അയാളുടെ ഭാഷയുടെയും ശൈലിയുടെയും നിലവാരത്തിലേക്ക് താഴേണ്ടതില്ല എന്നും ചട്ടപ്രകാരം തന്നെ അയാളുടെ ധാർഷ്ട്യത്തിനും അമാന്യമായ പെരുമാറ്റത്തിനും പരിഹാരം ഉണ്ടാക്കാൻ കഴിയുമോ എന്ന് ശ്രമിച്ചാൽ മതി എന്നും അപ്പോൾ തന്നെ മനസ്സിൽ തീരുമാനിച്ചിരുന്നു. എന്തായാലും ആപ്പിനോട് പരാതി പറഞ്ഞതാണ് പ്രശ്നം എങ്കിൽ ഇപ്പോൾ ഇതാ നിങ്ങളോടു നേരിട്ട് പരാതി പറയുന്നു എന്ന് പറഞ്ഞു കൊണ്ട് മറ്റു യാത്രക്കാർക്ക് മുഴുവൻ ബെഡ് റോൾ നൽകിയിട്ടില്ല എന്നത് ചൂണ്ടി കാട്ടി. വീണ്ടും അയാൾ ധാർഷ്ട്യത്തോടെ അയാൾക്ക് സൗകര്യം ഉള്ളപ്പോഴെ കൊടുക്കൂ എന്ന് പറഞ്ഞു ഭീഷണിയും ചീത്തവിളിയും തുടർന്ന് കൊണ്ട് നടന്നകന്നു.
ഞാൻ അപ്പോൾ തന്നെ അയാളുടെ ഉത്തരവിനെ വീണ്ടും ലംഘിച്ചു കൊണ്ട് അതെ ആപ്പിൽ സ്റ്റാഫ് ബിഹേവിയർ എന്ന ഓപ്ഷനിൽ ടി ടിയുടെ അമാന്യമായ പെരുമാറ്റം റിപ്പോർട് ചെയ്തു. തുടർന്ന് ടി ടി യോട് അവർ വിശദീകരണം ചോദിച്ചെങ്കിലും തന്നോട് പറഞ്ഞാൽ എളുപ്പം പ്രശ്നം പരിഹരിക്കാമായിരുന്നല്ലോ എന്നെ താൻ പറഞ്ഞുള്ള എന്ന ടി ടി യുടെ വിശദീകരണം അതെ പടി ആവർത്തിച്ചു അവർ പരാതി ക്ളോസ് ചെയ്തു.
ബെഡ് റോൾ കൃത്യമായി നൽകാതെ കരാറുകാർ ഉണ്ടാക്കുന്ന ലാഭത്തിൽ നിന്നും അയാൾ വിഹിതം പറ്റുന്നുണ്ടോ എന്ന് ആർക്കും സംശയം തോന്നാവുന്ന മട്ടിൽ ആയിരുന്നു അയാളുടെ ഇക്കാര്യത്തിലെ ഉത്സാഹം. അത് ശരിയാണെങ്കിലും അല്ലെങ്കിലും, റെയിൽ മദദ് പോലെ താരതമ്യേന മെച്ചപ്പെട്ട ഒരു പരാതി പരിഹാര സംവിധാനം ഉപയോഗിക്കുന്നതിൽ നിന്നും യാത്രക്കാരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുന്ന അയാൾക്ക് മാപ്പില്ല. അത് കൊണ്ട് റയിൽവെയുടെ ചെന്നൈ ഡിവിഷൻ ന്റെ public grievances additional divisional manager ക്ക് പരാതി നൽകി. പരാതി acknowledgement നൽകി കൊണ്ടും ബന്ധപ്പെട്ട അധികാരികൾക്ക് കൈ മാറിയതായി അറിയിച്ചു കൊണ്ടും ഇ-മെയിൽ വൈകാതെ ലഭിച്ചു. മേൽ നടപടികൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. ഒപ്പം റെയിൽവേ മന്ത്രിയുടെ ഓഫീസിലേക്കും ഇ മെയിൽ വഴി പരാതി കൊടുത്തിട്ടുണ്ട്. ഇത് വരെ അതിൽ acknowledgement ഒന്നും കിട്ടിയിട്ടില്ല എങ്കിലും ആ ഓഫീസിലും പ്രതീക്ഷ തുടരുന്നു. ഇത്തരത്തിൽ പൊതു ഖജനാവിൽ നിന്നും ശമ്പളം പറ്റി പൊതുജനങ്ങളുടെ മെക്കിട്ടു കയറി ജീവിക്കുന്ന ആളുകൾ തുറന്ന് കാട്ടപ്പെടേണ്ടതുണ്ട്. അത് കൊണ്ട് ഇതിനെ ഒരു ക്യാംപയിനായി കണ്ടു കൊണ്ട് തന്നെ കഴിയുന്ന അത്ര മുന്നോട്ടു പോകും. അതോടൊപ്പം ഇത്തരം ദുഷിപ്പുകളെ സംഘടിതമായി പ്രതിരോധിക്കാൻ ആളുകൾ കൂടുതലായി മുന്നോട്ട് വരേണ്ടതുണ്ട് എന്നത് കൊണ്ട് ഇത് പൊതുജനസമക്ഷം ചർച്ചയാകണം എന്നും ഉദ്ദേശിക്കുന്നു.