ഞാൻ ആദായ നികുതി അടക്കേണ്ട കാര്യമുണ്ടോ
ഞാൻ ആദായ നികുതി അടക്കേണ്ട കാര്യമുണ്ടോ?ഞാൻ റിട്ടേൺ സമർപ്പിക്കണോ?
സ്ഥിരം കേൾക്കുന്ന രണ്ട് ചോദ്യങ്ങളാണിവ.
ഇന്നത്തെ ലേഖനത്തിൽ പ്രതിപാദിക്കാൻ പോകുന്ന വിഷയവും ഇത് തന്നെ.
നിങ്ങൾക്ക് ലഭിക്കുന്ന വരുമാനങ്ങൾ ഏതൊക്കെ, എത്രത്തോളം. ഇവ രണ്ടും അറിഞ്ഞെങ്കിൽ മാത്രമേ നികുതി ബാധ്യത ഉണ്ടോ? ഉണ്ടെങ്കിൽ അത് എത്രത്തോളം എന്ന് മനസ്സിലാക്കാൻ സാധിക്കൂ. ശമ്പളം, കൂലി, വാടക, ബിസിനസ്സിൽ നിന്നുള്ള വരുമാനം, വസ്തു വിറ്റ് കിട്ടിയ ലാഭം, ഓഹരി വിപണിയിൽ നിന്നുള്ള ലാഭം, പലിശ, ഡിവിഡൻഡ്, ലോട്ടറി, സമ്മാനങ്ങൾ, തുടങ്ങി നിങ്ങൾക്ക് കിട്ടുന്ന എല്ലാ വരുമാനങ്ങളും ചേർത്താണ് നികുതി ബാധ്യത തീരുമാനിക്കുന്നത്. ഈ വരുമാനങ്ങളിൽ പലതും പല രീതിയിൽ ആണ് നികുതി വിധേയമാകുന്നത്.
ഇനി അടുത്ത ചോദ്യം ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട ആവശ്യം ഉണ്ടോ എന്നുള്ളതാണ്.
നിയമപരമായി, താഴെ പ്രതിപാതിക്കപ്പെടുന്ന ആൾക്കാർ ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ ബാധ്യസ്ഥരാണ്.
1. ഒരു സാമ്പത്തിക വർഷം 2.5 ലക്ഷം രൂപക്ക് മുകളിൽ മൊത്ത വരുമാനം ഉള്ളവർ (60 വയസ്സിന് മുകളിൽ ൩ 3 ലക്ഷം, 80 വയസ്സിന് മുകളിൽ 5 ലക്ഷം)
2. ഒരു സാമ്പത്തിക വർഷം 60 ലക്ഷം രൂപക്ക് മുകളിൽ അല്ലെങ്കിൽ 10 ലക്ഷം രൂപക്ക് മുകളിൽ പ്രൊഫഷണൽ വിറ്റ് വരവ് ഉള്ളവർ.
3. വിദേശത്ത് ആസ്തിയോ വരുമാനമോ (NRI അല്ല) ഉള്ളവർ.
4. ഒരു സാമ്പത്തിക വർഷം വിദേശ യാത്രക്കായി 2 ലക്ഷം രൂപയോ അതിൽ കൂടുതലോ ചിലവാക്കിയിട്ടുള്ളവർ.
5. ഒരു സാമ്പത്തിക വർഷം 1 ലക്ഷം രൂപക്ക് മുകളിൽ വൈദ്യുതി ബിൽ അടച്ചിട്ടുള്ളവർ.
മുകളിൽ പറഞ്ഞ കാറ്റഗറിയിൽ പെടാത്ത ആൾക്കാർക്കും സ്വമേധയാ ആദായ നികുതി റിട്ടേൺ സമർപ്പിക്കാവുന്നതാണ്.
എന്താണ് ഇങ്ങനെ സ്വമേധയാ ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്ന് കൂടി നമുക്ക് പരിശോധിക്കാം.
ഇത് നിങ്ങളുടെ വരുമാനം തെളിയിക്കുന്ന രേഖയായി അംഗീകരിക്കപ്പെടുന്നു എന്നുള്ളതാണ് ഏറ്റവും പ്രധാനം.
ലോൺ എടുക്കുമ്പോൾ നിങ്ങളുടെ വരുമാനം തെളിയിക്കാൻ ആദായ നികുതി റിട്ടേൺ ഉപയോഗിക്കാവുന്നതാണ്.
ചില രാജ്യങ്ങളിലേക്ക് വിസക്ക് അപേക്ഷിക്കുമ്പോൾ വരുമാനം തെളിയിക്കുന്ന രേഖ ആവശ്യപ്പെടാറുണ്ട്. ആ സന്ദർഭങ്ങളിൽ, ആദായ നികുതി റിട്ടേൺ മതിയായ രേഖയായി അംഗീകരിക്കപ്പെടും.
കൃത്യമായി റിട്ടേൺ സമർപ്പിച്ചാൽ താങ്കളുടെ സ്വത്ത് സമ്പാദനത്തിന് മതിയായ രേഖയാകുകയും പിനീട് ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടുവാനും സാധിക്കും.
ഉറവിടത്തിൽ നിന്നും നികുതി (TDS) പിടിച്ചിട്ടുണ്ടെങ്കിൽ റിട്ടേൺ സമർപ്പിക്കുമ്പോൾ അത് അവകാശപ്പെടാനും കൂടുതൽ അടച്ചിട്ടുണ്ടെങ്കിൽ അത് തിരികെ ആവശ്യപ്പെടാനും സാധിക്കും.
വരുമാനത്തിന് പകരം നഷ്ടമാണെങ്കിൽ, നിശ്ചിത സമയത്തിനുള്ളിൽ റിട്ടേൺ സമർപ്പിച്ച്, വരും വർഷങ്ങളിലെ വരുമാനവുമായി തട്ടിക്കിഴിക്കാൻ സാധിക്കും