എത്ര രൂപ വരെ ബാങ്കിലൂടെ അല്ലാതെ രൊക്കം പണമായി ഇടപാട് നടത്താം?

പലരും ചോദിക്കുന്ന ഒരു കാര്യമാണ് എത്ര രൂപ വരെ ബാങ്കിലൂടെ അല്ലാതെ രൊക്കം പണമായി ഇടപാട് നടത്താം? ഈ പരിധി ലംഘിച്ചാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ? അത് തന്നെ ആകട്ടെ ഇന്നത്തെ നമ്മുടെ വിഷയവും.

<<>><<>><<>><<>><<>><<>><<>><<>><<>><<>>

ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുകയും അതുവഴി കള്ളപ്പണം നിയന്ത്രിച്ച് നികുതി വെട്ടിപ്പ് കുറക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആദായ നികുതി വകുപ്പിൽ അവതരിപ്പിച്ച 269SS, 269ST, 269T എന്നീ 3 വകുപ്പുകൾ ആണ് ഇന്നത്തെ വിഷയം.

269SS, 269T എന്നീ വകുപ്പുകൾ രൊക്കം പണം കടം കൊടുക്കുന്നത്, അതിൻ്റെ തിരിച്ചടവ്, നിക്ഷേപം സ്വീകരിക്കൽ, അത് തിരിച്ചു കൊടുക്കൽ, മറ്റ് പരാമർശിക്കപ്പെട്ട ഇടപാടുകൾ എന്നിവയെ കുറിച്ച് പറയുമ്പോൾ, 269ST മറ്റെല്ലാ രൊക്കം പണം ഇടപാടുകളെയും കുറിച്ച് പറയുന്നു. നമുക്കിനി ഇതിൻറെ നിയമ വശങ്ങൾ നോക്കാം.

<<>><<>><<>><<>><<>><<>><<>><<>><<>><<>>

വകുപ്പ് 269SS:

രൊക്കം പണം കടമായോ നിക്ഷേപമായോ സ്വീകരിക്കുമ്പോൾ അല്ലെങ്കിൽ പരാമർശിക്കപ്പെട്ട ഏതെങ്കിലും തുക രൊക്കം പണമായി സ്വീകരിക്കുമ്പോഴോ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഈ വകുപ്പിൽ പറയുന്നത്. പരാമർശിക്കപ്പെട്ട തുക എന്നത് കൊണ്ട് ഇപ്പോൾ ഉദ്ദേശിക്കുന്നത് വസ്തു കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട തുകയാണ്.

ഏതൊരാളും, ബാങ്കിങ് ചാനലിലൂടെ അല്ലാതെ മറ്റൊരാളിൽ നിന്നും, താഴെ പറയുന്ന നിബന്ധനകൾ ലംഘിക്കപ്പെടുമെങ്കിൽ, രൊക്കം പണമായി സ്വീകരിക്കാൻ പാടില്ല.

1. കടം എടുക്കന്നതിന്റെയോ, നിക്ഷേപം സ്വീകരിക്കുന്നതിന്റെയോ, പരാമർശിക്കപ്പെട്ട തുക സ്വീകരിക്കുന്നതിന്റെയോ, അല്ലെങ്കിൽ ഇവ എല്ലാം കൂടി കൂട്ടിയുള്ള ആകെ തുക 20,000 രൂപയിൽ കൂടുതൽ ആണെങ്കിൽ;

2. മുകളിൽ പറഞ്ഞ തുകകൾ മുൻപ് സ്വീകരിച്ചിട്ടുള്ള ഒരാളിൽ നിന്നും വീണ്ടും സ്വീകരിക്കുകയാണെങ്കിൽ, അങ്ങിനെ വീണ്ടും സ്വീകരിക്കുന്ന സമയത്ത്, തിരികെ കൊടുക്കാനുള്ള തുകയും പുതിയതായി സ്വീകരിക്കുന്ന തുകയും കൂട്ടിയുള്ള ആകെ തുക 20,000 രൂപയിൽ കൂടുതൽ ആണെങ്കിൽ.

വകുപ്പ് 269T:

എടുത്ത കടം അല്ലെങ്കിൽ, സ്വീകരിച്ച നിക്ഷേപം, അല്ലെങ്കിൽ പരാമർശിക്കപ്പെട്ട തുക, രൊക്കം പണമായി തിരികെ കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഈ വകുപ്പിൽ പറയുന്നത്.

ഏതൊരാളും, ബാങ്കിങ് ചാനലിലൂടെ അല്ലാതെ മറ്റൊരാൾക്ക്, താഴെ പറയുന്ന നിബന്ധനകൾ ലംഘിക്കപ്പെടുമെങ്കിൽ, രൊക്കം പണമായി കൊടുക്കാൻ പാടില്ല.

1. കടം എടുത്ത തുക, അല്ലെങ്കിൽ സ്വീകരിച്ച നിക്ഷേപം, അല്ലെങ്കിൽ പരാമർശിക്കപ്പെട്ട തുക, അല്ലെങ്കിൽ ഇവ എല്ലാം കൂടെ, അതിൻ്റെ പലിശ ഉൾപ്പെടെ, കൊടുക്കുന്ന തുക 20,000 രൂപയിൽ കൂടുതൽ ആണെങ്കിൽ;

2. തിരികെ കൊടുക്കുന്ന തുക 20,000 രൂപക്ക് താഴെ ആണെങ്കിലും, മുകളിൽ പറഞ്ഞിരിക്കുന്ന തുകകൾ എല്ലാം കൂടെ കൂട്ടുമ്പോൾ തിരികെ കൊടുക്കാനുള്ളത് 20,000 രൂപയിൽ കൂടുതൽ ആണെങ്കിൽ.

വകുപ്പ് 269ST:

രൊക്കം പണമായി, മുകളിൽ പറഞ്ഞിരിക്കുന്ന ഇടപാടുകൾ ഒഴികെ, ഏതൊരു ഇടപാട് നടത്തുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഈ വകുപ്പിൽ പറയുന്നത്.

ഏതൊരാളും, ബാങ്കിങ് ചാനലിലൂടെ അല്ലാതെ മറ്റൊരാൾക്ക്, താഴെ പറയുന്ന നിബന്ധനകൾ ലംഘിക്കപ്പെടുമെങ്കിൽ, 2,00,000 രൂപയോ അതിൽ കൂടുതലോ രൊക്കം പണമായി കൊടുക്കാൻ പാടില്ല.

1. തുക ഒരൊറ്റ ദിവസമാണ് കൈമാറുന്നതെങ്കിൽ;

2. തുക പല ദിവസങ്ങളിൽ ആണ് കൈമാറുന്നതെങ്കിലും അത് ഏതെങ്കിലും ഒരൊറ്റ ഇടപാടിനെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിൽ;

3. തുക പല ദിവസങ്ങളിൽ ആണ് കൈമാറുന്നതെങ്കിലും, പല ഇടപാടിനെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും അത് ഏതെങ്കിലും ഒരൊറ്റ സംഭവത്തെയോ സാഹചര്യത്തെയോ അടിസ്ഥാനമാക്കിയുള്ളതാണെങ്കിൽ.

<<>><<>><<>><<>><<>><<>><<>><<>><<>><<>>

ഈ മൂന്ന് വകുപ്പുകൾ പ്രകാരവുമുള്ള നിയമ ലംഘനത്തിൻ്റെ പിഴ എന്ന് പറയുന്നത് എത്ര തുകയാണോ രൊക്കം പണമായി കൈമാറിയത് അതിന് തത്തുല്യമായ തുകയാണ്.

<<>><<>><<>><<>><<>><<>><<>><<>><<>><<>>

ഇതോടൊപ്പം തന്നെ മനസ്സിലാക്കിയിരിക്കേണ്ട മറ്റൊരു വകുപ്പാണ് 194N. ഈ വകുപ്പ് പ്രകാരം, ഏതൊരാളും ഒരു സാമ്പത്തിക വർഷം, ഒരു ബാങ്കിൽ നിന്ന്, ആ ബാങ്കിൽ ഉള്ള എല്ലാ അക്കൗണ്ടിൽ നിന്നും ആകെ ഒരു കോടി രൂപയിൽ കൂടുതൽ രൊക്കം പണമായി പിൻവലിച്ചാൽ, ഒരു കോടി രൂപക്ക് മുകളിലുള്ള തുകയുടെ 2% TDS ആയി ബാങ്ക് പിടിക്കും. എന്നിരുന്നാലും കഴിഞ്ഞ 3 വർഷങ്ങളിൽ ആദായ നികുതി റിട്ടേൺ സമർപ്പിക്കാത്ത ആളാണ് രൊക്കം പണം പിൻവലിക്കുന്നതെങ്കിൽ 20 ലക്ഷം രൂപക്ക് മുകളിൽ പിൻവലിക്കുന്ന തുകയുടെ 2%TDS ആയി പിടിക്കും. ഇത് ഒരു കോടി രൂപക്ക് മുകളിൽ എത്തിയാൽ, ഒരു കോടി രൂപക്ക് മുകളിൽ ഉള്ള തുകക്ക് 5% TDS പിടിക്കും.

കുറിപ്പ്: ആദായ നികുതി നിയമ പ്രകാരം, ആൾ എന്നുദ്ദേശിക്കുന്നത് വ്യക്തി മാത്രമല്ല. ആദായ നികുതി നിയമ പ്രകാരമുള്ള ഏതൊരു വ്യക്തിയോ പ്രസ്ഥാനമോ ആകാം.