വഖഫ് വിഷയത്തിൽ സംയമനം പാലിക്കണം

വഖഫ് വിഷയത്തിൽ സംയമനം പാലിക്കണം. ഭീതി പടർത്തുന്ന സന്ദേശങ്ങൾ അവഗണിക്കണം. സമുദായങ്ങൾ തമ്മിൽ അകൽച്ച ഉണ്ടാക്കാൻ ശ്രമിക്കുന്ന പ്രവണത തെറ്റാണ്. ഭൂമി പ്രശ്നങ്ങൾ നീതി യുക്തം പരിഹരിക്കാൻ ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന നമ്മുടെ രാജ്യത്ത് സാധ്യമാണ്. കോടതികൾക്ക് അധികാരമില്ല, ഭരണഘടനയ്ക്ക് അതീതം എന്നൊക്കെ ഉള്ള പ്രചരണങ്ങൾ തെറ്റും കളവും ദുഷ്ട  ലാക്കോടെ ഉള്ളതും ജനങ്ങളുടെ നിയമത്തിലുള്ള അജ്ഞതയെ മുതലെടുക്കുന്നതും നേതാക്കൾ എന്ന് നിലയിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസത്തെ ദുരുപയോഗം ചെയ്യുന്നതും ആണ്.  അരാഷ്ട്രീയ താൽപര്യത്തോടെ കേരളത്തിലെ ജനങ്ങൾക്ക് ഇടയിൽ വേർതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നവർ അത്തരം രീതികളിൽ നിന്ന് പിന്മാറണം.  കലാപം ഉണ്ടാക്കി, ഭരണഘടന അട്ടിമറിച്ച് ഭരണം പിടിക്കാൻ ശ്രമിക്കുന്ന ദുഷ്ട ശക്തികളെ കരുതിയിരിക്കുക.

വഖഫ് എന്നുള്ളത് ഒരു ഹിന്ദു അമ്പലത്തിലേക്ക് ഹിന്ദു വിശ്വാസികൾക്കായി ഭൂമി എഴുതി കൊടുത്ത് അത് ദേവസം ബോർഡ് പരിപാലിക്കുന്ന പോലെ, അല്ലെങ്കിൽ ഒരു കൃസ്ത്യാനി കൃസ്ത്യൻ പള്ളിക്ക് അല്ലെങ്കിൽ സഭയ്ക്ക് എഴുതി കൊടുക്കുന്ന രീതിക്ക് സമാനമായി മുസ്ലിം വിശ്വാസി ചെയ്യുന്ന പ്രവൃത്തിയാണ്. ഒരാൾക്ക് മറ്റൊരാളുടെ ഭൂമി തന്റെ ഇഷ്ടത്തിന് തന്റെ മക്കൾക്കോ, ദേവാലയത്തിനോ എഴുതി കൊടുക്കാൻ പറ്റില്ല എന്ന സാമാന്യ യുക്തി വഖഫ് ആയി എഴുതി കൊടുക്കുന്ന ഭൂമിക്കും ബാധകമാണ്. എവിടെയെങ്കിലും ആരെങ്കെലും തിരിമറി നടത്തിയെന്ന് കരുതി അവനവന്റെ സ്വകാര്യ സ്വത്തുക്കൾ അവനവന്റെ ഇഷ്ടത്തിനും നാട്ടിലെ നിയമങ്ങൾക്കും അനുസരിച്ച് കൈമാറ്റം ചെയ്യുന്നതിനെ ആർക്കും തടയാൻ പറ്റില്ല. അതുകൊണ്ടു തന്നെ ഇപ്പോൾ ബി.ജെ.പി. നേതാക്കൾ പറയുന്ന കാര്യങ്ങൾ യുക്തിക്ക് നിരക്കുന്നതല്ല. ഭൂമി കയ്യേറ്റങ്ങൾ, അത് വഖഫ് എന്ന് തെറ്റായി പറഞ്ഞ് പൊതു ഭൂമിയോ മറ്റാരുടെയോ ഭൂമി കയ്യേറിയിട്ടുണ്ട് എങ്കിൽ, അല്ലെങ്കൽ വഖഫ് ഭൂമിയെ മറ്റുള്ളവർ കയ്യേറിയിട്ടുണ്ട് എങ്കിൽ അത് കയ്യേറ്റമാണ്. എന്നാൽ കിടപ്പാടങ്ങൾ ഇതിൽ നിന്ന് വിഭിന്നമാണ്. കിടപ്പാടമായി ഭൂമിയിൽ വസിക്കുന്നവർക്ക് പ്രത്യേക പരിരക്ഷ ഇത്തരം സാഹചര്യത്തിലും നൽകി വരുന്നത് സമൂഹത്തിൻറെ നീതി ബോധത്തിൽ നിന്നും മനുഷ്യ അവകാശങ്ങളുടെ സംരക്ഷണത്തിനും വേണ്ടിയുമാണ്. ഇറ്റലിയിലെ ഒരു നഗരത്തിൽ വിശന്ന് വലഞ്ഞ് ഒരാൾ ഒരു കടയിൽ നിന്ന്  ബ്രെഡ്, പണം കൊടുക്കാതെ, അനുവാദം ഇല്ലാതെ എടുത്ത് കഴിച്ചപ്പോൾ അവനെ കളവ് കുറ്റം ചുമത്തി വിചാരണ ചെയ്തപ്പോൾ കോടതി അയാളെ വെറുതെ വിട്ടതിലെ യുക്തിയും നമ്മൾ മനസ്സിലാക്കണം. ഇത്തരം വിഷയങ്ങൾ സമാധാനപരമായി നീതിയുക്തം കൈകാര്യം ചെയ്യാൻ നമ്മുടെ സമൂഹത്തിനും നാടിനും നീതി ന്യായ വ്യവസ്ഥക്കും സാധിക്കും.

വ്യാപകമായി വഖഫ് ഭൂമി എന്ന പേരിൽ കേരളത്തിൽ കയ്യേറ്റങ്ങൾ ഉണ്ടെന്ന പ്രചരണം ബി.ജെ.പി. നടത്തുന്നത് തെറ്റാണ്. എന്നാൽ വ്യാപകമായി കേരളത്തിലെ പൊതു ഭൂമികൾ എല്ലാ വിഭാഗങ്ങളിലും പെട്ട വമ്പന്മാർ കയ്യേറിയിട്ടുണ്ട് എന്നത് ശരിയാണ്. ഭൂമി കയ്യേറ്റം നടത്തുകയും അതിന് കൂട്ട് നിൽക്കുകയും ചെയ്തവരെ രക്ഷിക്കാൻ സമൂഹത്തെ മുഴുവൻ നശിപ്പിക്കാനും ഇക്കൂട്ടർക്ക് മടിയില്ല.  വസ്തുതകൾ പരിശോധിക്കാതെ,  കേരളത്തിന്റെ പക്വത നഷ്ടപ്പെടുത്തുന്ന രീതിയിൽ ആരും പ്രവർത്തിക്കരുത് എന്ന് അപേക്ഷിക്കുന്നു.

ആശങ്കപ്പെടുന്ന കാര്യത്തെക്കുറിച്ച്, വ്യാജമായി പ്രചരിക്കപ്പെടുന്ന ചില വീഡിയോകൾ/പോസ്റ്റുകൾ  അല്ലാതെ, വഖഫ് നിയമപരമായി, ആ നിയമത്തിന്റെ ഏതെങ്കിലും ഭാഗങ്ങൾ ഉണ്ടെങ്കിൽ അത് പങ്കുവയ്ക്കുക. വികാരപരമായോ,  യുക്തി ബോധമില്ലാതെ ഒരു പ്രശ്നത്തെയും നാം അവലോകനം ചെയ്യുന്നത്, അത് വേറെ രീതിയിലേക്ക് പോകുന്നതിനു വേണ്ടി ആഗ്രഹിക്കുന്നവർക്ക്  പ്രയോജനം ചെയ്യുകയുള്ളൂ.

Dominic Simon
6238224240