വീടിന്റെ നിർമ്മാണം എങ്ങനെ പ്ലാൻ ചെയ്യാം

വീടിന്റെ നിർമ്മാണം എങ്ങനെ പ്ലാൻ ചെയ്യാം എന്നതിനെക്കുറിച്ചാണ് അവരുടെ ആശങ്ക.

സത്യത്തിൽ വീടിന്റെ പ്ലാനും വീടുപണിയുടെ പ്ലാനിങ്ങും തമ്മിൽ എന്താണ് വെത്യാസം...?

സമാനമായ പേരുകൾ ആണെങ്കിലും ഈ രണ്ടും തമ്മിൽ ആടും, ആടലോടകവും തമ്മിലുള്ള വ്യത്യാസമുണ്ട്.

വീടിന്റെ പ്ലാനിനെപ്പറ്റി ചിന്തിച്ചു തലപുണ്ണാക്കാറുള്ള നമ്മളിൽ മിക്കവാറും വീടുപണിയുടെ പ്ലാനിങ്ങിനെപ്പറ്റി ചിന്തിക്കാറേയില്ല, പലർക്കും അതേപ്പറ്റി അറിവുമില്ല.

പ്ലാൻ വരപ്പിക്കുക, നല്ലൊരു ത്രീഡി ഉണ്ടാക്കുക, പണി ഒരു കോൺട്രാക്‌ടറെ ഏൽപ്പിക്കുക, കുറ്റിയടിക്കാൻ ആശാരിയെ കൊണ്ടുവരിക , കാശ് ചെലവാക്കുക എന്നതിലപ്പുറം ഇതൊരു സീരിയസായ സംഗതിയായി ആരും പരിഗണിക്കാറില്ല, ഇതിൽ ഉൾപ്പെടുന്ന ആളുകളുടെ റോളിനെക്കുറിച്ചും വലിയ പിടി ഉണ്ടാവാറില്ല.

അതുകൊണ്ടുതന്നെ ഞാൻ അവരോട് ത്രിമൂർത്തികളെപ്പറ്റി പറഞ്ഞു.

ത്രിമൂർത്തികൾ എന്നാൽ ഹിന്ദു പുരാണത്തിലെ ത്രിമൂർത്തികൾ അല്ല, നിർമ്മാണപുരാണത്തിലെ ത്രിമൂർത്തികൾ.

ഈ ത്രിമൂർത്തികൾ ചേർന്നാണ് ഓരോ നിർമ്മാണവും നടത്തുന്നത്, നടത്തേണ്ടത്.

അതിപ്പോ, സർക്കാർ ധനസഹായത്തോടെ ചെയ്യുന്ന ഒരു കൊച്ചു വീടായാലും ശരി, എൻജിനീയറിങ് വിസ്മയമായ ബുർജ് ഖലീഫ ആയാലും ശരി.

വിശദമാക്കാം.

ഉടമസ്ഥൻ, കോൺട്രാക്ടർ, എൻജിനീയർ എന്നിവരാണ് നിർമ്മാണപുരാണത്തിലെ ഈ ത്രിമൂർത്തികൾ.

" അതെന്താ ചേട്ടാ ഉടമസ്ഥനും, കോൺട്രാക്ടറും മാത്രം ചേർന്ന് ഒരു വീട് വച്ചാല്..? " എന്നൊരു ചോദ്യം ഞാൻ പ്രതീക്ഷിക്കുന്നു.

" അനിയാ, നിൽ" . കാരണം അതിനു ഉത്തരം പറയും മുൻപ് ഈ ത്രിമൂർത്തികളിൽ ഓരോരുത്തരുടെയും ധർമ്മങ്ങളെക്കുറിച്ചു നാം അറിയണം.

നമുക്കറിയുന്നപോലെ ഒരു വീട് പണിയുമ്പോൾ അതിനു വേണ്ടുന്ന പണം മുടക്കുന്നതും, ആത്യന്തികമായി ആ വീട് ഉപയോഗിക്കുന്നതും ഈ ത്രിമൂർത്തികളിൽ ഒന്നാമനായി ഉടമസ്ഥനാണ്.

പലപ്പോഴും ലോൺ എടുത്തോ, ജീവിതത്തിന്റെ നല്ലൊരു ഭാഗം കൊണ്ട് സ്വരുക്കൂട്ടിയ പണം കൊണ്ടോ ആയിരിക്കും അയാൾ ഈ പണിക്കിറങ്ങുന്നത്.

അതുകൊണ്ടുതന്നെ ഏറ്റവും കുറഞ്ഞ ചെലവിൽ, ഏറ്റവും ഈടുനിൽപ്പുള്ള, ഏറ്റവും ഭംഗിയും സൗകര്യവും ഉള്ള ഒരു വീട് ആയിരിക്കും അയാളുടെ ആവശ്യം, സ്വപ്നം.

എന്നാൽ ഒരു കോൺട്രാക്ടറുടെ സ്വപ്നം എന്ന് പറയുന്നത് വേറെയാണ്.

ത്രിമൂർത്തികളിൽ രണ്ടാമനായ അദ്ദേഹം ചെയ്യുന്നത് ബിസിനസ്സാണ്. ബിസിനസ്സിന്റെ ആത്യന്തിക ലക്‌ഷ്യം തന്നെ ലാഭമാണ്.

അദ്ദേഹത്തിന് ധാർമ്മിക ബോധം ഉണ്ടോ, നല്ല മനസ്സുള്ള ആളാണോ എന്നതൊക്കെ രണ്ടാമത്തെ കാര്യമാണ്. ഉണ്ടായാൽ കൊള്ളാം എന്ന് മാത്രം.

മാത്രമല്ല, അദ്ദേഹത്തിന് എൻജിനീയറിങ് പരിജ്ഞാനം വേണം എന്ന് യാതൊരു നിർബ്ബന്ധവും ഇല്ല. അതുകൊണ്ടുതന്നെ സാങ്കേതികമായ ഒരു ഉത്തരവാദിത്വവും അദ്ദേഹത്തിനില്ല. അതുപോലെ പ്ലാനുകളിൽ ഉള്ള പ്രശ്നങ്ങൾ കാരണം ഉണ്ടാവുന്ന പ്രശ്നങ്ങൾക്കും പഴി കേൾക്കേണ്ട കാര്യം അദ്ദേഹത്തിനില്ല.

എൻജിനീയർ പറയുന്നപോലെ കാര്യങ്ങൾ സമയബന്ധിതമായി തീർക്കുക എന്നത് മാത്രമാണ് അദ്ദേഹത്തിൻറെ ഉത്തരവാദിത്വം.

സാങ്കേതിക പരിജ്ജ്ഞാനം ഇല്ലാത്ത ഒരാൾ തന്റെ പ്രവൃത്തിയിൽ ലാഭം ഉണ്ടാക്കാൻ ശ്രമിക്കുമ്പോൾ അത് പലപ്പോഴും അതീവ ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകും.

ഉദാഹരണത്തിന് ഒന്നോ രണ്ടോ കമ്പി അധികം ഇട്ടിട്ടുണ്ട് എന്ന ന്യായം പറഞ്ഞു ബീമിന്റെ ഡെപ്ത് കുറയ്ക്കാൻ ഒരു കോൺട്രാക്ടർ ശ്രമിച്ചാൽ ഉടമ ഒരുപക്ഷെ അതിൽ തലകുലുക്കിയേക്കാം, സന്തുഷ്ടൻ ആയേക്കാം.

" നീ പൊന്നപ്പനല്ല, തങ്കപ്പനാണ് " എന്നും ഉടമസ്ഥൻ കോൺട്രാക്ടറോട്‌ പറഞ്ഞേക്കാം.

പക്ഷെ ഒരു ബീമിന്റെ തിയറി അറിയുന്ന എൻജിനീയർക്കു അങ്ങനെ ചുമ്മാ തല കുലുക്കാൻ ആവില്ല. ഈ വിഷയത്തിന്റെ പ്രാധാന്യം ഉടമയെയും, കോൺട്രാക്ടറെയും പറഞ്ഞു ബോധ്യപ്പെടുത്തേണ്ട ചുമതല ത്രിമൂർത്തികളിൽ മൂന്നാമനായ എൻജിനീയരുടേതാണ്.

ഇനിയാണ് ചോദ്യം.

ജോലി ഏറ്റെടുക്കുന്ന കോൺട്രാക്ടറുടെ കൂടെ യോഗ്യതയും പ്രവർത്തന പരിചയവും ഉള്ള എൻജിനീയർമാർ ഉണ്ടെങ്കിലോ..?

ഒരു കാര്യവുമില്ല.

കാരണം അവർക്കു ശമ്പളം കൊടുക്കുന്നത് കോൺട്രാക്ടറാണ്, അതുകൊണ്ടുതന്നെ അന്നദാതാവായ കോൺട്രാക്ടറുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി നിന്ന് സ്വന്തം പണി കളയാൻ ഒരു എൻജിനീയറും തെയ്യാറാവില്ല. ഈ പറയുന്ന ഞാൻ പോലും അങ്ങനെ ഒരു സാഹസത്തിനൊരുങ്ങില്ല.

അതാണ് പറയുന്നത് നിങ്ങളുടെ പ്രവൃത്തികളുടെ സാങ്കേതിക കാര്യങ്ങൾ മോണിറ്റർ ചെയ്യാനായി കോൺട്രാക്ടറുമായി യാതൊരു ബന്ധവും ഇല്ലാത്ത, പ്രവൃത്തി പരിചയം ഉള്ള, പ്രൊഫഷണലായ വിഷയങ്ങളിൽ ഒരു ദാക്ഷിണ്യവും ഇല്ലാത്ത ഒരു എൻജിനീയർ വേണം.

ഇനി വേണമെങ്കിൽ ഫൈസിക്ക് ഒന്ന് തിരിച്ചു ചിന്തിക്കാം.

എൻജിനീയർക്കു കോൺട്രാക്ടറുടെ ഒരു ബന്ധവും ഇല്ലാതിരിക്കുന്നതാണ് നല്ലത് എന്ന് പറയുന്നപോലെ എൻജിനീയർ കൊണ്ടുവരുന്ന കോൺട്രാക്ടറെയും സൈറ്റിൽ കയറ്റാതിരിക്കുന്നതാണ് നല്ലത്.

കാരണം സാമാന്യവൽക്കരിച്ചു പറയുന്നില്ലെങ്കിലും സർക്കാർ നിർമ്മാണ പ്രവൃത്തികളിൽ കോൺട്രാക്ടറും എൻജിനീയർമാരും തമ്മിൽ പലയിടത്തും നിലവിലുള്ള " അന്തർധാര " ഇവിടെയും ഉണ്ട്.

പലപ്പോഴും പണം കൈപ്പറ്റിയാണ് പല എൻജിനീയർമാരും കോൺട്രാക്ടറെ ഉടമക്ക് പരിചയപ്പെടുത്തുന്നത് .

ഈ അന്തർധാര നിലനിൽക്കുന്നിടത്തോളം എൻജിനീയർ സൈറ്റിലെ കാര്യങ്ങളിൽ എത്രത്തോളം ശുഷ്ക്കാന്തി കാണിക്കുമെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാവും, ഒന്ന് ശ്രദ്ധിച്ചാൽ ഗോതമ്പോ, മൈദയോ കഴിക്കുന്നവർക്കും മനസ്സിലാവും.

ത്രിമൂർത്തികളെ പരിചയപ്പെട്ടു കഴിഞ്ഞ സ്ഥിതിക്ക് ഇനി നമുക്ക് ഈ വീട് പ്ലാനിങ്ങിന്റെ വിവിധ തലങ്ങളിലേക്ക് വരാം.

ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ ബജറ്റ് നിശ്ചയിക്കുക എന്നതാണ്. അത് പൂർണ്ണമായും നിങ്ങളും, നിങ്ങളുടെ വീട്ടുകാരും ചേർന്നെടുക്കേണ്ട വിഷയമാണ്.

എൻജിനീയറെയോ, കോൺട്രാക്ടറെയോ ഈ തീരുമാനത്തിന്റെ ഏഴയലത്ത് അടുപ്പിക്കരുത്. നാട്ടിലെ നിർമ്മാണത്തിന്റെ നിരക്ക് ചുമ്മാ ഒന്ന് അന്വേഷിക്കാം എന്ന് മാത്രം.

അതും ഒരാളോട് മാത്രം അന്വേഷിക്കരുത്. പലരോട്‌ അന്വേഷിക്കണം.

അത് കഴിഞ്ഞാൽ ഡിസൈൻ ഘട്ടം ആയി.

ഡിസൈനിന്റെ ആദ്യ ഘട്ടത്തിൽ തന്നെ സ്വന്തം ബജറ്റ് ഡിസൈനർക്കു മുന്നിൽ വെളിപ്പെടുത്തണം.

കാരണം ഡോക്ടറോടും, വക്കീലിനോടും മാത്രമല്ല, ആർക്കിടെക്ടിനോടും ഒന്നും ഒളിക്കരുത് എന്നാണു സുപ്രസിദ്ധ ജാപ്പാനീസ്‌ വാസ്തുവിദ്യാ വിദഗ്ദനായ പ്രൊഫ. അരിവെന്തോ അജിനാമോട്ടോ പറഞ്ഞിട്ടുള്ളത്.

കഴിവതും ഡിസൈൻ ചെയ്ത എൻജിനീയറെ അല്ലെങ്കിൽ ആർക്കിടെക്ടിനെ തന്നെ പണിയുടെ മേൽനോട്ടം ഏൽപ്പിക്കുന്നതാണ് ബുദ്ധി.

കാരണം അദ്ദേഹത്തോളം ആ പ്രോജക്ടിനെ മനസ്സിലാക്കിയ ഒരാളും ഉണ്ടാവില്ല എന്നതാണ് വാസ്തവം.

എന്നാൽ ചുമ്മാ പ്ലാനും ത്രീഡിയും വരച്ചു വെക്കുന്നതോടെ തീരുന്നതല്ല ഒരു എൻജിനീയറുടെ ഉത്തരവാദിത്വം.

നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ കോൺട്രാക്ടറുടെ ചെവിക്കു പിടിച്ചു കാര്യങ്ങൾ ശരിയായി നടത്തിക്കുക എന്നതും അദ്ദേഹത്തിൻറെ കടമയാണ്.

അതുപോലെ ഏതെല്ലാം ഘട്ടങ്ങളിൽ കോൺട്രാക്ടർക്കു എത്ര പണം നൽകണം എന്ന് ഉടമയെ ഉപദേശിക്കേണ്ടതും എൻജിനീയറാണ്.

കോൺട്രാക്ട് കണ്ടീഷനുകൾ വായിച്ചു നോക്കുക, അതിൽ അപാകതകൾ കണ്ടാൽ അക്കാര്യം ഉടമയെയും, കോൺട്രാക്ടറെയും അറിയിക്കുക, സൈറ്റിൽ ഉപയോഗിക്കാനുള്ള മെറ്റേറിയൽസ് പരിശോധിക്കുക ഒക്കെ എൻജിനീയറുടെ ബാധ്യതയാണ്.

ഇവിടെയെല്ലാം സ്വതന്ത്രമായ തീരുമാനങ്ങൾ ഉണ്ടാവുന്നതിനു വേണ്ടിയാണ് എൻജിനീയറുടെ ബന്ധമുള്ള കോൺട്രാക്ടറെയോ, കോൺട്രാക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന എൻജിനീയറെയോ ആശ്രയിക്കരുത് എന്ന് നുമ്മ നേരത്തെ പറഞ്ഞത്.

ഇക്കാര്യങ്ങളെല്ലാം ചർച്ച ചെയ്യാനായി നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ കോൺട്രാക്ടറെയും ക്ലയന്റിനെയും ഒരുമിച്ചിരുത്തി ഓരോ അവലോകന യോഗം വിളിച്ചു ചേർക്കുന്നതും ഈ സന്ദർഭങ്ങളിൽ ഓരോ കോഴി സൂപ്പ് കഴിക്കുന്നതും നല്ലതാണ്, മറ്റു പാനീയങ്ങൾ അനുവദനീയമല്ല.

അതായത്, ശരിയായ രീതിയിൽ സംവിധാനം ചെയ്യപ്പെട്ട ഒരു പ്രൊജക്ടിൽ കോൺട്രാക്ടർ അധികം പൈസ കൈപ്പറ്റി മുങ്ങിയിട്ടുണ്ടെങ്കിൽ അതിൽ എൻജിനീയറും കുറ്റവാളി ആണെന്നർത്ഥം.

അതുപോലെ ഉടമ അനാവശ്യ ആവശ്യങ്ങൾ പറഞ്ഞു കോണ്ട്രാക്റ്ററെ ബുദ്ധിമുട്ടിക്കുമ്പോൾ ചുവപ്പു കാർഡ് കാണിക്കാനും എൻജിനീയർ മടിക്കരുത്.

കാരണം, പണം മുടക്കുന്നത് ഉടമയാണ് എങ്കിലും ഈ സൃഷ്ടിയുടെ പിതാവ് താനാണെന്ന ബോധം എൻജിനീയർ ആയാലും ആർക്കിടെക്ട് ആയാലും അദ്ദേഹത്തിന് ഉണ്ടാവണം. സ്ത്രീകളായ എഞ്ചിനീയർമാർക്ക് മാതാവായും ചിന്തിക്കാം, ഒരു കുഴപ്പവുമില്ല. അതും പ്രൊഫ. അരിവെന്തോ  പറഞ്ഞിട്ടുണ്ട്.

പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു പറഞ്ഞ സുപ്രസിദ്ധമായ ഒരു ചൊല്ലൊട്‌ കൂടി ഞാനീ കത്തി അവസാനിപ്പിക്കാം.

" വെള്ളം വെള്ളം സർവ്വത്ര, തുള്ളി കുടിക്കാൻ ഇല്ലത്രേ "

എൻജിനീയർമാരെ തട്ടിമുട്ടി നടക്കാൻ പറ്റാത്ത ഒരു നാടാണിന്നു കേരളം.

എന്നിട്ടും ഒരു നമുക്കിടയിലെ വലിയൊരു ശതമാനം വീടുകളും പ്ലാൻ ചെയ്യപ്പെടുന്നത്, നിർമ്മിക്കപ്പെടുന്നത് തീർത്തും അശാസ്ത്രീയമായാണ്.

അതിന്റെ ദുരന്ത ഫലങ്ങൾ ആത്യന്തികമായി അനുഭവിക്കുന്നത് നിർമ്മാണപുരാണത്തിലെ ത്രിമൂർത്തികളിൽ ഒന്നാമനായ ഉടമ മാത്രമാണ്.

https://www.facebook.com/groups/461544581388378