ഹൈവേ വികസനം - സ്ഥലമെടുപ്പ്.

ഹൈവേ വികസനം - സ്ഥലമെടുപ്പ്.

ഇന്നു കണ്ട ഒരു ഫോട്ടോ എന്നെ വേദനിപ്പിച്ചു. ഏതോ ഹൈവേക്ക് വേണ്ടി സ്ഥലമെടുത്തതിൻ്റെ ബാക്കിപത്രമാണ്.

സ്ഥലമെടുപ്പ് നിയമങ്ങളെപ്പറ്റി സാധാരണ ജനങ്ങളുടെ അജ്ഞത വെളിവാക്കുന്ന ഒരു ചിത്രം.

പൊതുമരാമത്ത് വകുപ്പ് എൻജിനീയർ എന്ന നിലയിൽ പത്തു വർഷത്തോളം പ്രധാനപ്പെട്ട പല റോഡുകളുടെയും സ്ഥലമെടുപ്പിൻ്റെ ചുമതല വഹിക്കുന്ന സമയത്ത് സാധാരണ ജനങ്ങൾക്ക് അവരുടെ അവകാശങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ ശ്രമിച്ചിട്ടുണ്ട്.

നമ്മുടെ കെട്ടിടത്തിൻ്റെ  - അത് വീടായാലും, ബിസിനസ് സ്ഥാപനം ആയാലും, മൂന്നിൽ ഒരു  ഭാഗം ഇതുപോലെ സർക്കാരിന് ആവശ്യമായി വന്നാൽ ബാക്കി കെട്ടിടം കൂടി ഏടുക്കാനും അതിന് കൂടി നിയമപ്രകാരമുള്ള നഷ്ടപരിഹാരം നൽകാനും സര്ക്കാർ ബാധ്യസ്ഥരാണ്. ഒരു ബുദ്ധിമുട്ട്, പുതിയ കെട്ടിടം പണിയുമ്പോൾ നിയമം അനുസരിച്ച് റോഡ് ഏത് തരം ഹൈവേ ആണെന്നത് അനുസരിച്ച്, അതിർത്തിയിൽ നിന്ന് 3 മീറ്റർ/ 6 മീറ്റർ/ 8 മീറ്റർ പുറകോട്ട് മാറ്റിവെച്ച് മാത്രമേ പണിയാൻ സാധിക്കൂ എന്നതാണ്. പുറകോട്ട് സ്ഥലം കൈവശം ഇല്ലാത്ത കച്ചവടക്കാർ ഇതുപോലെ ബാക്കിവരുന്ന കെട്ടിടം നന്നാക്കി ഉപയോഗിക്കാൻ നിർബന്ധിതരാകാറുണ്ട്. പക്ഷേ മിക്ക ആളുകളും അജ്ഞത കൊണ്ട് ബാക്കി കെട്ടിടം കൂടി ഏടുക്കാൻ ആവശ്യപ്പെടാറില്ല. എന്നിട്ട് ഹൈവേ വികസനം പണി കഴിയുമ്പോൾ സ്വന്തം പണം മുടക്കി കെട്ടിടം പൊളിച്ചുകളഞ്ഞിട്ട് പുതിയത് നിർമ്മിക്കുന്ന കാഴ്ച സാധാരണമാണ്.

ഹൈവേ വികസനത്തിനായി അതിർത്തിക്കല്ലുകൾ സ്ഥാപിക്കുന്ന സമയത്ത് തന്നെ വിവരങ്ങൾ ചോദിച്ച് അറിഞ്ഞു നടപടികൾ കൈക്കൊണ്ടാൽ അനാവശ്യ ചെലവുകൾ ഒഴിവാക്കാൻ കഴിയും. വക്കീലിനെ കാണുന്നതിന് മുൻപ് എൻജിനീയറെ കാണുക. 

 - ജോയ് കള്ളിവയലിൽ.