വില്ല കോമ്പ്ലക്സുകളിൽ സോളാർ പാനൽ ഘടിപ്പിക്കാൻ ശ്രമിക്കുമ്പോൾ
സോളാർ പോസ്റ്റ് 4
എൻ്റെ വീട് ഒരു വില്ല കോംപ്ലക്സിലാണ്. സ്വന്തമായി ഒരു ട്രാൻസ്ഫോമറൊക്കെയുള്ള സഫലമാണ്. എല്ലാ വില്ലകളുടെയും ഇലക്ട്രിസിറ്റി മീറ്റർ ഞങ്ങൾ ക്ലബ് ഹൗസ് എന്ന് വിളിക്കുന്ന ഒരു കെട്ടിടത്തിലാണിരിക്കുന്നത്. അവിടെ നിന്ന് ഒരു അണ്ടർ ഗ്രൗണ്ട് കേബിൾ വഴിയാണ് വീട്ടിലേയ്ക്ക് വൈദ്യുതി വരുന്നത്. മീറ്റർ റീഡ് ചെയ്യാൻ വരുന്നയാൾ ക്ലബ് ഹൗസിലെത്തി മീറ്ററെല്ലാം ഒറ്റയടിക്ക് റീഡ് ചെയ്ത് ബില്ലുകളെല്ലാം വില്ല ജീവനക്കാരനെ ഏൽപ്പിച്ച് പോകും.
ഞാൻ സൗര പ്രോജക്റ്റിൽ രജിസ്റ്റർ ചെയ്ത് വീട്ടിൽ സർവേ ചെയ്യാൻ ടാറ്റ പവറിൻ്റെ ആള് വന്നപ്പോഴാണ് ഇതിൽ പ്രശ്നമുണ്ട് എന്ന് മനസ്സിലായത്.
കെ എസ് ഇ ബി ഘടിപ്പിക്കുന്ന നെറ്റ് മീറ്ററും ടാറ്റ പവർ സ്ഥാപിക്കുന്ന സോളാർ മീറ്ററും അടുത്തടുത്താവണം എന്നാണ് കെ എസ് ഇ ബി ടാറ്റ പവറിന് നൽകിയിരിക്കുന്ന നിർദ്ദേശം. അതിന് ഒന്നുകിൽ ക്ലബ് ഹൗസിൽ നിന്ന് മീറ്റർ എൻ്റെ വീട്ടിലേയ്ക്ക് മാറ്റണം. അല്ലെങ്കിൽ വീട്ടിൽ നിന്ന് മറ്റൊരു കേബിൾ വലിച്ച് സോളാർ മീറ്റർ ക്ലബ് ഹൗസിൽ കൊണ്ടുപോയി വയ്ക്കണം.
ഞാൻ ആദ്യ ഓപ്ഷൻ എടുക്കാമെന്ന് തീരുമാനിച്ചു. കെ എസ് ഇ ബി മീറ്റർ വീട്ടിലേയ്ക്ക് മാറ്റാൻ അപേക്ഷ കൊടുത്തു. തങ്ങൾക്ക് ബിൽഡർ നൽകിയിരിക്കുന്ന പ്ലാൻ ഇങ്ങനെയാണെന്നും തങ്ങൾ ഇതാണ് അപ്രൂവ് ചെയ്തിരിക്കുന്നതെന്നും ഇതിൽ നിന്ന് മാറണമെങ്കിൽ പുതിയ പ്ലാൻ സബ്മിറ്റ് ചെയ്ത് അംഗീകരിക്കണമെന്നും കെ എസ് ഇ ബി പറഞ്ഞു. ചുരുക്കത്തിൽ മീറ്റർ വീട്ടിലേയ്ക്ക് മാറ്റുന്നത് വലിയ ചടങ്ങായി മാറും.
ഇനി രണ്ടാമത്തെ ഓപ്ഷനാണ് മുന്നിലുള്ളത്! സോളാർ മീറ്റർ ക്ലബ് ഹൗസിലേയ്ക്ക് മാറ്റണമെങ്കിൽ ഞാൻ എൻ്റെ ചിലവിൽ പുതിയ അണ്ടർ ഗ്രൗണ്ട് കേബിൾ വലിക്കണം! വില്ല കോമ്പ്ലക്സിൽ കേബിൾ ഡക്റ്റിലൂടെയല്ല പോയിരിക്കുന്നത്. വെറുതേ കുഴിച്ചിട്ടിരിക്കുകയാണ്. അതിനോടൊപ്പം ഞാൻ പത്ത് മുന്നൂറ് മീറ്റർ കേബിൾ കുഴിച്ചിടീക്കണമെങ്കിൽ ലേബർ കോസ്റ്റ് ഉൾപ്പെടെ പത്തറുപതിനായിരം രൂപയാവും! മാത്രമല്ല, ക്ലബ് ഹൗസിൽ രണ്ട് മീറ്റർ (സോളാർ മീറ്ററും നെറ്റ് മീറ്ററും) വയ്ക്കാനുള്ള സ്ഥലവുമില്ല.
രണ്ട് പരിപാടിയും നടക്കില്ല. ഓൺ ഗ്രിഡ് സോളാർ പാനൽ പിടിപ്പിക്കുക എന്ന പദ്ധതി തന്നെ ഉപേക്ഷിക്കേണ്ടിവരും എന്ന സ്ഥിതി!
ഞാൻ നേരിട്ട് കെ എസ് ഇ ബിയിൽ ചെന്ന് അവിടുത്തെ സബ് എഞ്ചിനിയറുമായി സംസാരിച്ചു. എൻ്റെ ആവശ്യമെന്താണ് എന്ന് സബ് എഞ്ചിനിയർ അറിഞ്ഞത് അപ്പോഴാണ്! ഇതിൻ്റെ സൊല്യൂഷൻ ഇതൊന്നുമല്ല എന്ന് അദ്ദേഹമാണ് പറഞ്ഞുതന്നത്! ഇപ്പോൾ ഇലക്ട്രിസിറ്റി മീറ്റർ ഇരിക്കുന്ന സ്ഥലത്ത് തന്നെ ആ മീറ്റർ മാറ്റി നെറ്റ് മീറ്റർ പിടിപ്പിക്കാവുന്നതേ ഉള്ളൂ! നിലവിലുള്ള അണ്ടർഗ്രൗണ്ട് കേബിൾ തന്നെ ഉപയോഗിക്കാവുന്നതാണ്. അത് വീട്ടിലെത്തുന്ന പോയിൻ്റിൽ സോളാർ മീറ്ററും ഘടിപ്പിക്കാം. ചുരുക്കത്തിൽ രണ്ട് മീറ്ററും ഒരേ സ്ഥലത്തുതന്നെ ഘടിപ്പിക്കണം എന്നത് മാറ്റാനാവാത്ത ഒരു നിയമമൊന്നുമല്ല! ഫീസിബിളല്ലെങ്കിൽ ഇളവ് നൽകാവുന്ന ഒരു നിർദ്ദേശം മാത്രമാണത്!
ഇനി ഇത് ടാറ്റ പവറിനെ മനസ്സിലാക്കിക്കണം. ഞാൻ വീട്ടിൽ സർവേ ചെയ്യാൻ വന്ന ആളുടെ നമ്പറിൽ വിളിച്ച് സംസാരിച്ചു. പക്ഷേ വാക്കാലുള്ള അഷ്വറൻസിൻ്റെ പുറത്ത് അപ്രൂവൽ കൊടുക്കാൻ ആൾക്ക് ധൈര്യമില്ല. ഞാൻ ടാറ്റ പവറിൽ ഒരു പരാതി ഫോൺ വഴി രജിസ്റ്റർ ചെയ്തു. പരാതി എസ്കലേറ്റ് ചെയ്ത് അവരുടെ സംസ്ഥാന തലത്തിലുള്ള ഒരു ഉദ്യോഗസ്ഥനുമായി സംസാരിച്ചു. മീറ്റർ രണ്ട് സ്ഥലത്ത് സ്ഥാപിക്കാമെന്നും നിലവിലുള്ള അണ്ടർ ഗ്രൗണ്ട് കേബിൾ തന്നെ അതിന് ഉപയോഗിക്കാമെന്നും കെ എസ് ഇ ബിയിൽ നിന്ന് ഒരു ഇ മെയിൽ ലഭിക്കുകയാണെങ്കിൽ ടാറ്റ പവർ പണി ചെയ്തോളാം എന്ന് അയാൾ പറഞ്ഞു.
ഞാൻ വീണ്ടും സബ് എഞ്ചിനിയറെയും അസിസ്റ്റൻ്റ് എഞ്ചിനിയറെയും കോണ്ടാക്റ്റ് ചെയ്തു. ഒരു ബുദ്ധിമുട്ടും പറയാതെ അവർ മെയിൽ അയച്ചു (അന്നുതന്നെ).
ടാറ്റ പവർ കുറച്ച് ദിവസങ്ങൾക്കുള്ളിൽ സൈറ്റ് ഇൻസ്പെക്ഷൻ അപ്രൂവൽ തന്നു (ഒരു തവണ കൂടി ഇൻസ്പെക്ഷൻ നടത്തിയശേഷം). അങ്ങനെയാണ് സോളാർ പാനൽ വീട്ടിൽ ഘടിപ്പിച്ചത്.
വില്ല കോമ്പ്ലക്സുകളിൽ സോളാർ പാനൽ ഘടിപ്പിക്കാൻ ശ്രമിക്കുമ്പോൾ ഇത്തരം ഒരു പ്രശ്നം ഫേസ് ചെയ്യാൻ സാധ്യതയുണ്ട്. അപ്പ്രൂവ്ഡ് വെൻഡർമാർ (ടാറ്റ പവർ, കോണ്ടാസ് പോലെ) മീറ്റർ രണ്ട് സ്ഥലത്ത് ഘടിപ്പിക്കേണ്ട സാഹചര്യം വന്നാൽ ചിലപ്പോൾ പദ്ധതി ഫീസിബിളല്ല എന്ന് റിപ്പോർട്ട് ചെയ്യും! കെ എസ് ഇ ബിയ്ക്ക് മീറ്റർ രണ്ട് സ്ഥലത്ത് ഘടിപ്പിക്കുന്നതിൽ ഒരു പ്രശ്നവുമില്ല എന്നാണ് എനിക്ക് മനസ്സിലായത്.
എന്തായാലും കെ എസ് ഇ ബി ഇക്കാര്യത്തിൽ ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാൻ ശ്രമിച്ചില്ല! അഞ്ച് പൈസ കൈക്കൂലി കൊടുക്കേണ്ടി വന്നില്ല! തികച്ചും പ്രഫഷണലായ സമീപനമായിരുന്നു സബ് എഞ്ചിനിയറുടേതും അസിസ്റ്റൻ്റ് എഞ്ചിനിയറുടേതും!
ടാറ്റ പവറിൻ്റെ നിലപാടും അവരുടെ കുറ്റമായി പറയാൻ ഞാൻ തയ്യാറല്ല. പദ്ധതി നടപ്പാക്കാൻ ആരംഭിക്കുകയും കേബിളിൻ്റെ ചിലവ് ടാറ്റ പവർ വഹിക്കേണ്ട സാഹചര്യം ഉണ്ടായി വരികയും ചെയ്താൽ അവർക്ക് അത് വലിയ നഷ്ടമായിരിക്കും! ഒരു സ്വകാര്യ കമ്പനി എന്ന നിലയിൽ സ്വന്തം വശം സുരക്ഷിതമാക്കുകയാണ് ഇ മെയിൽ ആവശ്യപ്പെട്ടതിലൂടെ അവർ ചെയ്തത്!
എന്തായാലും എന്നെ ബുദ്ധിമുട്ടിക്കാതെ ഈ പ്രശ്നം കെ എസ് ഇ ബിയും ടാറ്റ പവറും പരിഹരിച്ചു!!! നന്ദി!
ചിത്രം. ഇൻവേർട്ടറും സോളാർ മീറ്ററും മറ്റും കാണാം. സാധാരണ ഇതോടൊപ്പമാണ് നെറ്റ് മീറ്റർ ഘടിപ്പിക്കുന്നത്. എൻ്റെ വീട്ടിൽ അങ്ങനെയല്ല.
#solar_ajay