വൈദ്യുതി തർക്ക പരിഹാര ഫോറം (CGRF)- വിധികളുടെ വിശകലനം-1, (മെയ് 2023)

വൈദ്യുതി തർക്ക പരിഹാര ഫോറം (CGRF)-  വിധികളുടെ വിശകലനം-1, (മെയ് 2023)

വൈദ്യുതി വിതരണ ലൈസൻസികളിൽ ( KSEB) നിന്ന് നമുക്ക് നേരെ നിയമ വിരുദ്ധമായ  നടപടികൾ ഉണ്ടാകുമ്പോൾ സമീപിക്കാൻ പറ്റുന്ന സംവിധാനങ്ങളാണ് വൈദ്യുതി തർക്ക പരിഹാര ഫോറങ്ങൾ(CGRF) , KSEB ൽ നിന്ന് തെറ്റായ അമിതമായ ബില്ല് ലഭിക്കുക, അപേക്ഷകളിൽ സമയബന്ധിതമായി സേവനങ്ങൾ നൽകാതിരിക്കുക, വോൾട്ടേജ് കുറവ്, വൈദ്യുതി മുടക്കം തുടങ്ങിയ പരാതികൾ പരിഹരിക്കാതിരിക്കുക തുടങ്ങിയ അനീതികൾ ക്ക് എതിരെ നമുക്ക് CGRF നെ സമീപിക്കാം .


കോഴിക്കോട് (വടക്കൻ ജില്ലകൾ).

കളമശ്ശേരി- എറണാകുളം(മധ്യ കേരളം)

കൊട്ടാരക്കര(തെക്കൻ ജില്ലകൾ)

 തുടങ്ങിയ സ്ഥലങ്ങളിൽ ആണ് CGRF ഉള്ളത്.  

CGRF ൽ പരാതി നൽകുന്നതിന് വക്കീലോ ഫീസോ ഒന്നും വേണ്ട. തപ്പാൽ വഴിയും ഇ-മെയിൽ ആയും പരാതി നൽകാവുന്നതാണ്. ഭൂരിഭാഗം ഉപഭോക്താക്കളും , ഇലക്ട്രീഷ്യൻ മാരും ഒന്നും ഈ സംവിധാനങ്ങളെ കുറിച്ച് അറിവുള്ളവരല്ല എന്നാണ് തോന്നുന്നത്.


 CGRF വിധികളെ കുറിച്ചും നിയമങ്ങളെ കുറിച്ചു ഇലക്ട്രിഷ്യൻ മാരുടെ ഇടയിൽ അവബോധം ഉണ്ടാക്കുക എന്നതാണ് ഈ പോസ്റ്റിന്റെ ലക്ഷ്യം .


കഴിഞ്ഞ മാസങ്ങളിൽ കോഴിക്കോട് CGRF വിധി പറഞ്ഞ 3 കേസുകളാണ് താഴെ പ്രതിപാദിക്കുന്നത് .


1. 16 KW കണക്ഷൻ നൽകാനായി 27 ലക്ഷം അടക്കാനുള്ള KSEB ഡിമാന്റ് റദ്ദ് ചെയ്ത CGRF വിധി

 16 kW ലോഡുള്ള ഒരു മൊബൈൽ ടവറിന് കണക്ഷൻ നൽകുന്നതിനായി 27 ലക്ഷം രൂപയുടെ ഡിമാന്റ് ആണ് കണ്ണൂർ ജില്ലയിലെ ഒരു സെക്ഷൻ ഓഫീസിൽ നിന്ന് അപേക്ഷകന് നൽകിയത് .

2.2 കിലോമീറ്റർ HT  ലൈനും ഒരു 100 kVA ട്രാൻസ്ഫോർമറും ,    LT  3ഫേസ് ലൈനും പ്രസ്തുത കണക്ഷനായി നിർമ്മിക്കാനുള്ള ചാർജാണ് 27 ലക്ഷം.

സപ്ളെ കോഡ്-2014, സെക്ഷൻ 37(1)  പ്രകാരം ഒരു കണക്ഷന്റെ ആവിശ്യത്തിനു മാത്രമുള്ള ലൈൻ നിർമ്മാണ ത്തിന്റെ ചിലവുകൾ അപേക്ഷകൻ വഹിക്കണം .

സെക്ഷൻ  35 പ്രകാരം പൊതു ആവിശ്യത്തിനും ലൈനുകളുടെ ശേഷി കൂട്ടുന്നതിനും ആയ നിർമ്മാണങ്ങൾ KSEB യുടെ ചിലവിലും നടത്തണം.

16 kW കണക്ഷന് ഇത്ര അധികം ഡിമാന്റ്  നീതീകരിക്കാൻ പറ്റില്ല എന്നത് കാരണം KSEB യുടെ 27 ലക്ഷത്തിന്റെ ഡിമാന്റ് നോട്ട് CGRF റദ്ദാക്കുകയും , കണക്ഷൻ നൽകാനാവശ്യമായ  LT ത്രീ ഫേസ് ലൈൻ നിർമ്മാണത്തിന്റെ ചിലവ് മാത്രം ഈടാക്കാൻ KSEB യോട് ആവിശ്യപ്പെടുകയും ചെയ്തു.

10 KW കണക്ഷന് പോലും 100 kVA ട്രാൻസ്ഫോർമർ ന്റെ ചിലവ് വഹിക്കാൻ പറഞ്ഞ സംഭവങ്ങൾ  ചില ഇടങ്ങളിൽ ഉണ്ടായിട്ടുണ്ട് . അത്തരം സന്ദർഭങ്ങളിൽ CGRF നെ സമീപിക്കലാണ് ഉചിതം.


2.പെട്രോൾ പമ്പിൽ ഗ്യാസ് സ്റ്റേഷന് പ്രത്യേക കണക്ഷൻ തരില്ല , എന്ന KSEB ഉദ്യോഗസ്ഥരുടെ തീരുമാനം റദ്ദാക്കി CGRF

കോഴിക്കോട് ജില്ലയിലെ ഒരു സെക്ഷൻ ഒഫീസിൽ  പെട്രോൾ പമ്പിൽ CNG സ്റ്റേഷൻ തുടങ്ങുന്നതിനായി പ്രത്യേക കണക്ഷനുള്ള അപേക്ഷ സമർപ്പിക്കുന്നു. എന്നാൽ ഒരേ പ്രെമിസസിൽ ഒരേ താരീഫിൽ രണ്ട് കണക്ഷൻ പാടില്ല എന്ന കാരണം പറഞ്ഞ് പുതിയ കണക്ഷൻ നൽകാൻ പറ്റില്ല എന്നും പെട്രോൾ പമ്പിന്റെ കണക്ഷന്റെ ലോഡ് വർട്ടിപ്പിക്കാവുന്നതാണ് എന്നും സെക്ഷൻ ഓഫീസിൽ നിന്നും അപേക്ഷകനെ അറിയിക്കുന്നു.   

എന്നാൽ പുതിയ കണക്ഷൻ ഗ്യാസ് വിതരണ കമ്പനിയുടെ പേരിൽ ആയതിനാൽ പ്രത്യേക കണക്ഷൻ ആവിശ്യമുണ്ട് എന്ന് പറഞ്ഞ് അപേക്ഷകൻ CGRF നെ സമീപിക്കുന്നു.

CGRF വിശദമായ വാദങ്ങൾ കേക്കുകയും , പ്രെമിസസ് കൃത്യമായി നിർവചിച്ച് അപേക്ഷ നൽകാനും , ബസ് ബാർ സ്ഥാപിച്ച്  അതിലേക്ക് പഴയ കണക്ഷൻ മാറ്റാനും ആ ബസ് ബാറിൽ നിന്ന് തന്നെ പുതിയ കണക്ഷൻ നൽകാനും KSEB സെക്ഷൻ ഓഫീസിന് നിർദേശം നൽകുന്നു.



3. മീറ്റർ കേടായ കാലയളവിലെ ഉപയോഗത്തിന് നൽകിയ അധിക ബില്ല്  റദ്ദാക്കി CGRF


മീറ്റർ കേടായ കാലയളവിൽ മുൻ ശരാശരി റീഡിംഗ് വച്ചാണ് KSEB ബില്ല് നൽകുന്നത് . ഈ ശരാശരി കുറഞ്ഞ് പോയി എന്ന് പറഞ്ഞ് KSEB പിന്നീട് അധിക ബില്ല് നൽകാറുണ്ട്.  പലപ്പോഴും KSEB ഓഡിറ്റർ മാരുടെ നിർദേശ പ്രകാരം ആണ് ഇങ്ങനെ ചെയ്യാറ്.  കോഴിക്കോട് ജില്ലയിലെ ഒരു സെക്ഷനിൽ നിന്ന്  ഇങ്ങനെ അധിക ബില്ല് നൽകുന്നു .

എന്നാൽ മീറ്റർ കേടായ കാലയളവിൽ ഉപയോഗിച്ചതിനനുസരിച്ച് കരണ്ട് ബില്ല് അടച്ചിട്ടുണ്ട് എന്നും , അധിക ബില്ല് നിയമ വിരുദ്ധമാണെന്നും കാണിച്ച് ഉപഭോക്താവ് CGRF നെ സമീപിച്ചു.

CGRF ബില്ല് റദ്ദ് ചെയ്തു.


KSEB ഓഡിറ്റർ മാരുടെ നിർദേശപ്രകാരം ധാരാളമായി  ഇത്തരം ബില്ലുകൾ നൽകാറുണ്ട് .
 CGRF ൽ പരാതി സമർപ്പിച്ചാൽ  ബില്ലുകൾ റദ്ദ് ചെയ്യാറുണ്ട് .

കോഴിക്കോട് CGRF ന്റെ മിക്ക വിധികളും സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ  മലയാളത്തിൽ തന്നെ ആണ്. മറ്റുള്ള CGRF കളും ഭാവിയിൽ അതേ രീതിയിൽ ആകും എന്ന് പ്രതീക്ഷിക്കുന്നു.

CGRF വിധികൾ എല്ലാം www.cgrf.kseb.in ൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്

----------------------------------------------
വൈദ്യുതി മോഷണം, അനധികൃത ഉപയോഗം ( വൈദ്യുതി നിയമം-2003, സെക്ഷൻ 126,135) തുടങ്ങിയ നടപടികൾ സംബന്ധിച്ച പരാതികൾ CGRF ൽ എടുക്കാറില്ല. അവ അപ്പലേറ്റ് അതോറിട്ടി- എറണാകുളം ആണ് പരിഗണിക്കാറ്.

നമ്മുടെ പറമ്പിൽ കൂടി അനുമതി ഇല്ലാതെ ലൈനുകൾ സ്ഥാപിച്ചാൽ അതു സംബന്ധിച്ച പരാതി നൽകേണ്ടത് അഡീഷണൽ ഡിസ്ട്രിക്ക് മജിസ്ട്രേറ്റിന് (ADM,) ആണ് .- ടെലിഗ്രാഫ് ആക്ട്1885