പാലം നിർമ്മാണത്തിൽ അനാസ്ഥ : കരാറുകാരനെതിരെ സ്വീകരിച്ച നടപടികൾ അറിയിക്കണം : മനുഷ്യാവകാശ കമ്മീഷൻ
മുഴാപാലം നിർമ്മാണത്തിൽ അനാസ്ഥ : കരാറുകാരനെതിരെ സ്വീകരിച്ച നടപടികൾ അറിയിക്കണം : മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട് : മാവൂർ, ചാത്തമംഗലം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുഴാപാലം പൊളിച്ച ശേഷം പുതിയ പാലം നിർമ്മിക്കുന്നത് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോയി കരാർ ലംഘനം നടത്തിയ കരാറുകാരനെതിരെ സ്വീകരിച്ച നടപടികൾ രണ്ടു മാസത്തിനകം അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പൊതുമരാമത്ത് പാലങ്ങൾ വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്. പഴയ പാലത്തിന്റെ അവശിഷ്ടങ്ങൾ കരാറുകാരൻ നിരുത്തരവാദപരമായി തോട്ടിൽ തള്ളിയതിനെതിരെ സ്വീകരിച്ച നടപടികളും അറിയിക്കണം. പാലം നിർമ്മാണത്തിന്റെ ഇപ്പോഴത്തെ അവസ്ഥയും അറിയിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
പാലം പൊളിച്ച് ഏഴുമാസം കഴിഞ്ഞിട്ടും പുതിയ പാലം നിർമ്മിക്കാത്തതിനെതിരെ കാരപറമ്പ് സ്വദേശി എ.സി. ഫ്രാൻസിസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
പൊതുമരാമത്ത് പാലങ്ങൾ വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയർ റിപ്പോർട്ട് സമർപ്പിച്ചു. എം. മുഹമ്മദ് ബഷീർ, മേനങ്ങോട് എന്ന കരാറുകാരനാണ് കരാർ ലംഘനം നടത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. 2020 ഒക്ടോബർ 28 നാണ് സൈറ്റ് കൈമാറിയത്. 15 മാസമാണ് പണി പൂർത്തിയാക്കാൻ അനുവദിച്ചത്. 2021 ജനുവരിയിൽ കരാറുകാരൻ പാലം പൊളിച്ച് അവശിഷ്ടങ്ങൾ പാലം നിന്നിരുന്ന സ്ഥലത്തെ തോട്ടിൽ നിക്ഷേപിച്ചു. പുതിയ പാലത്തിന്റെ നിർമ്മാണം തുടങ്ങിയതുമില്ല. ഇത് വഴി നാട്ടുകാർക്ക് ബുദ്ധിമുട്ട് നേരിട്ടു. തുടർന്ന് 2021 സെപ്റ്റംബർ 5 ന് തിരുവമ്പാടി പോലീസ് സ്റ്റേഷനിൽ കരാറുകാരനെതിരെ പരാതി നൽകി. ഇതിന് ശേഷം ഒക്ടോബറിൽ പാലത്തിന്റെ പൈലിംഗ് ജോലികൾ ആരംഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
പാലത്തിന്റെ നിർമ്മാണത്തിൽ ഗുരുതരമായ ക്രമക്കേടുകൾ നടത്തിയ കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്തി നഷ്ടപരിഹാരം ഈടാക്കാൻ സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് പരാതിക്കാരൻ കമമീഷനെ അറിയിച്ചു.
പബ്ലിക് റിലേഷൻസ് ഓഫീസർ
#KeralaStateHumanRightsCommission
Byjunath Kakkadath