പട്ടിക വിഭാഗത്തിലുള്ള പെൺകുട്ടിയുടെ ആത്മഹത്യ : പോലീസ് വീഴ്ച ഡി.വൈ.എസ്.പി. അന്വേഷിക്കണം – മനുഷ്യാവകാശ കമ്മീഷൻ

Kerala State Human Rights Commission

Thiruvananthapuram

13/03/23

8014/21

പട്ടിക വിഭാഗത്തിലുള്ള പെൺകുട്ടിയുടെ ആത്മഹത്യ : പോലീസ് വീഴ്ച ഡി.വൈ.എസ്.പി. അന്വേഷിക്കണം – മനുഷ്യാവകാശ കമ്മീഷൻ

കൽപ്പറ്റ : സമൂഹ മാധ്യമ പരിപാടിയായ ടിക്ക്ടോക്കിലൂടെ പരിചയപ്പെട്ടയാൾ വിവാഹ വാഗ്ദാനം നൽകി  വഞ്ചിച്ചതിനെ തുടർന്ന് വനവാസി വിഭാഗത്തിലുള്ള പെൺകുട്ടി ആത്മഹത്യ ചെയ്ത കേസിനെ കുറിച്ചുള്ള അന്വേഷണത്തിൽ പോലീസ് വരുത്തിയ വീഴ്ച ഡി.വൈ.എസ്.പി. റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

     പരാതിക്കാരൻ പട്ടിക വർഗ വിഭാഗക്കാരനാണെന്ന്മനസ്സിലാക്കിയിട്ടും കേസന്വേഷത്തിന് അർഹമായ പരിഗണന നൽകാതെ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.  സംസ്ഥാന പോലീസ് മേധാവിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.  സ്വീകരിച്ച നടപടികൾ മൂന്ന് മാസത്തിനകം അറിയിക്കണം.  

     മാനന്തവാടി കോൺവെന്റ് കുന്ന് കോളനിയിൽ പി.സി. സുരേഷ് സമർപ്പിച്ച പരാതിയിലാണ് നടപടി.  സുരേഷിന്റെ മകൾ ശ്രുതി 2020 ജുൺ 7 നാണ് ആത്മഹത്യ ചെയ്തത്.  ആത്മഹത്യക്ക് കാരണക്കാരനായ വ്യക്തിയെ രക്ഷിക്കാൻ പോലീസ് ശ്രമിച്ചുവെന്നാണ് പരാതി.ആരോപണം മാനന്തവാടി സ്റ്റേഷൻ ഹൗസ് ഓഫീസർ നിഷേധിച്ചു.  ശ്രുതിയും അജയ്ദേവും തമ്മിൽ ഫോൺ ബന്ധമാണ് ഉണ്ടായിരുന്നതെന്നും വിവാഹ വാഗ്ദാനത്തിൽ നിന്ന് അജയ്ദേവ് പിൻമാറിയതാണ് ആത്മഹത്യക്ക് കാരണമായതെന്നും  പറയുന്നു.  എന്നാൽ പ്രേരണകുറ്റം തെളിയിക്കാൻ കഴിഞ്ഞിട്ടില്ല.

     പരാതിയുടെ ഗൗരവം കണക്കിലെടുത്ത് കമ്മീഷന്റെ അന്വേഷണവിഭാഗം നേരിട്ട് അന്വേഷിച്ചു.  കൊട്ടാരക്കര സ്വദേശിയായ അജയ്ദേവും ശ്രുതിയും തമ്മിൽ കണ്ടിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. അജയ്ദേവിനെതിരെ ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

     പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിലുള്ള അതിക്രമങ്ങൾ അന്വേഷിക്കാൻ വേണ്ടി മാത്രം നിയോഗിക്കപ്പെട്ടുള്ള എസ്.എം.എസ്, ഡി. വൈ.എസ്.പി. കേസിന്റെ അന്വേഷണം നടത്തിയിട്ടില്ലെന്ന് അന്വേഷണ വിഭാഗം കണ്ടെത്തി.  ഇത് ഗുരുതര വീഴ്ചയാണെന്ന് അന്വേഷണ റിപ്പോർട്ടിലുണ്ടെന്ന് കമ്മീഷൻ വാർത്താ കുറിപ്പിൽ പറഞ്ഞു.

കൽപ്പറ്റ സിറ്റിംഗ് ഇന്ന്

     കൽപ്പറ്റ : മനുഷ്യാവകാശ കമ്മീഷൻ അംഗം കെ. ബൈജുനാഥ് ഇന്ന് (14/03/2023) രാവിലെ 10.30 ന് കൽപ്പറ്റ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിംഗ് നടത്തുമെന്ന് കമ്മീഷൻ അറിയിച്ചു.

 പബ്ലിക് റിലേഷൻസ് ഓഫീസർ

13/03/2023.

 #KeralaStateHumanRightsCommission 

Byjunath Kakkadath