വ്യാജ വാറ്റ് അറിയിച്ചതിന് ആക്രമണം : പോലീസ് നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ

KERALA STATE HUMAN RIGHTS COMMISSION

Thiruvananthapuram

HRMP NO : 5271/2020

വ്യാജ വാറ്റ് അറിയിച്ചതിന്  ആക്രമണം : 

പോലീസ് നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ

തൃശ്ശൂർ : വ്യാജവാറ്റ് നടക്കുന്ന വിവരം പോലീസിൽ അറിയിച്ചതിന്റെ വൈരാഗ്യത്തിൽ ചിലർ തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും വീടാക്രമിക്കുകയും ചെയ്യുന്നതായി അകത്തിയൂർ സ്വദേശി കുന്നംകുളം പോലീസിൽ നൽകിയ പരാതിയിൽ എഫ്. ഐ. ആർ.  രജിസ്റ്റർ ചെയ്യാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.

     ഇതേ വിഷയത്തിൽ കുന്നംകുളം പോലീസ് സ്റ്റേഷനിലുള്ള 1260/09 നമ്പർ കേസിന്റെ ഫൈനൽ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും കമ്മീഷൻ അംഗം വി. കെ. ബീനാകുമാരി ഉത്തരവിട്ടു.  ഇതു സംബന്ധിച്ച് കുന്നംകുളം സ്റ്റേഷൻ ഹൗസ്

 ഓഫീസർക്ക് ആവശ്യമായ നിർദ്ദേശം തൃശ്ശൂർ (സിറ്റി) ജില്ലാ പോലീസ് മേധാവി നൽകണമെന്നും ഉത്തരവിൽ പറയുന്നു.കുന്നംകുളം അകത്തിയൂർ കുട്ടിക്കുളങ്ങര വീട്ടിൽ ഉണ്ണി സമർപ്പിച്ച പരാതിയിലാണ് നടപടി.  1992 ൽ ചൊവ്വന്നൂർ മഞ്ചേരിയിൽ താമസിക്കുന്ന കാലത്താണ് ഭീഷണി തുടങ്ങിയത്.  പരാതിയിലുള്ള ആരോപണങ്ങൾ തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് ജില്ലാ പോലീസ് മേധാവി കമ്മീഷനെ അറിയിച്ചു.  

    തുടർന്ന് കമ്മീഷന്റെ അന്വേഷണ വിഭാഗം നേരിട്ട് അന്വേഷിച്ചു.  പരാതിക്കാരന്റെ വീട് 2009 ൽ ആക്രമിക്കപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥൻ കമ്മീഷനെ അറിയിച്ചു.  എന്നാൽ പ്രസ്തുത കേസ് റഫർ ചെയ്തു.  ഇതിനെതിരെ പരാതിക്കാരൻ കുന്നംകുളം കോടതിയിൽ പരാതി നൽകി.  ഇതിന്റെ ഫൈനൽ റിപ്പോർട്ട് നൽകാൻ കോടതി നിരന്തരം ആവശ്യപ്പെട്ടിട്ടും നൽകിയിട്ടില്ല.  2020 ജനുവരി 4 ന് കുന്നംകുളം എസ്. ഐ. കോടതിയിൽ ഹാജരായി  ഈ ഫയൽ കാണാനില്ലെന്ന് അറിയിച്ചതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.  2020 ജൂൺ 18 നും പരാതിക്കാരന്റെ വീടിന് നേരെ ആക്രമണമുണ്ടായി.  ഇതിനെതിരെ  പരാതി നൽകിയെങ്കിലും എഫ്. ഐ. ആർ. പോലും  രജിസ്റ്റർ ചെയ്തില്ല..  ഈ സാഹചര്യത്തിലാണ് കമ്മീഷൻ ഇടപെട്ടത്.

                           പബ്ലിക് റിലേഷൻസ് ഓഫീസർ

18/04/2023.