വസ്തു സംബന്ധമായ തർക്കങ്ങളിൽ പോലീസ് ഇടപെടരുത് : മനുഷ്യാവകാശ കമ്മീഷൻ
HRMP NO : 4811/2022,1937/2022,7310/2020
വസ്തു സംബന്ധമായ തർക്കങ്ങളിൽ പോലീസ് ഇടപെടരുത് : മനുഷ്യാവകാശ കമ്മീഷൻ
കാസർകോട് : വസ്തു സംബന്ധമായ തർക്കങ്ങൾ ഉണ്ടാകുമ്പോൾ കോടതി മുഖേന മാത്രം പരിഹാരം കാണണമെന്ന് പോലീസിനോട് മനുഷ്യാവകാശ കമ്മീഷൻ.
ബേഡകം പോലീസ് സർക്കിൾ ഇൻസ്പെക്ടർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്. ബന്തടുക്ക കുംബച്ചിമൂല വീട്ടിൽ നിർമ്മല പ്രഭാകരൻ സമർപ്പിച്ച പരാതി തീർപ്പാക്കികൊണ്ടാണ് ഉത്തരവ്. പരാതിക്കാരിയുടെ സ്ഥലത്ത് ചിലർ അതിക്രമിച്ചു കയറി വീടും ചുറ്റുമതിലും നിർമ്മിച്ച് വഴി തടസ്സപ്പെടുത്തിയെന്നാണ് പരാതി.
പരാതിക്കാരിയും എതിർകക്ഷികളും തമ്മിൽ 2003 മുതൽ സ്വത്ത് തർക്കം നിലനിൽക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കമ്മീഷനെ അറിയിച്ചു. തനിക്ക് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് പരാതിക്കാരി മുമ്പ് കേരള ഹൈക്കോടതിയെയും മനുഷ്യാവകാശ കമ്മീഷനെയും സമീപിച്ചിരുന്നു. പോലീസ് സംരക്ഷണം നൽകാൻ ഉത്തരവുമുണ്ടായി. എന്നാൽ സംരക്ഷണം നൽകിയില്ലെന്ന് മാത്രമല്ല എതിർകക്ഷികൾ തന്നെ നിരന്തരം ഉപദ്രവിക്കുകയാണെന്നും പരാതിക്കാരി കമ്മീഷനെ അറിയിച്ചു. തുടർന്ന് ബേഡകം പോലീസ് ഇൻസ്പെക്ടറെ കമ്മീഷൻ വിളിച്ചുവരുത്തി. പരാതിക്കാരിക്ക് പോലീസ് സംരക്ഷണം നൽകി വരുന്നതായി ഇൻസ്പെക്ടർ അറിയിച്ചു.
എതിർകക്ഷികളായ കുംബച്ചിമൂല വൃന്ദാവനത്തിൽ രാധ വി.പി., അംബരീഷ്, അനീഷ് എന്നിവർ പരാതിക്കാരിയെ ഉപദ്രവിക്കുകയോ മറ്റ് വിധത്തിൽ ബുദ്ധിമുട്ടിക്കുകയോ ചെയ്യുന്നില്ലെന്ന് ബേഡകം സ്റ്റേഷൻ ഹൗസ് ഓഫീസർ ഉറപ്പാക്കണമെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
പബ്ലിക് റിലേഷൻസ് ഓഫീസർ
23/05/2023.