റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ കരാർ കമ്പനി നഷ്ടപരിഹാരം നൽകണം : മനുഷ്യാവകാശ കമ്മീഷൻ

Kerala State Human Rights  commission

Thiruvananthapuram

 27/02/23

റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ കരാർ കമ്പനി നഷ്ടപരിഹാരം നൽകണം :  മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട് :  കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിലെ അവേലത്തിൽ   തകർന്ന റോഡിലെ കുഴിയിൽ വീണ സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ മരിച്ചയാളുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകാൻ റോഡ് നിർമ്മാണത്തിന് കരാറെടുത്ത കമ്പനിക്ക് നിർദ്ദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. 2021 ഡിസംബർ 20 ന് പുലർച്ചെയാണ്  അപകടമുണ്ടായത്.

     കണ്ണൂർ കെ. എസ്.ടി. പി. (കേരള  സ്റ്റേറ്റ് റോഡ് പ്രോജക്റ്റ് ) എക്സിക്യൂട്ടീവ്

എഞ്ചിനീയർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവ് നൽകിയത്.  സ്വീകരിച്ച നടപടികൾ 2 മാസത്തിനകം അറിയിക്കണം. 

 വടകര താഴെയങ്ങാടി പാണ്ടികശാല വളപ്പ് ലൈക് പള്ളിക്ക് സമീപം ചങ്ങോത്ത് മുഹമ്മദ് ഹനീഫാണ് മരിച്ചത്. കൊയിലാണ്ടി – താമരശ്ശേരി – മുക്കം – എരിഞ്ഞിമാവു റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ കണ്ണൂർ കെ.എസ്.ടി. പി ഡിവിഷനാണ് നടപ്പാക്കുന്നതെന്നും ശ്രീധന്യ കൺസ്ട്രക്ഷൻസ് എന്ന സ്ഥാപനമാണ് രണ്ടു വർഷത്തെ നിർമ്മാണ – മേൽനോട്ട കരാർ ഏറ്റെടുത്തതെന്നും കെ. എസ്. റ്റി. പി. ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ കമ്മീഷനെ അറിയിച്ചു.  പ്രവർത്തികളുടെ മേൽനോട്ടം എം. എസ്. വി. ഇന്റർനാഷണൽ ഐ. എൻ. സിയും ജെ. എസ്. വി. അസോസിയേറ്റ്സ് എഞ്ചിനീയേഴ്സ് ആന്റ് കൺസ്ട്രക്ഷൻസ് എന്നീ സ്ഥാപനങ്ങളെയാണ് ഏൽപ്പിച്ചിരിക്കുന്നത്.  ശക്തമായ മഴയിൽ റോഡിൽ കുഴികൾ ഉണ്ടാകാറുണ്ടെന്നും കരാറെടുത്ത കമ്പനിയാണ് കുഴികൾ അടയ്ക്കാറുള്ളതെന്നും റിപ്പോർട്ടിലുണ്ട്.  കരാർ എഗ്രിമെന്റ് പ്രകാരം റോഡ് പരിപാലിക്കുന്ന ഉത്തരവാദിത്തം കരാറുകാരനാണ്.  യഥാസമയം കുഴി നികത്തി സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കേണ്ടത് കരാറുകാരനാണെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ അപകടം ഉണ്ടായ ശേഷം മാത്രമാണ് കുഴി ക്വാറി വേസ്റ്റിട്ട് മൂടിയതെന്ന് പരാതിക്കാരനായ പൊതുപ്രവർത്തകൻ കാരപറമ്പ് സ്വദേശി എ.സി. ഫ്രാൻസിസ് കമ്മീഷനെ അറിയിച്ചു.  മരിച്ചയാളുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം കരാർ കമ്പനിയിൽ നിന്നോ ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്നോ വാങ്ങി നൽകണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു.

                                     പബ്ലിക് റിലേഷൻസ് ഓഫീസർ

#KeralaStateHumanRightsCommission 

Byjunath Kakkadath