തോടുകളും നീർച്ചാലുകളും അളന്ന് റിപ്പോർട്ട് നൽകണം : മനുഷ്യാവകാശ കമ്മീഷൻ

കൽപ്പറ്റ നഗരസഭാ പരിധിയിലെ തോടുകളും നീർച്ചാലുകളും അളന്ന് റിപ്പോർട്ട് നൽകണം : മനുഷ്യാവകാശ കമ്മീഷൻ  

കൽപ്പറ്റ :- കൽപ്പറ്റ നഗരസഭാ പരിധിയിലെ തോടുകളും നീർച്ചാലുകളും അളന്ന് തിട്ടപ്പെടുത്തിയത് സംബന്ധിച്ച റിപ്പോർട്ട് നഗരസഭാ സെക്രട്ടറി 3 മാസത്തിനുള്ളിൽ സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

          അനധികൃത കൈയേറ്റം നടന്നിട്ടുണ്ടെങ്കിൽ അത് ഒഴിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. 

          കൽപ്പറ്റ നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ റിയൽ എസ്റ്റേറ്റ് മാഫിയ തോട് കൈയേറി പാലം നിർമ്മിക്കുകയാണെന്നാരോപിച്ച് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

          കമ്മീഷൻ കൽപ്പറ്റ നഗരസഭാ സെക്രട്ടറിയിൽ നിന്നും റിപ്പോർട്ട് വാങ്ങി.  തോടുകൾക്കും നീർച്ചാലുകൾക്കും കുറുകെ പാലം നിർമ്മിക്കുന്നതിന് അപേക്ഷകൾ ലഭിക്കുമ്പോൾ തോടിന്റെ വീതി കുറയാതെയുള്ള പ്രവൃത്തികൾ ചെയ്യാൻ അനുമതി നൽകാറുണ്ടെന്ന് സെക്രട്ടറി അറിയിച്ചു.  തോടുകളും നീർച്ചാലുകളും പുറമ്പോക്കും കൈയേറി നിർമ്മാണ പ്രവൃത്തികൾ നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാൻ 2019 ഒക്ടോബർ 30 ന് നഗരസഭ തീരുമാനിച്ചിരുന്നു.  പുറമ്പോക്ക് അതിർത്തികളിൽ വേലി സ്ഥാപിക്കാനും തീരുമാനിച്ചു.  കോൺക്രീറ്റ് വേലിക്കല്ലുകൾ സ്ഥാപിക്കാനും തീരുമാനിച്ചു.  തോട് കൈയേറ്റം അറിയാൻ സർവേയർമാരുടെ സേവനം ആവശ്യപ്പെട്ട് താലൂക്ക് സർവേയർക്ക് 2021 ഒക്ടോബർ 12 ന് കത്ത് നൽകിയിരുന്നു.  ജീവനക്കാരുടെ കുറവ് കാരണം സർവേയർമാരെ ലഭിച്ചില്ല. 

          തുടർന്ന് നഗരസഭാ സെക്രട്ടറിയെ കമ്മീഷൻ വിളിച്ചു വരുത്തി. തോടും നീർച്ചാലും അളന്ന് തിട്ടപ്പെടുത്താൻ 2 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ചു.  ലാന്റ് റവന്യൂ,  സർവ്വേ വകുപ്പുകളിൽ നിന്നും സർവേയർമാരെ കിട്ടാത്ത സാഹചര്യത്തിൽ സ്വകാര്യ സർവേയർമാരുടെ സേവനം പ്രയോജനപ്പെടുത്തി തോട് പുറമ്പോക്കുകൾ അളന്ന് തിട്ടപ്പെടുത്താനും അനധികൃത കൈയേറ്റം ഒഴിപ്പിക്കാനും നടപടികൾ സ്വീകരിക്കുമെന്ന് സെക്രട്ടറി പറഞ്ഞു.  ജെ റ്റി യു സി ജില്ലാ പ്രസിഡന്റ് കെ. അസീസ് സമർപ്പിച്ച പരാതിയിലാണ് നടപടി.