പക്ഷിക്കൂടും സെപ്റ്റിക് ടാങ്കും
Kerala State Human Rights commission
Thiruvananthapuram
17/O2/2023
HRMP NO : 4995/2020
ദുർഗന്ധം വമിക്കുന്ന പക്ഷിക്കൂടും സെപ്റ്റിക് ടാങ്കും ഒരു മാസത്തിനകം മാറ്റണം : മനുഷ്യാവകാശ കമ്മീഷൻ
ആലപ്പുഴ: ദുർഗന്ധം വമിക്കുന്ന സെപ്റ്റിക് ടാങ്കും പക്ഷിക്കൂടും മാറ്റി സ്ഥാപിക്കണമെന്ന നഗരസഭാ സെക്രട്ടറിയുടെ കത്തിൽ 2 വർഷമായി ഉടമ മൗനം തുടരുന്ന സാഹചര്യത്തിൽ സെപ്റ്റിക് ടാങ്കും പക്ഷിക്കൂടും ഒരു മാസത്തിനകം മാറ്റി സ്ഥാപിക്കാൻ നിയമാനുസൃതം നടപടി സ്വീകരിക്കണമെന്ന് നഗരസഭയോട് മനുഷ്യാവകാശ കമ്മീഷൻ.
ജില്ലാ കോടതി വാർഡിൽ കോമളാ റോഡിലുള്ള നവാസ് ഇസ്മായിൽ എന്നയാളുടെ വീട്ടിലെ സെപ്റ്റിക് ടാങ്കും പക്ഷിക്കൂടുകളും മാറ്റാനാണ് കമ്മീഷൻ അംഗം വി. കെ. ബീനാകുമാരി ആലപ്പുഴ നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്. സെപ്റ്റിക് ടാങ്കും പക്ഷിക്കൂടുകളും കാരണമുള്ള അസഹനീയമായ ദുർഗന്ധത്തിനെതിരെ ആലപ്പുഴ കോമളാ റോഡ് ഇലാഹി ബെയ്ത്തു വീട്ടിൽ 74 വയസ്സുള്ള ബീമാ ഇസ്മായിൽ സമർപ്പിച്ച പരാതിയിലാണ് നടപടി.
നഗരസഭാ സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരിയുടെയും എതിർകക്ഷിയുടെയും വീടുകൾ തമ്മിൽ 2 മീറ്റർ മാത്രമാണ് അകലമെന്നും പക്ഷിക്കൂടുകൾ മാറ്റാൻ രണ്ടു തവണ നോട്ടീസ് നൽകിയിട്ടും ഉടമസ്ഥൻ തയ്യാറായില്ലെന്നും നഗരസഭയുടെ റിപ്പോർട്ടിൽ പറയുന്നു. സെപ്റ്റിക് ടാങ്ക് സ്ഥാപിച്ചിരുന്നത് പരാതിക്കാരിയുടെ വീടിന് തൊട്ടടുത്താണെന്നും തുടർനടപടി ആവശ്യമാണെന്നും മലിനീകരണ നിയന്ത്രണ ബോർഡ് 2020 ജൂൺ 15 ന് നഗരസഭാ സെക്രട്ടറിയെ അറിയിച്ചിരുന്നു.
പരാതിയും പരിശോധനാ റിപ്പോർട്ടും ലഭിച്ച് രണ്ട് വർഷം കഴിഞ്ഞിട്ടും നഗരസഭാ സെക്രട്ടറി നടപടിയെടുക്കാത്തത് മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷൻ കണ്ടെത്തി.
പക്ഷിക്കൂടും സെപ്റ്റിക് ടാങ്കും മാറ്റി സ്ഥാപിക്കാൻ 2020 ഒക്ടോബർ 16 നും 2022 മേയ് 20 നുമാണ് നഗരസഭാ സെക്രട്ടറി കെട്ടിടം ഉടമയ്ക്ക് നോട്ടീസ് നൽകിയത്.
പബ്ലിക് റിലേഷൻസ് ഓഫീസർ
#KeralaStateHumanRightsCommission