ഉടമ ടാങ്ക് വൃത്തിയാക്കിയില്ലെങ്കിൽ വൃത്തിയാക്കാൻ പഞ്ചായത്ത് നടപടിയെടുക്കണം: മനുഷ്യാവകാശ കമ്മീഷൻ
ഉടമ ടാങ്ക് വൃത്തിയാക്കിയില്ലെങ്കിൽ
വൃത്തിയാക്കാൻ പഞ്ചായത്ത് നടപടിയെടുക്കണം:
മനുഷ്യാവകാശ കമ്മീഷൻ
തൃശൂർ: അയൽവാസിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സെപ്റ്റിക് ടാങ്ക് വൃത്തിയാക്കി ചോർച്ചയടക്കാൻ ഉടമ തയ്യാറായില്ലെങ്കിൽ ടാങ്ക് വൃത്തിയാക്കാൻ വലപ്പാട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
സ്വീകരിച്ച നടപടികൾ ഒരു മാസത്തിനകം അറിയിക്കണമെന്നും കമ്മീഷൻ അംഗം വി.കെ.ബീനാകുമാരി ത്യശൂർ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർക്ക് നിർദ്ദേശം നൽകി. ഡപ്യൂട്ടി ഡയറക്ടർ വലപ്പാട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകണം.
വലപ്പാട് കോതകുളം ഹാപ്പി ഹോംസിൽ താമസിക്കുന്ന അവിവാഹിതയും പരസഹായമില്ലാതെ പുറത്തിറങ്ങാൻ കഴിയാത്തയാളുമായ യുവതി സമർപ്പിച്ച പരാതിയിലാണ് നടപടി.ഇവരുടെ മാതാപിതാക്കൾ കിടപ്പിലാണ്.
ഇവരുടെ വീടിൻ്റെ അടുക്കള ഭാഗത്താണ് അയൽവാസിയായ റഫീക്കിൻ്റെ സെപ്റ്റിക് ടാങ്കുള്ളത്. ടാങ്ക് പൊട്ടി അസഹ്യമായ ദുർഗന്ധം വ്യാപിക്കുന്നു. ദുർഗന്ധം കാരണം ഭക്ഷണം കഴിക്കാൻ പോലുമാവുന്നില്ലെന്ന് പരാതിക്കാരി പറഞ്ഞു.
തൃശൂർ ജില്ലാ പോലീസ് മേധാവി തയ്യാറാക്കിയ റിപ്പോർട്ട് തൃശൂർ ജില്ലാ കളക്ടർ കമ്മീഷനിൽ സമർപ്പിച്ചു. ടാങ്കിലെ ചോർച്ച അടച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പരാതിക്കാരിയെ വ്യക്തിഹത്യ നടത്തിയാൽ അയൽവാസിക്കെതിരെ പരാതി നൽകാൻ പഞ്ചായത്ത് ഡപ്യൂട്ടി .ഡയറക്ടർ പരാതിക്കാരിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ പ്രശ്നം പരിഹരിച്ചിട്ടില്ലെന്ന് പരാതിക്കാരി അറിയിച്ചു.
പി.ആർ.ഒ.
5/6/2023
1219/22
#KeralaStateHumanRightsCommission