ഗ്രാമസഭയുടെ തീരുമാനം റദ്ദാക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് അധികാരമില്ല : മനുഷ്യാവകാശ കമ്മീഷൻ
KERALA STATE HUMAN RIGHTS COMMISSION
e-mail : hrckeralatvm@gmail.com, Phone No. 0471-2307263.
HRMP No : 7652/2022
ഗ്രാമസഭയുടെ തീരുമാനം റദ്ദാക്കാൻ
പഞ്ചായത്ത് സെക്രട്ടറിക്ക് അധികാരമില്ല :
മനുഷ്യാവകാശ കമ്മീഷൻ
കൊല്ലം : 1994 - ലെ കേരള പഞ്ചായത്ത് രാജ് നിയമപ്രകാരം വിവിധ ക്ഷേമ പദ്ധതികൾക്കുള്ള ഗുണഭോക്താക്കളെ അന്തിമമായി തെരഞ്ഞെടുക്കാനുള്ള ചുമതല ഗ്രാമസഭകൾക്കാണെന്നും ഗ്രാമസഭ പാസാക്കിയ ഒരു വിഷയം റദ്ദ് ചെയ്യാനുള്ള അധികാരം നിർവഹണ ഉദ്യോഗസ്ഥനായ പഞ്ചായത്ത് സെക്രട്ടറിക്കില്ലെന്നും മനുഷ്യാവകാശ കമ്മീഷൻ.
ഗ്രാമസഭ ശുപാർശ ചെയ്തിട്ടും ലൈഫ് ഭവന പദ്ധതി പ്രകാരം വീട് നിഷേധിച്ചുവെന്ന പരാതിയിലാണ് കമ്മീഷൻ അംഗം വി. കെ. ബീനാകുമാരിയുടെ ഉത്തരവ്. ചടയമംഗലം പോരേടം മൂലങ്കോട് ഇടക്കാട്ട് വീട്ടിൽ പൊന്നമ്മയ്ക്കാണ് വീട് നിഷേധിച്ചത്.
പരാതിക്കാരിക്ക് ഇരുപത്തിയഞ്ചു സെന്റിൽ കൂടുതൽ ഭൂമിയുണ്ട് എന്ന കാരണത്താലാണ് ലൈഫ് പദ്ധതിയിൽ നിന്നും ഒഴിവാക്കപ്പെട്ടതെന്ന് ചടയമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. എന്നാൽ കഴിഞ്ഞ വർഷം ഓഗസ്റ്റ് ഏഴിന് ചേർന്ന മൂലങ്കോട് വാർഡ് സഭ തന്നെ വീട് ലഭിക്കേണ്ടവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയെന്നും തന്റെ പേരിൽ പതിനഞ്ചു സെന്റ് സ്ഥലം മാത്രമാണുള്ളതെന്നും പരാതിക്കാരി അറിയിച്ചു.
പരാതിയിൽ കഴമ്പുണ്ടെന്ന് കമ്മീഷൻ ഉത്തരവിൽ നിരീക്ഷിച്ചു. പരാതിയിൽ അടിയന്തിര അന്വേഷണം നടത്തി യുക്തമായ ഉത്തരവ് രണ്ടാഴ്ചയ്ക്കുള്ളിൽ പരാതിക്കാരിക്ക് നൽകണമെന്ന് കമ്മീഷൻ കൊല്ലം ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദ്ദേശം നൽകി.
പബ്ലിക് റിലേഷൻ ഓഫീസർ
25/08/2023.
#KeralaStateHumanRightsCommission