പുറമ്പോക്ക് കൈയ്യേറ്റം ഒഴിപ്പിക്കണം : മനുഷ്യാവകാശ കമ്മീഷൻ

KERALA STATE HUMAN RIGHTS COMMISSION
e-mail : prohumanrightskerala@gmail.com, Phone No. 0471-2307490
HRMP NO : 8065/2022
മുള്ളൂർക്കരയിലെ പുറമ്പോക്ക് കൈയ്യേറ്റം ഒഴിപ്പിക്കണം : മനുഷ്യാവകാശ കമ്മീഷൻ
തൃശ്ശൂർ : മുള്ളൂർക്കര വില്ലേജിൽ തോട് പുറമ്പോക്കിലും റോഡ് പുറമ്പോക്കിലുമുള്ള കൈയ്യേറ്റങ്ങൾ അടിയന്തരമായി ഒഴിപ്പിക്കാൻ നിയമാനുസൃതമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
     വടക്കാഞ്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും വടക്കാഞ്ചേരി പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്കുമാണ് കമ്മീഷൻ അംഗം വി. കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്.
     തൃശ്ശൂർ ആർ.ഡി.ഒ. യിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി.  പ്രാഥമിക പരിശോധനയിൽ കൈയ്യേറ്റം കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.  കൈയ്യേറ്റം അളന്ന് തിട്ടപ്പെടുത്താൻ താലൂക്ക് സർവ്വേയർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.  തോട് പുറമ്പോക്കുമായി ബന്ധപ്പെട്ട പരാതിയിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും റോഡ് പുറമ്പോക്ക് കണ്ടെത്തി നടപടിയെടുക്കാൻ പൊതുമരാമത്ത് വകുപ്പിനും നിർദ്ദേശം നൽകിയിട്ടുണ്ട്.  പുറമ്പോക്ക് ഒഴിപ്പിക്കുന്ന കാര്യത്തിൽ ഉദ്ദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും കാലതാമസം ഉണ്ടാകരുതെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.  ആറ്റൂർ അല്ലന്നൂർ ഹൗസിൽ മുഹമ്മദ് സമർപ്പിച്ച പരാതിയിലാണ് നടപടി.  
 പബ്ലിക് റിലേഷൻസ് ഓഫീസർ
13/06/2023.