പുരപ്പുറ സോളാർ
പുതുവർഷമായി സോളാറിൽ തന്നെ തുടങ്ങാം അല്ലേ? പുരപ്പുറ സോളാർ പ്ലാന്റ് ഇൻസ്റ്റാൾ ചെയ്ത് കിട്ടിയിട്ടും ഉപയോഗിക്കാൻ തുടങ്ങിയിട്ടൂം ആറു മാസങ്ങൾ കഴിഞ്ഞു. കൃത്യമായി പറഞ്ഞാൽ 2021 മെയ് 17 നാണ് പ്ലാന്റ് ചാർജ് ചെയ്യപ്പെട്ടത്. സോളാർ വയ്ക്കണോ വേണ്ടയോ , ഗുണമുണ്ടാകുമോ ലാഭമുണ്ടാകുമോ, എത്രകാലം കൊണ്ട് മുടക്കുമുതൽ തിരിച്ച് കിട്ടും എന്നൊന്നും ഈ അവസരത്തിൽ ചർച്ചിക്കുന്നില്ല. അതെല്ലാം ഇതിനു മുൻപേ വളരെ വിശദമായി എഴുതിയിട്ടുണ്ട് (അത്തരത്തിലുള്ള ഒരു പോസ്റ്റ് )https://www.facebook.com/sujithkrk/posts/pfbid0ZFByH4gBAyvivSbbG6Z84LTZjZMWhhv3FowYEKwyzXZxnSUp9c9zFcacGJhXQJX5l) എങ്കിലും ഞാൻ എന്തുകൊണ്ട് സോളാർ ഇൻസ്റ്റാൾ ചെയ്തു എന്ന് ചുരുക്കം ചില വരികളിൽ എഴുതാം.
LED ലൈറ്റുകൾ, BLDC ഫാനുകൾ, മോഷൻ സെൻസിറ്റീവ് സെക്യൂരിറ്റി ലൈറ്റുകൾ, വല്ലപ്പോഴും ഉപയോഗിക്കുന്ന 5 star റേറ്റിംഗ് ഉള്ള എയർ കണ്ടീഷനർ, റഫ്രിജറേറ്റർ തുടങ്ങിയവയെല്ലാം മൂലം രണ്ട് മാസങ്ങളിലെ വൈദ്യുത ബിൽ 1200 രൂപയിൽ കൂടുതൽ ഉണ്ടായിരുന്നില്ല. ആ സാഹചര്യത്തിൽ സോളാർ പ്ലാന്റ് വയ്ക്കുന്നതിൽ വലിയ കാര്യമൊന്നും ഉണ്ടാകില്ലെന്നും ഉറപ്പായിട്ടും 1,30,000 ൽ അധികം ചെലവാക്കി 3 കിലോ വാട്സ് സോളാർ പ്ലാന്റ് വച്ചതിനു രണ്ട് കാരണങ്ങൾ ആണുള്ളത്. ഒന്ന് പുരപ്പുറ സോളാർ പദ്ധതി തുടങ്ങിയ കാലത്ത് കെ എസ് ഇ ബി സബ്സിഡി നിരക്കിൽ ഉറപ്പ് പറഞ്ഞ തുക വളരെ ആകർഷകമായി തോന്നി. അതായത് 3 കിലോവാട്സിനു സബ്ദിഡി കഴിഞ്ഞ് 90,000 രൂപയിൽ താഴെ മാത്രമായിരുന്നു. പക്ഷേ അതിൽ നിന്ന് കെ എസ് ഇബി ഏകപക്ഷീയമായി പിന്നോട്ട് പോവുകയും രജിസ്റ്റർ ചെയ്ത് വർഷങ്ങൾ കാത്തിരുന്നവരെ മനോഹരമായി പറ്റിച്ചുകൊണ്ട് ഫേസ് ടു വിലേക്ക് തള്ളിവിട്ട് അധികം തുക മുടക്കാൻ നിർബന്ധിതരാക്കുകയാണുണ്ടായത്. അതിലും ആദ്യം രജിസ്റ്റർ ചെയ്തവർക്ക് ആദ്യം ഇൻസ്റ്റാൾ ചെയ്തുകൊടുക്കുക എന്ന സാമാന്യ നീതി പോലും കണക്കിലെടുക്കാതെ ആദ്യം രജിസ്റ്റർ ചെയ്തവരെ നോക്കുകുത്തികൾ ആക്കിക്കൊണ്ട് പുതിയതായി രജിസ്റ്റർ ചെയ്തവർക്ക് ആദ്യം ഇൻസ്റ്റാൾ ചെയ്തു കൊടുത്തു. ഇതിന്റെ കഥകളെല്ലാം മുൻപേ പല പ്രാവശ്യം എഴുതിയിട്ടുള്ളതിനാൽ ആവർത്തിക്കുന്നില്ല. അപ്പോഴേക്കും ഇതൊരു അഭിമാന പ്രശ്നം ആയി തീർന്നിരുന്നു. എങ്ങിനെ എങ്കിലും ഇൻസ്റ്റാൾ ചെയ്ത് കിട്ടിയേ തീരൂ എന്ന വാശിയിൽ ആണ് ഇതിന്റെ പിറകേ പോയത്.
കറന്റ് ബില്ല് കൂടുമോ എന്ന് പേടിയില്ലാതെ ഗാർഹികോപകരണങ്ങൾ ഉപയോഗിക്കുകയും പുതിയ ഉപകരണങ്ങൾ വാങ്ങുകയും ചെയ്യുക. അതായിരുന്നു അടിസ്ഥാനപരമായ ലക്ഷ്യം.
സെക്കന്റ് ഫേസിൽ എത്തിയതോടെ മാർജിൻ കൂടിയപ്പോൾ ധാരാളം വെൻഡേഴ്സ് എത്തുകയുണ്ടായി. അതിൽ നിന്ന് ഒരു വെൻഡറെ സെലക്റ്റ് ചെയ്യുക എന്നത് വിഷമകരമായി തോന്നി. ഫസ്റ്റ് ഫേസിൽ തന്നെ സെലക്റ്റ് ചെയ്ത കോയമ്പത്തൂർ കമ്പനിയായ കൊണ്ടാസ് അനേകം ശ്രമങ്ങളുടെയും ഇടപെടലുകളുടെയും ഫലമായി ആർക്കോ വേണ്ടി ഓക്കാനിക്കുന്ന രീതിയിൽ സൈറ്റ് വിസിറ്റ് ചെയ്ത് ഒരു മറവുകളും നിഴലുകളും ഇല്ലായിരുന്നിട്ടും ഫ്ലാറ്റ് റൂഫ് ആയിരുന്നിട്ടൂം 45000 രൂപ മെറ്റൽ സ്ട്രക്ചർ ഉണ്ടാക്കണം എന്ന് ആവശ്യപ്പെട്ടു. പുരപ്പുറ സോളാർ പ്ലാന്റുകളിൽ ഈ മെറ്റൽ സ്ട്രക്ചർ ഒരു വൻ തട്ടിപ്പാണ്. കമ്പനികൾക്ക് സോളാർ പ്ലാന്റുകളേക്കാൾ മാർജിൻ മെറ്റൽ സ്ട്രക്ചറുകളുടെ കാര്യത്തിൽ ആണ്. ഇത്തരത്തിൽ വൻ തുക മെറ്റൽ സ്ട്രക്ചറിനു കൂടി ചെലവാക്കിക്കഴിഞ്ഞാൽ പിന്നെ ഒരു കാലത്തും ഇത് സാധാരണ ഗാർഹിക ഉപഭോഗമനുസരിച്ച് മുതൽ മുടക്ക് തിരിച്ച് പിടിക്കാനുള്ള കാലയളവ് വീണ്ടും വർഷങ്ങൾ നീളുന്നതാക്കി മാറ്റും. വിവിധ ജില്ലകളിൽ നിന്നായി പല വെൻഡർമാർ ഇൻസ്റ്റാൾ ചെയ്ത് തരാമെന്ന് പറഞ്ഞുകൊണ്ട് വിളിക്കുകയുണ്ടായി. ഇവരുടെയെല്ലാം ക്രഡിബിലിറ്റി ഉറപ്പു വരുത്തുക വലിയ പ്രയാസമായതിനാൽ പാലക്കാട് ജില്ലയിൽ തന്നെ ഉള്ള ഒരു വെൻഡറെ തെരഞ്ഞെടുക്കാമെന്ന് തീരുമാനിച്ചു. വീടിന്റെ അടുത്തായതിനാലും പേരുകേട്ട ഒരു സംഘടനയുടെ വിലാസമുള്ളതിനാലും എന്തെങ്കിലും പ്രശ്നമുണ്ടായാൽ സത്യാഗ്രഹമിരിക്കാൻ പൂട്ടിപ്പോകാത്ത സ്വന്തമായ ഒരു ഓഫീസ് എങ്കിലും ഉള്ളതിനാലും കേരളാ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രൊഡക്ഷൻ സെന്റർ ആയ സമതയെ വെൻഡർ ആയി സെലക്റ്റ് ചെയ്യാമെന്ന തീരുമാനത്തിൽ അങ്ങിനെ ആണ് എത്തിയത്. ഇടയ്കിടെ ചില ഇടപെടലുകളും ഓർമ്മപ്പെടുത്തലുകളും ഒക്കെ വേണ്ടി വന്നു എങ്കിലും സുഭാഷിന്റെ നേതൃത്വത്തിൽ അവസാനം പ്ലാന്റ് ഇൻസ്റ്റാൾ ചെയ്തു കിട്ടി. ഇൻസ്റ്റാളേഷൻ സമയത്ത് ഞാൻ വീട്ടിൽ ഉണ്ടായിരുന്നില്ല. അതിനാൽ ഫിറ്റിംഗ്സും കേബിളിംഗും ഇൻവെർട്ടർ പൊസിഷനുമൊന്നും പൂർണ്ണമായും ഉദ്ദേശിച്ച പാറ്റേണിൽ നടത്താൻ പറ്റിയില്ല എങ്കിലും പൊതുവേ കുഴപ്പമൊന്നുമുണ്ടായില്ല എന്ന് പറയാം. 3 കിലോവാട്സ് പോളി ക്രിസ്റ്റലൈൻ പാനലുകൾ, ഗ്രോവാട്ട് ഇൻവെർട്ടർ ആണ് കോമ്പിനേഷൻ. ഇൻസ്റ്റാളേഷൻ കഴിഞ്ഞ് ഒരു മാസത്തിലധികം എടുത്തു കെ എസ് ഇബി ചാർജ് ചെയ്ത് തരാൻ. അതിനും നേരത്തേ പറഞ്ഞതുപോലെ ക്ഷമകെട്ടുള്ള ഓർമ്മപെടുത്തലുകളും ഇടപെടലുകളും ഒക്കെ വീണ്ടും വേണ്ടി വന്നു. ചാർജ് ചെയ്ത സമയത്തും വീട്ടിൽ ഇല്ലായിരുന്നു എന്നതിനാൽ ഇൻവെർട്ടറിന്റെ ഫൈവൈ കണക്റ്റിവിറ്റി കൊൺഫിഗർ ചെയ്തിരുന്നില്ല. വീട്ടീൽ തിരിച്ചെത്തുന്നതുവരെ ക്ഷമിക്കാൻ കഴിയാതിരുന്നതിനാലും ആകാംഷയും കാരണം അക്കാര്യം മകളെക്കൊണ്ട് തന്നെ വീഡിയോ കാളിലൂടെ സ്വന്തമായി ചെയ്യിച്ചു.
ഇനി പെർഫോമൻസിനെയും ഉപയോഗത്തെയും ഇൻസ്റ്റാൾ ചെയ്തതിനു ശേഷമുണ്ടായ മാറ്റങ്ങളെയും കുറിച്ച് പറയാം. മുൻപും ശരാശരി ഉപഭോഗം പ്രതിദിനം 4 യൂണിറ്റ് മാത്രം ആയിരുന്നു.. ഇതുവരെയുള്ള നിലവാരം പരിശോധിച്ചാൽ ഏറ്റവും കുറഞ്ഞ പ്രൊഡക്ഷൻ 3 യൂണിറ്റും മാക്സിമം പ്രൊഡക്ഷൻ 15 യൂണിറ്റും ആണ്. ഒരു വർഷം പൂർത്തിയാകുമ്പോൾ വാർഷിക ശരാശരിയായ 12 യൂണിറ്റ് എത്തുമോ എന്ന് നോക്കാം. ഉപയോഗത്തിലുള്ള മാറ്റങ്ങളെക്കുറിച്ച് നോക്കിയാൽ എടുത്ത് പറയേണ്ടത് ഇൻഡക്‌ഷൻ ഹീറ്ററിന്റെയും ഓവന്റെയും ഉപയോഗമാണ്. ഇത് രണ്ടും പരമാവധി ഉപയോഗപ്പെടുത്താൻ തുടങ്ങിയതിനാൽ 45 ദിവസം നിന്നിരുന്ന ഗ്യാസ് സിലിണ്ടർ ഇപ്പോൾ 90 ദിവസം കിട്ടുന്നുണ്ട്. പിന്നെ അധികമായി ഒരു 20 ലിറ്റർ വാട്ടർ ഹീറ്റർ വാങ്ങി നാലു ബാത് റൂമുകളിലേക്കുമായി കണക്‌ഷൻ നൽകി. ബാത് റൂമുകൾ എല്ലാം മുകളിലെയും താഴെയും നിലയിലായി അടുത്തടുത്ത് ആയതിനാലും നേരത്തേ തന്നെ സോളാർ വാട്ടർ ഹീറ്ററിനായുള്ള കോമൺ പ്ലംബിംഗ് ചെയ്ത് വച്ചിട്ടുണ്ടായിരുന്നു എന്നതിനാലും ആണ് വളരെ എളൂപ്പത്തിൽ ഇങ്ങനെ കണക്റ്റ് ചെയ്യാൻ പറ്റിയത്. ചൂടുവെള്ളത്തിൽ കുളിക്കാൻ തുടങ്ങിയതിന്റെ വകയിൽ ശരാശരി 1 യൂണിറ്റ് വൈദ്യുതി ദിവസേന അധികമായി ചെലവാകുന്നതായി കാണുന്നു. പിന്നെ ഏസിയുടെ ഉപയോഗമാണ്. പാലക്കാടൻ ചൂട് ആണെങ്കിലും ഏസി അധികമായി ഇപ്പോഴും ഉപയോഗപ്പെടുത്തുന്നില്ല. അങ്ങനെ ഒരു ശിലം ആർക്കും ഇല്ലാത്തതുകോണ്ടാകാം, ടൈമർ വച്ച് ഉറങ്ങിക്കഴിഞ്ഞാൽ ഓഫ് ആകുന്ന രീതിയിൽ ആണ് ഉപയോഗിക്കുന്നത്. അതും വല്ലപ്പോഴുമൊക്കെ മാത്രം.
ഫിക്സഡ് ചാർജും മീറ്റർ റെന്റും അടക്കം ഇപ്പോൾ പ്രതിമാസം 140 രൂപ ആണ് ബില്ലായി വരുന്നത്. ഇപ്പോഴും പ്രതിദിനം 6 യൂണിറ്റുകൾക്ക് മുകളിലേക്ക് ശരാശരി ഉപഭോഗം പോയിട്ടില്ല. അതായത് 5 യൂണിറ്റോളം വൈദ്യുതി കെ എസ് ഇബിക്ക് ദിവസേന അങ്ങൊട്ട് കൊടുത്തുകൊണ്ടിരിക്കുന്നു. അത് ഒരു ബാങ്ക് അക്കൗണ്ട് പോലെ കെ എസ് ഇ ബിയിൽ കിടക്കുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലെ ബില്ല് പ്രകാരം 544 യൂണിറ്റ് കെ എസ് ഇബി എനർജി ബാങ്കിൽ കിടക്കുന്നുണ്ട്. യൂണിറ്റിനു 3.22 വച്ച് അതിന്റെ പണം ഇങ്ങൊട്ട് കിട്ടണം. എല്ലാ സെപ്റ്റംബറിലും ഈ തുക സെറ്റിൽ ചെയ്ത് അക്കൗണ്ടിലേക്ക് വരേണ്ടതാണ്. അതിനായി അപേക്ഷയും പാസ് ബുക്കിന്റെ കോപ്പിയുമൊക്കെ കൊടുത്തിട്ടുണ്ടെങ്കിലും കെ എസ് ഇബിയുടെ ഇക്കാര്യത്തിലുള്ള മെല്ലെപ്പോക്ക് കാരണം ഇതുവരെ ഒന്നും നടന്നിട്ടില്ല. എന്നെങ്കിലും കിട്ടുമായിരിക്കും. ഇത്തരത്തിൽ കെ എസ് ഇബിക്ക് അങ്ങോട്ട് കറന്റ് കൊടുക്കുന്നത് വലിയ നഷ്ടം ആയതിനാൽ പരമാവധി ഉപയോഗം കണ്ടെത്താനാണ് ശ്രമിക്കുന്നത്. ഇലക്ട്രിക് സ്കൂട്ടർ, കാർ ഒക്കെ ഉള്ളവർക്ക് ഇക്കാര്യത്തിൽ വിഷമിക്കേണ്ടി വരില്ല.
ചുരുക്കിപ്പറഞ്ഞാൽ സാധാരണ ഉപഭോഗം മാത്രമുള്ള ഗാർഹിക ഉപഭോക്താക്കൾ ഉപഭോഗം ആർഭാടമാക്കുക എന്ന ഉദ്ദേശം ഇല്ലെങ്കിൽ ഇതുകൊണ്ട് കാര്യമായ പ്രയോജനമൊന്നുമുണ്ടാകില്ലെന്ന് കാണാം. വൈദ്യുത ചാർജ് കുറയ്ക്കാനായി ബി എൽ ഡി സി ഫാനുകളും LED ലൈറ്റുകളും ഉപയോഗിക്കുക, പഴയ റഫ്രിജറേറ്ററുകൾ മാറ്റി പുതിയതാക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്താൽ തന്നെ മതി. വ്യാവസായിക നിരക്കിൽ വൈദ്യുതി ചാർജ് നൽകുന്നവർ ആണെങ്കിൽ തീർച്ചയായും ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്. പിന്നെ പരിസ്ഥിതി പ്രവർത്തകരുടെ കാര്യം പറയേണ്ടതില്ലല്ലോ - ഓഡിറ്റുകളിൽ നിന്ന് രക്ഷപ്പെടാനും കുറ്റബോധമില്ലാതെ കവിതകൾ എഴുതാനുമായെങ്കിലും സോളാർ പ്ലാന്റുകൾ ഇൻസ്റ്റാൾ ചെയ്യാനും വൈദ്യുത വാഹനങ്ങൾ വാങ്ങാനും ശ്രദ്ധിക്കുക