എയർ കണ്ടീഷണറുകളുടെ പ്രത്യേകതകളെക്കുറിച്ചും വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു

Sujith Kumar
 
ഒരു കാലത്ത് ആഡംബരത്തിന്റെ പര്യായം ആയിരുന്നു എങ്കിൽ ഇപ്പോൾ ലോവർ മിഡിൽ ക്ലാസ് വീടുകളിൽ പോലും സർവ്വ സാധാരണമായി കാണാവുന്ന ഒന്നായിരിക്കുന്നു എയർകണ്ടീഷണറുകൾ. റെക്കോഡ് ചൂട് ആയതുകൊണ്ട് ആയിരിക്കണം ഈ വർഷം എയർ കണ്ടീഷണറൂകളുടെ വിൽപ്പനയും പൊടി പൊടിക്കുകയാണ്. ഈ സീസണിൽ ഏറ്റവും കൂടുതൽ പേർ നേരിട്ടും ഇൻബോക്സിലുമൊക്കെയായി സംശയം ചോദിച്ചത് എയർ കണ്ടീഷണറുകളുടെ പ്രത്യേകതകളെക്കുറിച്ചും വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുമാണ്. എന്തായാലും കൂടുതൽ പേർ ചോദിക്കുന്നതിനു മുൻപേ എയർകണ്ടീഷണറുകളെക്കുറിച്ച് കുറച്ച് വിവരങ്ങൾ.
 എത്ര കപ്പാസിറ്റിയുടേതായിരിക്കണം വാങ്ങേണ്ടത്? ഗാർഹിക ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം പ്രധാനമായും എയർ കണ്ടീഷണറൂകളുടെ രണ്ട്   സെഗ്മെന്റുകൾ ആണ് ഉള്ളത് 1 ടൺ, 1.5 ടൺ. അധികം കണക്ക് കൂട്ടലുകൾ ഒന്നും ഇല്ലാതെ തന്നെ പറയുകയാണെങ്കിൽ 100-120 സ്വ്കയർ ഫീറ്റ് വരെ ആണ് മുറീയുടെ വലിപ്പം എങ്കിൽ 1 ടൺ കപ്പാസിറ്റി ഉള്ളത് മതിയാകും. അതിനു മുകളിൽ ആണെങ്കിൽ 1.5 ടൺ നോക്കിയാൽ മതി. അതുപോലെ തന്നെ മുകളിലെ നിലയിലെ നേരിട്ട് മേൽക്കൂരയിലും ഭിത്തികളിലും  എപ്പോഴും വെയിൽ അടിക്കുന്ന മുറികൾ ആണെങ്കിൽ 1.5 ടൺ തന്നെ ആയിരിക്കും കൂടുതൽ നല്ലത്.  വളരെ വലിയ മുറി ആണെങ്കിൽ മാത്രമേ 2 ടൺ കപ്പാസിറ്റിയിലേക്ക് പോകേണ്ടതുള്ളൂ.  ഇപ്പോൾ 100 സ്ക്വയർ ഫീറ്റിലും താഴെയുള്ള മുറികൾക്കായി 0.8 ടൺ കപ്പാസിറ്റിയുള്ള എയർ കണ്ടീഷണറൂകളൂം വിപണിയിലുണ്ട്. അതുപോലെ 1.5 ലേക്ക് പോകത്തക്ക വലിപ്പം ഉള്ള മുറികൾ അല്ലെങ്കിൽ 1.2 ടൺ കപ്പാസിറ്റിയുള്ളവയും ഉണ്ട്.
 ടൈപ്പ് - പൊതുവേ ഇക്കാലത്ത്  ഇൻഡോർ യൂണിറ്റ്, ഔട് ഡോർ യൂണിറ്റ് എന്ന രണ്ട് ഭാഗങ്ങൾ വരുന്ന സ്പ്ലിറ്റ് എയർ കണ്ടീഷണറുകൾ ആണ് കൂടുതലായി പ്രചാരത്തിലുള്ളത്. മുൻപ് ഉണ്ടായിരുന്ന വിൻഡോ എയർ കണ്ടീഷണറുകളുടെ ഉപയോഗവും ലഭ്യതയുമെല്ലാം ഇപ്പോൾ പരിമിതമാണ്. അത്ര എനർജി എഫിഷ്യന്റ് അല്ലെങ്കിലും എയർ കണ്ടീഷണറുകൾ സ്ഥിരമായി ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുന്നതിൽ പ്രായോഗിക പ്രശ്നങ്ങൾ ഉള്ളവർക്ക്  പോർട്ടബിൾ എയർ കണ്ടീഷണറുകൾ എന്ന ഒരു വിഭാഗം കൂടി ഉണ്ട് . ഇവയ്കും ഡീമാന്റ് കുറവായതിനാൽ പരിമിതമായ ബ്രാൻഡുകളും മോഡലുകളും മാത്രമേ ലഭ്യമായുള്ളൂ. പ്രത്യേക ആവശ്യക്കാർ മാത്രം ഉപയോഗിക്കുന്ന ഔട് ഡോർ ഏസി,  കാസറ്റ് ഏസി, ഡക്റ്റബിൾ ഏസി, ടവർ ഏസി തുടങ്ങിയവയെക്കൂറിച്ചൊന്നും വിശദികരിക്കുന്നില്ല.
 സാങ്കേതിക വിദ്യ - ഏതാനും വർഷങ്ങൾക്ക് മുൻപ് വരെ സാധാരണ ഫിക്സഡ് സ്പീഡ് കമ്പ്രസ്സറുകൾ ഉള്ള എയർ കണ്ടീഷണറുകൾ, ആധുനിക ഇൻവെർട്ടർ എയർ കണ്ടീഷണറുകൾ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായി എയർ കണ്ടീഷണറുകൾ വിപണിയിൽ ഉണ്ടായിരുന്നു എങ്കിൽ നിലവിൽ ഇൻവെർട്ടർ കമ്പ്രസ്സർ എയർ കണ്ടീഷണറുകൾ മാത്രമാണ് പ്രമുഖ ബ്രാൻഡുകളുടേതായി വിപണിയിൽ ഉള്ളൂ. അതിനാൽ തന്നെ സാധാരണ എയർ കണ്ടീഷണർ വേണോ ഡിജിറ്റൽ ഇൻവെർട്ടർ എയർ കണ്ടീഷണറുകൾ വാങ്ങണോ എന്ന ചോദ്യത്തിനും ആശയക്കുഴപ്പത്തിനും ഇപ്പോൾ പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു. പക്ഷേ ഈ പറഞ്ഞ ഡീജിറ്റൽ ഇൻവെർട്ടർ എയർ കണ്ടീഷണറുകളിൽ തന്നെ ഡ്യുവൽ ഇൻവെർട്ടർ, ട്രിപ്പിൾ ഇൻവെർട്ടർ, കൺവെർട്ടിബിൾ എന്നൊക്കെ വിവിധ സാങ്കേതിക വിദ്യകളും ഫീച്ചറുകളൂമൊക്കെ കേൾക്കുമ്പോൾ ആശയക്കുഴപ്പത്തിലായേക്കാം. അതിനാൽ അവയെക്കുറിച്ച് ചില കാര്യങ്ങൾ അറിഞ്ഞിരിക്കുക നല്ലതായിരിക്കും
പഴയ കാല എയർ കണ്ടീഷണറൂകൾ ഒരേ വേഗത്തിൽ മാത്രം കറങ്ങുന്ന ഫിക്സഡ് സ്പീഡ് കമ്പ്രസ്സറുകൾ ആയിരുന്നു. അതുകൊണ്ട് തന്നെ അവയ്ക് ഓൺ അല്ലെങ്കിൽ ഓഫ് എന്ന രണ്ട് അവസ്ഥകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത്തരം കമ്പ്രസ്സറുകൾ നിശ്ചിത ഇടവേളകളിൽ ഓൺ ആക്കിയും ഓഫ് ആക്കിയുമാണ് മുറിയിലെ തണുപ്പ് ക്രമീകരിച്ചിരുന്നത്. ഇങ്ങനെ കമ്പ്രസ്സറുകൾ ഓഫ് അവസ്ഥയിൽ നിന്ന് ഓൺ അവസ്ഥയിലേക്ക് മാറുമ്പോൾ വലിയ തോതിൽ സ്റ്റാർട്ടിംഗ് കറന്റ് എടുക്കുമായിരുന്നതിനാൽ ഒട്ടൂം തന്നെ ഊർജക്ഷമം അല്ലായിരുന്നു. ഇതിനൊക്കെ ഒരുപരിഹാരമായാണ്  ബിഎൽഡിസി മോട്ടറുകളാൽ പ്രവർത്തിക്കുന്ന ഇൻവെർട്ടർ കമ്പ്രസ്സറുകൾ വന്നത്. ഇവയുടെ സ്പീഡ് കണ്ട്രോൾ എളുപ്പത്തിൽ സാദ്ധ്യമായതിനാലും കൂടുതൽ ഊർജക്ഷമം ആയതിനാലും എയർ കണ്ടീഷണറുകൾ വലിയ കറന്റ് തീനികൾ ആണെന്ന ചീത്തപ്പേര് മാറിക്കിട്ടി. കമ്പ്രസ്സറുകൾ എപ്പോഴും ഓൺ ആയിരിക്കുകയും മുറീയിലെ ക്രമീകരിക്കപ്പെട്ട ഊഷ്മാവിനനുസരിച്ച് കമ്പ്രസ്സറിന്റെ സ്പീഡ് കൂട്ടുകയും കുറയ്കുകയും ചെയ്ത് ആണ് ഒരേ താപനില ക്രമീകരിക്കുന്നത്. ഇത്തരത്തിൽ കമ്പ്രസ്സറിനെ ഡ്രൈവ് ചെയ്യിക്കാനായി ഒരു ഇലക്ട്രോണിക്സ് സർക്യൂട്ട് ബോർഡ് കൂടി ഇത്തരം എയർ കണ്ടീഷണറൂകളിൽ ഉണ്ടാകും.  
  സിംഗിൾ ഇൻവെർട്ടർ കമ്പ്രസ്സർ /ഡ്യുവൽ ഇൻവെർട്ടർ കമ്പ്രസ്സർ/ ട്രിപ്പിൾ ഇൻവെർട്ടർ കമ്പ്രസ്സർ  - സാധാരണ ഡീജിറ്റൽ ഇൻവെർട്ടർ കമ്പ്രസ്സറിൽ ഒരു കമ്പ്രഷൻ ചേമ്പറും കമ്പ്രഷൻ നൽകാനായി കറങ്ങുന്ന ഭാഗമായ ഒരു റോട്ടറുമേ ഉണ്ടാകൂ. ഡ്യുവൽ ഇൻവെർട്ടർ കമ്പ്രസ്സറിൽ ഒരു പടി കൂടീ കടന്ന് രണ്ട് കമ്പ്രഷൻ ചേമ്പറുകളും ഒരേ ഷാഫ്റ്റിൽ എതിർ ദിശകളിലായി ഘടിപ്പിച്ച (180 ഡിഗ്രി)  രണ്ട് റോട്ടറുകളും ഉണ്ടായിരിക്കും. ഇതുകൊണ്ട് തന്നെ കമ്പ്രസ്സറുകളുടെ സ്റ്റബിലിറ്റി കൂടുകയും വിറയൽ കുറയുകയും കൂടുതൽ ഊർജക്ഷമം ആവുകയും ചെയ്യുന്നു. അതുപോലെ തന്നെ നിശ്ചിത കപ്പാസിറ്റിക്ക് ആയി കൂറഞ്ഞ വേഗത്തിൽ കറങ്ങിയാൽ മതി എന്ന ഗുണം കൂടി ഉള്ളതിനാൽ കമ്പ്രസ്സറുകളൂടെ ആയുസ്സും കൂടുന്നു. പ്രമുഖ കമ്പനികൾ എല്ലാം തന്നെ ഇപ്പോൾ ഡ്യുവൽ ഇൻവെർട്ടർ എയർ കണ്ടീഷണറൂകൾ ആണ് ഉപയോഗിക്കുന്നത്. അപ്പോൾ പിന്നെ എന്താണ് ട്രിപ്പിൾ ഇൻവെർട്ടർ കമ്പ്രസ്സർ? ഡ്യുവൽ ഇൻവെർട്ടറിൽ രണ്ട് റോട്ടറുകളും കമ്പ്രഷൻ ചേമ്പറുകളും ഉള്ളതുപോലെ ട്രിപ്പിൾ ഇൻവെർട്ടറീൽ മൂന്നെണ്ണം ഉണ്ടാകുമെന്നാണ് കരുതിയെങ്കിൽ തെറ്റി. ട്രിപ്പീൾ ഇൻവെർട്ടർ കമ്പ്രസ്സർ ടെക്നോളജി സാംസംഗ് ആണ് ആദ്യമായി അവതരിപ്പിച്ചത്. ഇതിലും ഡ്യുവൽ ഇൻവെർട്ടർ കമ്പ്രസ്സറുകളിലേതുപോലെ തന്നെ രണ്ട് റോട്ടോറുകൾ തന്നെയേ ഉള്ളൂ. പക്ഷേ ഇൻവെർട്ടർ മോട്ടോറിന്റെ ഡിസൈൻ വ്യത്യസ്തമാണ്. ഇതിൽ കൂടുതൽ വൈൻഡിംഗുകൾ ഉള്ള 8 പോൾ മോട്ടോർ ആണ് ഉപയോഗിച്ചിരിക്കുന്നത്. സാധാരണ ഡ്യുവൽ ഇൻവെർട്ടർ കമ്പ്രസ്സറൂകളിൽ 4 പോൾ മോട്ടോർ ആണ് ഉള്ളത്. 8 പോൾ മോട്ടോർ ഉള്ളതിനാൽ കമ്പ്രസ്സർ കൂടുതൽ ഊർജക്ഷമമാവുകയും വിറയലും ശബ്ദവുമെല്ലാം താരതമ്യേന കുറയുകയും പെട്ടന്ന് തന്നെ മുറി തണുപ്പിക്കാൻ കഴിയുകയും ചെയ്യുന്നു. ആദ്യകാലങ്ങളിൽ സാംസംഗ് മാത്രമായിരുന്നു ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ ഹെയർ, സാൻസൂയ് ,നോക്കിയ തുടങ്ങിയ കമ്പനികളും ഇത് അവകാശപ്പെടുന്നുണ്ട്.  
കമ്പ്രസ്സറുകൾ പൂർണ്ണമായും ഡീജിറ്റലി പ്രോഗ്രാമുകളിലൂടെ  കണ്ട്രോൾ ചെയ്യാം എന്ന് വന്നതോടെ ഫീച്ചറുകളുടെയും കുത്തൊഴുക്കായി. ഓരോ കമ്പനികളും അവരവരുടേതായ പല പേരുകളിൽ പല ഫീച്ചറുകളും അവതരിപ്പിക്കുന്നു എങ്കിലും മാർക്കറ്റിംഗ് ഗിമ്മിക്കുകൾക്കുമപ്പുറമായി അടിസ്ഥാനപരമായി ഇവയിൽ ഒന്നും കാര്യമായ വ്യത്യാസങ്ങൾ ഒന്നും ഇല്ല എന്ന് കാണാം.
  കൺവെർട്ടിബിൾ ഏസി- 5 ഇൻ 1 ഏസി, 6 ഇൻ 1 ഏസി, 7 ഇൻ 1 ഏസി ഇങ്ങനെ പല നമ്പരുകളിലായി കൺവെർട്ടിബിൾ എന്ന പേരിൽ പരസ്യ വാചകങ്ങൾ മിക്ക ബ്രാൻഡുകളുടേതുമായി കാണാം. എന്താണിത്? നേരത്തേ സൂചിപ്പിച്ചതുപോലെ കമ്പ്രസ്സറുകൾ പ്രോഗ്രാമുകൾ വഴി കണ്ട്രോൾ ചെയ്യാമെന്ന് വന്നതോടെ എളുപ്പത്തിൽ അവതരിപ്പിക്കപ്പെട്ട ഒരു ഫീച്ചർ ആണിത്. അതായത് ഏസിയുടെ കപ്പാസിറ്റി 25% മുതൽ 150 % വരെ ഒക്കെ വിവിധ സ്റ്റേജുകൾ ആയി കൂട്ടുകയും കുറയ്കുകയുമൊക്കെ ചെയ്യാനുള്ള ഒരു ഫീച്ചർ. ഉദാഹരണമായി 1 ടൺ 5 സ്റ്റേജ് കൺവെർട്ടബിൾ ഫീച്ചർ ഉള്ള ഒരു ഏസി ആണെങ്കിൽ ഉപയോഗത്തിനനുസരിച്ച് അതിന്റെ കപ്പാസിറ്റി 0.25, 0.5, 0.75, 1, 1,25 എന്ന റേഞ്ചിലൊക്കെ മാറ്റാൻ കഴിയും. ഇതുകൊണ്ടുള്ള ഗുണം എന്താണ്? കുറഞ്ഞ കപ്പാസിറ്റിയിൽ കുറഞ്ഞ ഊർജ്ജ ഉപഭോഗമേ ഉണ്ടാകൂ എന്നതു തന്നെ. ഒരു മുറിയിൽ ഒരാൾ ഒറ്റയ്ക് ഉള്ളപ്പോഴും നാലുപേർ ഉള്ളപ്പോഴും ആവശ്യമായ എയർ കണ്ടീഷണർ കപ്പാസിറ്റിയിൽ വ്യത്യാസമുണ്ടായിരിക്കും. കൺവെർട്ടിബിൾ ഏസി ആണെങ്കിൽ ആവശ്യാനുസരണം ഈ കപ്പാസിറ്റിയിലും മാറ്റങ്ങൾ വരുത്താം എന്നർത്ഥം. കൺവെർട്ടിബിൾ ഫീച്ചർ തന്നെ രണ്ട് തരത്തിൽ വരുന്നതുണ്ട്. ചില മോഡലുകളീൽ  ഡൗൺ കൺവെർഷൻ ഒപ്ഷൻ മാത്രമേ ഉണ്ടാകൂ. അതായത് കപ്പാസിറ്റി കുറയ്കാൻ മാത്രമേ കഴിയൂ എന്നർത്ഥം. പ്രായോഗിക തലത്തിൽ പറഞ്ഞാൽ വളരെ അധികം ഉപയോഗം ഉള്ള ഒരു ഫീച്ചർ ഒന്നും അല്ല ഇത്. സ്റ്റേജുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് പ്രത്യേകിച്ച് എന്തെങ്കിലും  ഗുണം കൂടുന്നു എന്ന അർത്ഥവുമില്ലാത്തതിനാൽ ഇതിനെ അവഗണിക്കാവുന്നതാണ്.  
  എയർ പ്യൂരിഫയർ ഫീച്ചർ : സ്പ്ലിറ്റ്  എയർ കണ്ടീഷണറുകളെ കുറച്ച് അഡീഷണൽ ഫിൽട്ടറുകൾ കൂട്ടീച്ചേർത്ത്  ഏറ്റവും എളുപ്പത്തിൽ തന്നെ എയർ പ്യൂരിഫയറുകൾ കൂടി ആക്കി മാറ്റാമെന്നതിനാൽ ഇപ്പോൾ പല കമ്പനികളും എയർ പ്യൂരിഫിക്കേഷൻ എന്ന ഫിച്ചർ കൂടി മാർക്കറ്റിംഗിന്റെ ഭാഗമായി ഉപയോഗിക്കാറുണ്ട്. സംഗതി ഒക്കെ നല്ലതാണെങ്കിലും ഇത്തരം എയർ കണ്ടീഷണറൂകളുടെ ഫിൽട്ടറുകൾ അടിക്കടി അഴിച്ചെടുത്ത് വൃത്തിയാക്കേണ്ട അവസ്ഥ കൂടി ഉണ്ടെന്ന കാര്യം മറക്കരുത്. അതായത് സാധാരണ എയർ കണ്ടീഷണറുകൾക്ക്  വർഷത്തിൽ ഒന്നോ രണ്ടോ തവണ ഫിൽട്ടർ ക്ലീൻ ചെയ്യേണ്ടതുണ്ടെങ്കിൽ ഇവയ്ക് എല്ലാ മാസവും ചെയ്യേണ്ടി വരും. അല്ലെങ്കിൽ അതനുസരിച്ച് പൊടീ അടിഞ്ഞ് എയർ ഫ്ലോ കുറയും. സെൽഫ് ക്ലീനിംഗ് സംവിധാനങ്ങൾ ഒക്കെയുള്ള മോഡലുകൾ ഉണ്ടെങ്കിലും പൊടി കളയാൻ ഫിൽട്ടറുകൾ അഴിച്ചെടുത്ത് ക്ലീൻ ചെയ്യുക തന്നെ വേണം. പ്രത്യേകിച്ച് ടൂൾസ് ഒന്നും ആവശ്യമില്ലാതെ കൈ കോണ്ട് തന്നെ അഴിച്ചെടുത്ത് സ്വയം ക്ലീൻ ചെയ്യാവുന്ന തരത്തിലുള്ളവയാണ് ഇത്തരം എയർ പ്യൂരിഫിക്കേഷൻ ഫീച്ചർ ഉള്ള എയർ കണ്ടീഷണറുകൾ എന്ന് കൂടി ശ്രദ്ധിച്ചില്ലെങ്കിൽ ഇടയ്കിടെ ക്ലീൻ ചെയ്യാൻ ടെക്നീഷ്യന്റെ സേവനം ആവശ്യമായി വരും.   
  വൈഫൈ കണക്റ്റഡ് ഏസി - ഈ 5 ജി കാലഘട്ടത്തിൽ ഗാർഹിക ഉപകരണങ്ങളെല്ലാം കണക്റ്റഡ് ആയിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട്  എയർ കണ്ടീഷണറുകളും ഇന്റർനെറ്റ് കണക്റ്റിവിറ്റി ഒപ്ഷനുകളോട് കൂടി ലഭ്യമാണ്. ഇതുകൊണ്ട്  എന്താണ് ഗുണം? ലോകത്ത് എവിടെ ഇരുന്നുകൊണ്ടൂം നിങ്ങളുടെ വീട്ടീലെ എയർ കണ്ടീഷണറുകൾ മൊബൈൽ ആപ്പുകൾ ഉപയോഗിച്ചോ അലക്സ, ഗൂഗിൾ ഹോം പോലെയുള്ള വോയ്സ് കമാൻഡ്  സർവീസുകൾ ഉപയോഗിച്ചോ നിയന്ത്രിക്കാവുന്നതാണ്. അതായത് ഓഫീസ് വിട്ട് വീട്ടിൽ വരുന്നതിനു മുൻപേ ഏസി ഓൺ ആക്കി ഇട്ട് മുറി തണുപ്പിക്കുക, ആവശ്യമായ ടെമ്പറേച്ചർ സെറ്റ് ചെയ്യുക തുടങ്ങിയ കാര്യങ്ങൾ എല്ലാം ഇതുവഴി സാദ്ധ്യമാകുന്നു. വൈഫൈ ഒപ്ഷൻ ഉള്ള ഏസി മോഡലുകൾക്ക് വില നിലവിൽ അല്പം കൂടുതൽ ആണ് എങ്കിലും  അത്രയും തുക മുടക്കാൻ ഇല്ലാത്തവർ വിഷമിക്കേണ്ടതില്ല 1000 രൂപയിൽ താഴെ വില വരുന്ന വൈഫൈ കണ്ട്രോൾഡ്  IR ബ്ലാസ്റ്ററുകൾ വിപണിയിൽ ലഭ്യമാണ്. അത് വഴി ഈ പറഞ്ഞ വൈഫൈ ഏസിയുടെ എല്ലാ ഫീച്ചറുകളും സാധാരണ ഏസിയിലും ലഭ്യമാക്കാവുന്നതാണ് (ഇതിനെക്കുറിച്ച് മുൻപൊരിക്കൽ എഴുതിയിരുന്നു - ലിങ്ക് ആദ്യ കമന്റിൽ)
 എനർജി റേറ്റിംഗ് - ഹാർഹിക ഉപകരണങ്ങൾക്കെല്ലാം ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി നൽകുന്ന എനർജി റേറ്റിംഗ് നമ്പരുകൾ ഉണ്ട് ഇതനുസരിച്ച് ഉപഭോക്താക്കൾക്ക്  ഒരു ഉപകരണം എത്രമാത്രം ഊർജക്ഷമം ആണെന്നും ശരാശരി എത്ര വൈദ്യുതി ഉപയോഗിക്കുമെന്നുമൊക്കെയുള്ള ഒരു ധാരണ ലഭിക്കാനും അതുവഴി ഉപകരണങ്ങളെ താരതമ്യപ്പെടുത്താനും അവസരമൊരുക്കുന്നു. Indian Seasonal Energy Efficiency Ratio (ISEER) ആണ് എയർ കണ്ടീഷണറൂകളൂടെ ഊർജക്ഷമത വിലയിരുത്തുന്നത്. മറ്റേത് ഉപകരണങ്ങളെ പോലെയും 1 മുതൽ 5 വരെയൂള്ള സ്റ്റാർ റേറ്റിംഗ് ആണ് എയർ കണ്ടീഷണറൂകൾക്കുമുള്ളത്. സ്വാഭാവികമായും 5 സ്റ്റാർ എയർ കണ്ടീഷണറുകൾ ആണ് ഏറ്റവും കൂടുതൽ ഊർജക്ഷമവും വൈദ്യുത ഉപഭോഗം കുറഞ്ഞതും. കൂടുതൽ ഊർജക്ഷമം ആകാനും വൈദ്യുത ഉപഭോഗം കുറയ്ക്കാനും സാങ്കേതിക വിദ്യകളും ഗുണനിലവാരവും മെച്ചെപ്പെടുത്തേണ്ടി വരുന്നതിനാൽ സ്വാഭാവികമായും വിലയും അതനുസരിച്ച് കൂടുതൽ ആയിരിക്കും.  എനർജി റേറ്റിംഗ് അഥവാ സ്റ്റാർ റേറ്റിംഗിനു ലേബൽ പീര്യേഡ് ഉണ്ട്. അതായത് നിലവിൽ എയർ കണ്ടീഷണറൂകളുടെ ലേബൽ പീര്യേഡ് 2022-24 ആണ്.  അതായത് 2022 ൽ പുതുക്കിയ മാനദണ്ഡങ്ങൾ 2024 വരെ തൂടരും എന്നർത്ഥം.  2022 മുൻപ് ഉണ്ടായിരുന്ന 5 സ്റ്റാർ ഏസി 2022 നു ശേഷം വരുന്ന മാനദണ്ഡങ്ങൾ പ്രകാരം 4 സ്റ്റാറോ 3 സ്റ്റാറോ ആയി മാറിയേക്കാം. അതുകൊണ്ട് തന്നെ ഉപകരണങ്ങൾ  വാങ്ങുമ്പോൾ സ്റ്റാർ മാത്രം നോക്കാതെ ലേബൽ പീര്യേഡ് കൂടി നോക്കുക. സ്റ്റാർ റേറ്റിംഗ് മാത്രം നോക്കുന്ന ഉപഭോക്താക്കളുടെ അജ്ഞത മുതലെടുത്ത് പലപ്പോഴും വ്യാപാരികൾ പഴയ എനർജി ലേബൾ ഉള്ള എയർ കണ്ടീഷണറുകൾ വളരെ വിലക്കുറച്ച് വിൽക്കാറുണ്ട്.   5 സ്റ്റാർ വേണമോ 3 സ്റ്റാർ വേണമോ എന്ന് നിശ്ചയിക്കുന്നത് നിങ്ങളുടെ ഉപയോഗത്തെ അനുസരിച്ചായിരിക്കണം. രാത്രി കാലങ്ങളിലും നല്ല വേനൽ കാലത്തുമൊക്കെ  ഉറങ്ങാൻ മാത്രമുള്ള ഉപയോഗത്തിനാണെങ്കിൽ  വലിയ വില വ്യത്യാസമുണ്ടെങ്കിൽ 5 സ്റ്റാർ മോഡലുകൾ വാങ്ങേണ്ടതില്ല. 3 സ്റ്റാർ തന്നെ ധാരാളം മതിയാകും. 24 മണീക്കൂറും ഓൺ ചെയ്ത് ഇടുന്ന ഉപയോഗത്തിനാണെങ്കിൽ 5 സ്റ്റാർ മോഡലുകൾ തന്നെ തെരഞ്ഞെടുക്കുക.
 വാറന്റി - ഗ്യാരണ്ടി : ഏയർ കണ്ടീഷണറുകൾ കൂടുതൽ പവർ ഉപയോഗിക്കുന്നതും കൂടുതൽ സമയം പ്രവർത്തിക്കുന്നതുമായ ഉപകരണങ്ങൾ ആയതിനാൽ സ്വാഭാവികമായും അവ കേടാകാനുള്ള സാദ്ധ്യതയും സാഹചര്യവും  കൂടുതൽ ആയിരിക്കും. അതുകൊണ്ട് മറ്റ് ഉപകരണങ്ങളിൽ നിന്ന് വ്യത്യസ്തമായി  വിൽപ്പനാനന്തര സേവനം വളരെ പ്രധാനപ്പെട്ടതാണ്.  പൊതുവേ മൂന്നു തരത്തിൽ ആണ് എയർ കണ്ടീഷണറുകളൂടെ വാറന്റി സർവീസ് കമ്പനികൾ ഓഫർ ചെയ്യുന്നത്. അതുകൊണ്ട് തന്നെ വാറന്റിയുടെ കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. എല്ലാ കമ്പനികളൂം ചുരുങ്ങിയത് 1 വർഷം ഫുൾ വാറന്റി നൽകാറുണ്ട്. അതായത് ആദ്യ ഒരു വർഷം എന്ത് തകരാറുണ്ടായാലും കമ്പനികൾ സൗജന്യമായി അത് പരിഹരിച്ച് നൽകും. ഇതോടൊപ്പം തന്നെ ഇക്കാലത്ത് മിക്ക കമ്പനികളും 10 വർഷമൊക്കെ കമ്പ്രസ്സർ വാറന്റി നൽകാറുണ്ട്. ഈ 10 വർഷം കമ്പ്രസ്സർ വാറന്റി എന്ന വാഗ്ദാനം നല്ല തിളങ്ങുന്ന സ്റ്റിക്കറുകൾ ആയി വലിയ അക്ഷരത്തിൽ പ്രിന്റ് ചെയ്ത് ഒട്ടിച്ചിട്ടുണ്ടാകും. അത് കണ്ട് സന്തോഷിക്കേണ്ട. ഇൻവെർട്ടർ കമ്പ്രസ്സർ എയർ കണ്ടീഷണറുകളുടെ കമ്പ്രസ്സറുകൾ അല്ല പൊതുവേ തകരാറിലാകുന്നത്. അതിന്റെ ഡ്രൈവ്  പി സി ബി ആണ് . ഫലമോ വാറന്റി പീര്യേഡ് തീർന്നതിനു ശേഷം ബോർഡ് തകരാറിലാകുന്നത് വഴി വൻ തുക ഉപഭോക്താക്കൾക്ക് നഷ്ടമാകുന്നു. വാറന്റി തീർന്ന് തൊട്ടടുത്ത ദിവസം തന്നെ ബോർഡ് കേടായി നല്ലൊരു തുക ചെലവാക്കേണ്ടി വന്നവർ ധാരാളമുണ്ട്. അതുകൊണ്ട് തന്നെ കമ്പ്രസ്സർ വാറന്റി എന്ന ഗിമ്മിക്കിൽ വീഴാതിരിക്കുക. പി സി ബി വാറന്റി കൂടെ നൽകുന്നുണ്ടോ എന്ന് നോക്കുക. 5 വർഷമൊക്കെ പി സി ബി വാറന്റി നൽകുന്ന കമ്പനികൾ ഉണ്ട്. ഇതിൽ തന്നെ പി സി ബി ഔട് ഡോർ, ഇൻഡോർ എന്നിവയ്ക്ക് പ്രത്യേകമായി നൽകുന്ന കമ്പനികളും ഉണ്ട്.  അതെല്ലാം വാങ്ങുന്നതിനു മുൻപ് ശ്രദ്ധിക്കുക. ചില  കമ്പനികൾ 5 വർഷം കോമ്പ്രിഹെൻസീവ് വാറന്റിയും നൽകുന്നുണ്ട്. അതായത് 5 വർഷത്തേക്ക് ഗ്യാസ് ഫില്ലിംഗ് ഉൾപ്പെടെ എന്ത് പ്രശ്നം ഉണ്ടെങ്കിലും സൗജന്യമായി പരിഹരിക്കപ്പെടൂം. എയർ കണ്ടീഷണറൂകളെ സംബന്ധിച്ചിടത്തോളം വാറന്റി വളരെ പ്രധാനപ്പെട്ടതായതിനാൽ ഒരിക്കലും അതിൽ കോമ്പ്രമൈസ് ചെയ്യാതിരിക്കുക. കോമ്പ്രിഹെൻസീവ് വാറന്റി കിട്ടീയില്ലെങ്കിലും പി സി ബി വാറന്റി എങ്കിലും 5 വർഷത്തേക്ക് നൽകുന്ന മോഡലുകൾ തെരഞ്ഞെടുത്താൽ ദുഖിക്കേണ്ടി വരില്ല. എല്ലാവരും ഇങ്ങനെ ഒരു തീരുമാനമെടുത്താൽ എല്ലാ കമ്പനികളും ഇത്തരത്തിൽ ബോർഡ് വാറന്റി നൽകാൻ നിർബന്ധിതരാകും.
 സ്റ്റബിലൈസർ വേണോ വേണ്ടയോ ?  പഴയ നോൺ ഇൻവെർട്ടർ ടൈപ്പ് എയർ കണ്ടീഷണറുകൾക്ക് വളരെ കൂടുതൽ സ്റ്റാർട്ടിംഗ് കറന്റ് ആവശ്യമായിരുന്നതിനാലും ഒട്ടൂം തന്നെ ഊർജക്ഷമം അല്ലാതിരുന്നതിനാലും സ്വന്തമായി വോൾട്ടേജ് റഗുലേഷൻ സംവിധാനങ്ങൾ ഇല്ലാതിരുന്നതിനാലും വോൾട്ടേജ്  സ്റ്റബിലൈസറുകൾ നിർബന്ധമായിരുന്നു. അതായത് സ്റ്റബിലൈസറുകൾ ഇല്ലെങ്കിൽ പലയിടത്തും ഇത്തരം എയർ കണ്ടീഷണറൂകൾ ഓൺ ആവുക പോലും ചെയ്തിരുന്നില്ല. അതു കോണ്ട് തന്നെ എയർ കണ്ടീഷണറുകളോടൊപ്പം ഒരു വാലായി സ്റ്റബിലൈസറുകളൂം കൂടെ ഉണ്ടായിരുന്നു. ഇപ്പോൾ കാലം മാറി പഴയതുപോലെ ലോ വോൾട്ടേജ് പ്രശ്നങ്ങൾ കുറവാണ് അതുപോലെ  ഡിജിറ്റൽ ഇൻവെർട്ടർ സാങ്കേതിക വിദ്യയിൽ കൂടുതൽ സ്റ്റാർട്ടീംഗ് കറന്റ് എടുക്കുന്നില്ല, കമ്പ്രസ്സറുകൾ ഓൺ ഓഫ് ആകുന്നില്ല, കമ്പ്രസ്സറിലേക്ക് ആവശ്യമായ പവർ സപ്ലെ നൽകുന്ന സർക്യൂട്ട് ബോർഡിൽ തന്നെ വോൾട്ടേജ് റഗുലേറ്റിംഗ് മെക്കാനിസം ഉണ്ട്.  അതിനാൽ തന്നെ 160  വോൾട്ട് മുതൽ 260 വോൾട്ട് വരെയൊക്കെയുള്ള റേഞ്ചിൽ ഒരു പ്രശ്നവുമില്ലാതെ പ്രവർത്തിക്കും. ഇക്കാരണങ്ങളാലൊകെ ആധുനിക എയർ കണ്ടീഷണറുകൾക്ക് സ്റ്റബിലൈസറുകൾ ആവശ്യമില്ല. പിന്നെ വ്യാപാരികൾക്ക്  ഏസിയോടൊപ്പം ഇതുകൂടി  വിൽക്കാൻ കഴിയുന്നു എന്നതിനാൽ സ്റ്റബിലൈസറുകൾ ഉപയോഗിക്കുന്നത് നല്ലതായിരിക്കുമെന്ന്  പറഞ്ഞുകൊണ്ട് ഏസിയോടൊപ്പം അടിച്ചേൽപ്പിക്കാറൂണ്ട്. കാര്യമായ വോൾട്ടേജ് വ്യതിയാനങ്ങൾ ഉണ്ടെങ്കിൽ മാത്രം സ്റ്റബിലൈസറുകൾ ഉപയോഗിക്കുക. സ്റ്റബിലൈസറുകളേക്കാൾ പ്രാധാന്യം സർജ് പ്രൊട്ടക്റ്ററുകൾക്കും സർജ് സപ്രസ്സറുകൾക്കും ആണ്.
 എത് കമ്പനി ആണ് നല്ലത് ? ഏറ്റവും കുഴപ്പിക്കുന്ന ചോദ്യം ആണ് ഇത്. എല്ലാ പ്രമുഖ കമ്പനികൾക്കും എയർ കണ്ടീഷണർ ബിസിനസ് കൂടി ഉണ്ട്. വൈദ്യുതോപകരണങ്ങളുടെ കാര്യമായതിനാൽ ചെലോർടെ ശരിയാകും ചെലോർടെ ശരിയാകില്ല എന്ന് പറഞ്ഞതുപോലെ ആണ്. ഒരേ കമ്പനിയുടെ തന്നെ ഒരു മോഡൽ വളരെ ഗുണനിലവാരമുള്ളതും മറ്റൊരു മോഡൽ ദുരന്തവും ആകുന്ന കേസുകൾ എത്രയോ ഉണ്ട്.  ഏത് ബ്രാൻഡ് ആയാലും വിൽപ്പനാനന്തര സേവനം നല്ലതാണോ എന്ന് ഉറപ്പ് വരുത്തിയതിനു ശേഷം മാത്രം വാങ്ങുക. ഏതെങ്കിലും ഒരു മോഡൽ സെലക്റ്റ് ചെയ്യുന്നതിനു മുൻപ് അതിനെക്കുറിച്ച്  ഓൺലൈൻ ആയും ഓഫ് ലൈൻ ആയും ലഭിക്കുന്ന ഫീഡ് ബാക്കുകൾ പരിശോധിച്ച് ഒരു തീരുമാനമെടുക്കുക.
 ഇൻസ്റ്റാളേഷൻ സപ്പോർട്ട് : നിങ്ങളുടെ വീട്ടിൽ  എയർ കണ്ടീഷണർ ഔട് ഡോർ യൂണിറ്റും ഇൻഡോർ യൂണിറ്റും വയ്കുന്ന സ്ഥലം അനുസരിച്ച്  ഇൻസ്റ്റാളേഷൻ ചെലവുകളും വ്യത്യാസപ്പെട്ടിരിക്കും. പൊതുവേ എയർ കണ്ടീഷണറുകൾക്കൊപ്പം മൂന്നു മീറ്റർ മാത്രമാണ് സ്റ്റാൻഡേഡ് ഫിറ്റിംഗ് ആയി കോപ്പർ പൈപ്പ് വരാറുള്ളത്. അതിൽ കൂടുതൽ ദൂരെ ഔട് ഡോർ യൂണിറ്റ് വയ്കണമെങ്കിൽ കോപ്പർ പൈപ്പിനായി അധികം വില നൽകേണ്ടീ വരും. സ്റ്റാൻഡേഡ് ഫിറ്റിംഗ് ചാർജ് ആയി 1200 മുതൽ 2000 രൂപ വരെ പല കമ്പനികളും വാങ്ങാറുണ്ടെങ്കിലും സ്റ്റാൻഡ്, അഡീഷണൽ കോപ്പർ പൈപ്പ്, അഡീഷണൽ വയർ, പവർ പ്ലഗ് എന്നു വേണ്ട പല വിഭാഗങ്ങളിൽ ആയി അധിക ചെലവുകൾ വന്നേക്കാം. ഇക്കാര്യത്തിലൊക്കെ ഒരു മുൻ ധാരണ ഉണ്ടാകുന്നത് നല്ലതാണ്. പല എയർ കണ്ടീഷണറൂകൾക്കൊപ്പവും പവർ പ്ലഗ് പോലും ലഭിക്കാറില്ല. AC ഔട് ഡോർ യൂണിറ്റുകൾ ഫിറ്റ് ചെയ്യാൻ പ്രത്യേകം  സ്റ്റാൻഡുകൾ ഉപയോഗിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല. നേരിട്ട് സൺ ഷേഡിലും മറ്റും ബോൾട്ട് ചെയ്ത് പിടീപ്പിക്കാൻ സൗകര്യമൂണ്ടെങ്കിൽ ചെയ്യാവുന്നതാണ്. പക്ഷേ പൊതുവേ ഇൻസ്റ്റാൾ ചെയ്യാൻ വരുന്നവർ സ്റ്റാൻഡ് കൂടി വാങ്ങണമെന്ന് നിർബന്ധം പിടിക്കാറുണ്ട്. 500 രൂപ റേഞ്ചിൽ സ്റ്റാൻഡുകൾ ലഭ്യമാണെങ്കിലും ഏറ്റവും കുറഞ്ഞത് 1000 രൂപ എങ്കിലും സ്റ്റാൻഡുകൾക്കായി ഈടാക്കാറുണ്ട്. ഇൻസ്റ്റാളേഷൻ സൗജന്യമായി പല ഷോറൂമുകളും ഓഫർ ചെയ്യാറുണ്ട്. ഈ സൗജന്യ ഇൻസ്റ്റാളേഷനിൽ എന്തെല്ലാം ഉൾപ്പെടുത്തുന്നു എന്ന കാര്യം നേരത്തേ തന്നെ അറിഞ്ഞ് വച്ചിരുന്നാൽ അവസാന നിമിഷം  ഇൻസ്റ്റാളേഷനുവരുന്നവരുമായുള്ള വാഗ്വാദങ്ങൾ ഒഴിവാക്കാൻ കഴിയും.
മറ്റ് ഫീച്ചറുകൾ - പല കമ്പനികളും മാർക്കറ്റിംഗിന്റെ ഭാഗമായി അടിസ്ഥാന സാങ്കേതിക വിദ്യകളെ തന്നെ പല പേരുകളിൽ അവതരിപ്പിച്ച് പരസ്യം ചെയ്യാറുണ്ട്. ഇത്തരം ഗിമ്മിക്കുകളിൽ വീഴാതിരിക്കുക. അനാവശ്യമായ ഫാൻസി ഫീച്ചറുകൾക്കായി അധികം പണം ചെലവാക്കുന്നതിനു പകരമായി കൂടുതൽ കാലം വാറന്റി സപ്പോർട്ട് പോലെയുള്ളവ നൽകുന്ന  ബ്രാൻഡുകളും മോഡലുകളും  തെരഞ്ഞെടുക്കുക.
 ഓൺലൈൻ വാങ്ങണോ കടയിൽ നിന്ന് വാങ്ങണോ ? പൊതുവേ ഗാർഹികോപകരണങ്ങൾക്ക് ഓൺലൈൻ സ്റ്റോറുകളിൽ താരതമ്യേന വലിയ വിലക്കുറവുകളും ഓഫറുകളും കിട്ടാറൂണ്ടെങ്കിലും ഇപ്പോൾ എയർ കണ്ടീഷണറുകളുടെ കാര്യത്തിൽ കടകളിലും സൂപ്പർ മാർക്കറ്റുകളിലും ഓൺലൈൻ സ്റ്റോറുകളേക്കാൽ വിലക്കുറവും ഓഫറുകളൂം കാണാൻ കഴിയുന്നുണ്ട്. അതുപോലെ തന്നെ എക്സ്റ്റൻഡഡ് വാറന്റി, സൗജന്യ ഇൻസ്റ്റാളേഷൻ, ക്രഡിറ്റ് കാർഡ് ഓഫറുകൾ, നോ കോസ്റ്റ് ഇ എം ഐ  തുടങ്ങിയവയെല്ലാം മിക്ക പ്രമുഖ കടകളും നൽകുന്നുണ്ട്.  അതുകൊണ്ട് തന്നെ എയർ കണ്ടീഷണറുകളുടെ കാര്യത്തിൽ കണ്ണടച്ച് ഓൺലൈൻ ഓർഡർ ചെയ്യുന്നതിനു മുൻപ് അടുത്തുള്ള കടകളിൽ കൂടി അന്വേഷിക്കുന്നതായിരിക്കും ബുദ്ധി. വിവരങ്ങൾ വിരൽ തുമ്പത്ത് കിട്ടുന്ന ഇക്കാലത്ത്  സെയിൽസ്മാന്റെ വാചകക്കസർത്തുകളിലും വീഴരുത്.