ജീവിതാന്ത്യം വരെ സംരക്ഷിക്കാമെന്ന ഉറപ്പ് പാലിച്ചില്ല: പ്രമാണം റദ്ദാക്കാൻ കോടതിയെ സമീപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

KERALA STATE HUMAN RIGHTS COMMISSION
e-mail : hrckeralatvm@gmail.com, Phone No. 0471-2307263.
ജീവിതാന്ത്യം വരെ  സംരക്ഷിക്കാമെന്ന ഉറപ്പ്
പാലിച്ചില്ല: പ്രമാണം റദ്ദാക്കാൻ കോടതിയെ
സമീപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
പത്തനംതിട്ട: ജീവിതാന്ത്യം വരെ  സംരക്ഷിക്കാമെന്ന പേരിൽ 2019 മാർച്ച് 30 ന്  വയോധികയുടെ  പക്കൽ നിന്നും തീറാധാരം വാങ്ങിയ  ഏഴ് സെന്റ് സ്ഥലത്തിന്റെ പ്രമാണം റദ്ദാക്കണമെന്ന വയോധികയുടെ ആവശ്യം   സിവിൽ കോടതിയിൽ സമർപ്പിക്കണമെന്ന്   മനുഷ്യാവകാശ കമ്മീഷൻ.
സ്പഷ്യൽ റിലീഫ് ആക്റ്റിലെ   31-ാം വ്യവസ്ഥ പ്രകാരം  ഇക്കാര്യം കോടതിയിൽ ഉന്നയിക്കണമെന്നും കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകി.  വയോധികയെ വഞ്ചിച്ച് പണവും വിലപിടിപ്പുള്ള വസ്തുക്കളും കരസ്ഥമാക്കിയെന്ന പരാതി ഇലവുംതിട്ട പോലീസിൽ നൽ കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. പരാതി കിട്ടിയാൽ ഉചിതമായ അന്വേഷണം നടത്തി തുടർ നടപടികൾ കമ്മീഷനെ അറിയിക്കണമെന്ന് കമ്മീഷൻ ഇലവുംതിട്ട എസ് എച്ച്. ഒക്ക് നിർദ്ദേശം നൽകി.
തുമ്പമൺ താഴം മുറി സ്വദേശിനി സോജ ഷാജൻ തന്റെ ഭർത്താവിന്റെ ബന്ധുവായ 78 വയസുകാരി ശ്രീലക്ഷ്മി കുഞ്ഞികൃഷ്ണന് വേണ്ടി  സമർപ്പിച്ച പരാതിയിലാണ് നടപടി. അടൂർ ആർ.ഡി. ഒ.യിലും പത്തനംതിട്ട എസ്.പിക്കും പരാതി നൽകിയിട്ട് ഫലമില്ലെന്നാണ് പരാതി.
കമ്മീഷൻ പത്തനംതിട്ട ഡി വൈ എസ് പിയിൽ നിന്നും റിപ്പോർട്ട് വാങ്ങി. ശ്രീലക്ഷ്മി കുഞ്ഞികൃഷ്ണൻ എതിർകക്ഷികൾക്ക്  8 സെന്റ് സ്ഥലം തീറാധാരം  നൽകിയെന്നും അത് അരുൺ രാജു എന്നയാൾക്ക് കൈമാറ്റം ചെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ എതിർകക്ഷികളായ രാജു,  ഷീല,  രാധിക എന്നിവർ 2019 ഏപ്രിൽ 4 ന് രണ്ട് ലക്ഷത്തി പതിനായിരം രൂപ  പിൻവലിച്ച് വയോധികയെ ചതിച്ചതായി പരാതിക്കാരി അറിയിച്ചു. തുച്ഛമായ വില നൽകിയാണ് വയോധികയിൽ നിന്നും എതിർകക്ഷികൾ  വസ്തു കരസ്ഥമാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനെതിരെ പത്തനംതിട്ട ആർ.ഡി.ഒ യിൽ കേസ് നിലവിലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
പി.ആർ. ഒ.
518/ 23
2/12/ 23
#KeralaStateHumanRightsCommission