ശാസ്ത്രീയമായ രീതിയിൽ റോഡ് നിർമ്മിക്കുമ്പോൾ യാത്രാ സൗകര്യം മുടക്കരുത് : മനുഷ്യാവകാശ കമ്മീഷൻ
HRMP No : 2399/2022
Kerala State Human Rights commission
Thiruvananthapuram
29/03/23
ശാസ്ത്രീയമായ രീതിയിൽ റോഡ് നിർമ്മിക്കുമ്പോൾ യാത്രാ
സൗകര്യം മുടക്കരുത് : മനുഷ്യാവകാശ കമ്മീഷൻ
മലപ്പുറം : ശാസ്ത്രീയമായ രീതിയിൽ റോഡ് നിർമ്മിച്ചില്ലെങ്കിൽ അപകടസാധ്യതയേറുമെന്ന വസ്തുത അംഗീകരിക്കുമ്പോൾ തന്നെ ഒരാളുടെ വീട്ടിലേക്കുള്ള സുഗമമായ വാഹന ഗതാഗതത്തിന് റോഡ് നിർമ്മാണം കാരണം തടസ്സമുണ്ടാകരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കാസർകോട് മുതൽ തിരുവനന്തപുരം വരെ നീളുന്ന മലയോര ഹൈവേ നിർമ്മാണം കാരണം നിലമ്പൂർ കരുവാരക്കുണ്ട് പ്രദേശത്ത് വീട്ടിലേക്കുള്ള വാഹനഗതാഗതം തടസ്സപ്പെട്ടെന്ന പരാതി തീർപ്പാക്കി കൊണ്ടാണ് കമ്മീഷൻ അംഗം കെ. ബൈജുനാഥിന്റെ ഉത്തരവ്.
കേരള റോഡ് ഫണ്ട് ബോർഡിന് നിർദ്ദിഷ്ട പദ്ധതിയുമായി മുന്നോട്ടുപോകാമെങ്കിലും പരാതി പരിഹരിച്ചതായി ബോർഡ് ഉറപ്പാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
പരാതിക്കാരനായ കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ് സ്വദേശി അക്ബർ അലിയുടെ വീടിന്റെ മുൻഭാഗം 3 മീറ്ററായി ഉയർത്തിയതിനാൽ വീട്ടിലേക്ക് വാഹനം കയറ്റാനോ ഇറക്കാനോ കഴിയുന്നില്ലെന്നാണ് പരാതി. കമ്മീഷൻ റോഡ് ഫണ്ട് ബോർഡിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു. പൂക്കോട്ടുപാടം – കാളികാവ് – കരുവാരക്കുണ്ട് – ചിറക്കൽ റോഡിലാണ് പരാതിയെന്നും കയറ്റിറക്കങ്ങൾ കുറയുന്ന തരത്തിൽ മാറ്റം വരുത്തിയതുകൊണ്ടാണ് പ്രയാസം ഉണ്ടായതെന്നും പുരയിടങ്ങളിൽ പ്രവേശിക്കുന്നതിനുള്ള തടസം ഒഴിവാക്കുന്നതിന് റാമ്പ്, സ്റ്റെപ്പ് മുതലായവ നിർമ്മിക്കുമെന്നും ഇതിനാവശ്യമായ തുക റോഡ് നിർമ്മാണത്തിൽ വകയിരുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
റോഡിന്റെ ഉയരം കൂടിയതിന്റെ ഭാഗമായി പരാതിക്കാരന്റെ വീട്ടിലേക്ക് സുഗമമായ രീതിയിൽ പ്രവശിക്കുന്നതിനായി സ്ഥലത്ത് റാമ്പ് നിർമ്മിച്ച് നൽകുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
പബ്ലിക് റിലേഷൻസ് ഓഫീസർ
29/03/2023.
#KeralaStateHumanRightsCommission