ക്ഷേമനിധി ബോർഡുകളിൽ ഏകീകൃത പെൻഷൻ പദ്ധതി 6 മാസത്തിനകം നടപ്പിലാക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala State Human Rights  commission

Thiruvananthapuram

28/03/23

ക്ഷേമനിധി ബോർഡുകളിൽ ഏകീകൃത പെൻഷൻ പദ്ധതി 6 മാസത്തിനകം നടപ്പിലാക്കണം: മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: ക്ഷേമ ബോർഡുകളിൽ ഏകീകൃതമയ പെൻഷൻ പദ്ധതി നടപ്പാക്കുന്ന നടപടികൾ ആറുമാസത്തിനകം പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. 

പ്രസ്തുത കാലയളവു വരെ കേരള ചുമട്ട് തൊഴിലാളി ക്ഷേമ ബോർഡിൽ നിന്നും വിരമിച്ചവർക്ക് സമാശ്വാസ പെൻഷൻ തുക ഗണ്യമായി വർധിപ്പിക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് തൊഴിൽ വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. സ്വീകരിച്ച നടപടികൾ തൊഴിൽ വകുപ്പ് സെക്രട്ടറി 2 മാസത്തിനുള്ളിൽ കമ്മീഷനെ അറിയിക്കണം.ചുമട്ടുതൊഴിലാളി ബോർഡിൽ നിന്നും 20 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച തനിക്ക് 7500 രൂപ മാത്രമാണ് സമാശ്വാസ പെൻഷൻ ലഭിക്കുന്നതെന്ന് പരാതിപ്പെട്ട്  സമർപ്പിച്ച പരാതിയിലാണ് നടപടി.

പെൻഷൻ പദ്ധതി നിലവിലില്ലാത്ത ക്ഷേമനിധി ബോർഡുകളിൽ ബോർഡുകളുടെ സഹകരണത്തോടെ പൊതുവായ പെൻഷൻ ഫണ്ട് നിലനിർത്തുന്ന വിധത്തിൽ ഏകീകൃതമായ ഒരു പെൻഷൻ പദ്ധതി നടപ്പിലാക്കുന്നതിനുള്ള സാധ്യത സർക്കാർ പരിശോധിച്ചു വരികയാണെന്ന് തൊഴിൽ വകുപ്പ് സെക്രട്ടറി        മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.  ഇക്കാര്യത്തിൽ ഒരു തീരുമാനമുണ്ടായാൽ ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിലെ ജിവനക്കാരുടെ പെൻഷൻ വിഷയം പരിഹരിക്കുമെന്നും സർക്കാർ അറിയിച്ചു. 

          സമാശ്വാസ പെൻഷൻ ഇനത്തിൽ ബോർഡിൽ നിന്നും വിരമിക്കുന്ന ജീവനക്കാർക്ക് അവരുടെ തസ്തിക വ്യത്യാസം കണക്കിലെടുത്ത് അക്കൗണ്ട്സ് ഓഫീസർ/ജൂനിയർ സൂപ്രണ്ട് എന്നിവർക്ക് 10,000 രൂപ വീതവും ക്ലാർക്കിന് 7500 രൂപയും ഓഫീസ് അറ്റന്റന്റിന് 5000 രൂപയും പി റ്റി എസിന് 1000 രൂപയും പ്രതിമാസം നൽകുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 

          ചുമട്ടു തൊഴിലാളി ക്ഷേമബോർഡിലെ വിരമിച്ചവരും തുടർന്ന് വിരമിക്കുന്നവരുമായ സ്ഥിരം ജീവനക്കാർക്ക് കെ എസ് ആർ ഭാഗം മൂന്നു പ്രകാരം പെൻഷൻ നൽകുന്നതിന് സർക്കാർ മുമ്പ് അനുമതി നൽകിയിരുന്നെങ്കിലും ബോർഡിന്റെ സാമ്പത്തിക സ്ഥിതി  അനുകൂലമല്ലാത്തതിനാൽ അനുമതി സർക്കാർ പിൻവലിക്കുകയാണ് ചെയ്തത്. 

          ഒരു ബോർഡിന് മാത്രമായി പെൻഷൻ പദ്ധതി അംഗീകരിച്ചാൽ അതിന്റെ ചുവടു പിടിച്ച് മറ്റ് ബോർഡുകളും സർക്കാരിനെ സമീപിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 

          കേരള വികലാംഗ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് ടി. വി. രാമകൃഷ്ണൻ സമർപ്പിച്ച പരാതിയിലാണ് നടപടി.  

പി.ആർ.ഒ.

7507/22