മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : അപകടാവസ്ഥയിലായ മരക്കൊമ്പുകൾ മുറിച്ചു

HRMP No: 1359/2021

Kerala State Human Rights  commission

Thiruvananthapuram

27/03/23

മനുഷ്യാവകാശ കമ്മീഷൻ  ഇടപെട്ടു : 

അപകടാവസ്ഥയിലായ  മരക്കൊമ്പുകൾ മുറിച്ചു

പാലക്കാട് : മുൻസിഫ് കോടതിയിൽ കേസ് നടക്കുന്നതു കാരണം തർക്കഭൂമിയിലെ അപകടാവസ്ഥയിലുള്ള മരങ്ങളുടെ ശിഖരങ്ങൾ മുറിക്കാനാവില്ലെന്ന നിലപാട് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിലൂടെ ഗ്രാമപഞ്ചായത്ത് തിരുത്തി.

     കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്റെ ഉത്തരവാണ് അലനല്ലൂർ ഗ്രാമപഞ്ചായത്ത് നടപ്പാക്കിയത്.  പാലക്കാട് അലനല്ലൂർ ഉപ്പുകുളം ചൂണ്ടയിൽ വീട്ടിൽ സി. ഗോപാലകൃഷ്ണന്റെ വീട്ടിലേക്ക് ചാഞ്ഞുനിന്ന മരങ്ങളുടെ ശിഖരങ്ങളാണ് മുറിച്ചുമാറ്റിയത്.  2019 ൽ നടന്ന വാഹനാപകടത്തിൽ  നട്ടെല്ലിന് പരിക്കേറ്റ് കിടപ്പിലാണ് പരാതിക്കാരൻ.  കടപുഴകി വീഴാറായ മരങ്ങൾ മുറിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ ഗ്രാമപഞ്ചായത്തിനെ സമീപിച്ചിട്ടും ഫലമുണ്ടാകാത്തതിനെ തുടർന്നാണ് കമ്മീഷനെ സമീപിച്ചത്.  

പഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചു.  മരങ്ങൾ വീടിനും ജീവനും ഭീഷണിയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.  മരങ്ങൾ മുറിക്കാൻ എതിർകക്ഷിയായ ഗോപിക്ക് നോട്ടീസ് നൽകിയെങ്കിലും പാലക്കാട് പ്രിൻസിപ്പൽ മുൻസിഫ് കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ടെന്നും തീർപ്പിന് വിധേയമായി മാത്രമേ തുടർനടപടികൾ സ്വീകരിക്കാൻ കഴിയുകയുള്ളൂവെന്നും എതിർകക്ഷി അറിയിച്ചതായി പഞ്ചായത്ത് കമ്മീഷനെ അറിയിച്ചു.  അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിക്കാൻ 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ടിൽ നിഷ്കർഷിക്കുന്നതനുസരിച്ച് നടപടിയെടുക്കാൻ കമ്മീഷൻ നിർദ്ദേശിച്ചു.   ഇതിന്റെ അടിസ്ഥാനത്തിലാണ് അപകടാവസ്ഥയിലുള്ള മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചുമാറ്റിയത്.  

                    പബ്ലിക് റിലേഷൻസ് ഓഫീസർ

#KeralaStateHumanRightsCommission