ജലക്ഷാമം പരിഹരിക്കാൻ കുളങ്ങൾ സംരക്ഷിക്കണം
ജലക്ഷാമം പരിഹരിക്കാൻ കുളങ്ങൾ സംരക്ഷിക്കണം :
മനുഷ്യാവകാശ കമ്മീഷൻ
തൃശൂർ :- ജല ക്ഷാമം നേരിടുന്നതിന് കുളങ്ങൾ സംരക്ഷിക്കണമെന്നും ഇതിന് വേണ്ടി നിയമാനുസൃത നടപടികൾ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് സ്വീകരിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ.
പുന്നയൂർക്കുളം പഞ്ചായത്തിലെ കടിക്കാട് വില്ലേജിൽ സർവേ നമ്പർ 316/7 ഉൾപ്പെട്ട കുളം നികത്താൻ ഭൂ ഉടമ ശ്രമിക്കുന്നുവെന്ന പരാതിയിലാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരിയുടെ ഉത്തരവ്. കുളം സംരക്ഷിക്കാൻ നിരവധി അപേക്ഷകൾ നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും കുളം ഡാറ്റാ ബാങ്കിൽ ഉൾപ്പെടുത്തണം എന്നുമായിരുന്നു ആവശ്യങ്ങൾ.
പുന്നയൂർക്കുളം പഞ്ചായത്ത് സെക്രട്ടറി, കൃഷി ഓഫീസർ എന്നിവരിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. 2021 മാർച്ച് 23 ന് കുളം വിജ്ഞാപനം ചെയ്ത് പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് ഡാറ്റാ ബാങ്കിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കൃഷി ഓഫീസർ കമ്മീഷനെ അറിയിച്ചു. സ്വകാര്യ വ്യക്തിയിൽ നിന്നും കുളം ഏറ്റെടുത്ത് സംരക്ഷിക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നൽകിയിട്ടുണ്ടെന്നും കൃഷി ഓഫീസർ അറിയിച്ചു. കുളം സംരക്ഷിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാൻ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം പ്രാദേശിക തല നിരീക്ഷണ സമിതി കൺവീനറായ കൃഷി ഓഫീസർക്കും വില്ലേജ് ഓഫീസർക്കും പരാതി കൈമാറിയിട്ടുണ്ടെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. തുടർന്നാണ് കമ്മീഷൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്.