വികലാംഗപെൻഷനുള്ള അപേക്ഷക്ക് മറുപടിക്കായി 5 വർഷം;

Join AntiCorruption Team to make the world better
Join AntiCorrutption Team

വികലാംഗപെൻഷനുള്ള അപേക്ഷക്ക് മറുപടിക്കായി 5 വർഷം;
ഉടൻ പെൻഷൻ അനുവദിക്കണമെന്ന്
 മനുഷ്യാവകാശ കമ്മീഷൻ
തൃശ്ശൂർ : വികലാംഗ പെൻഷൻ അനുവദിക്കുന്നതിനായി 2017 ൽ സമർപ്പിച്ച അപേക്ഷ നിരസിച്ച വിവരം 5 വർഷങ്ങൾക്ക് ശേഷം അപേക്ഷകനെ അറിയിച്ച സാഹചര്യത്തിൽ 50 ശതമാനം വൈകല്യമുള്ള വ്യക്തിക്ക് കാലതാമസം കൂടാതെ വികലാംഗ പെൻഷൻ അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.  
     പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്.  പുന്നയൂർക്കുളം ആറ്റുപുറം ചൊവ്വള്ളൂർ  ഹൗസിൽ ബോസ് സമർപ്പിച്ച പരാതിയിലാണ് നടപടി.  
     പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി.  പരാതിക്കാരന്റെ മകൻ അബേൽ ബോസ് സമർപ്പിച്ച അപേക്ഷയിൽ ഉണ്ടായിരുന്ന വികലാംഗ സർട്ടിഫിക്കേറ്റിന്റെ കാലാവധി അവസാനിച്ചതുകൊണ്ടാണ് പെൻഷൻ നിരസിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.  എന്നാൽ പെൻഷന് വേണ്ടി 2017 മാർച്ച് 15 ന് നൽകിയ അപേക്ഷക്ക് മറുപടി ലഭിച്ചത്  2022 ഫെബ്രുവരി 17 ന് മാത്രമാണെന്ന് പരാതിക്കാരൻ അറിയിച്ചു.  അതേസമയം 2017 ൽ സമർപ്പിച്ച അപേക്ഷയിൽ തുടർനടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.50 ശതമാനം വൈകല്യവും ഭേദമാകാൻ സാധ്യതയില്ലെന്ന് സർട്ടിഫിക്കേറ്റിൽ പറയുന്നതായി ഉത്തരവിൽ ചൂണ്ടിക്കാണിച്ചു. പരാതിക്കാരൻെറ മകന്  മുമ്പ് ലഭിച്ച സർട്ടിഫിക്കേറ്റിൽ കാലാവധി അവസാനിക്കുന്ന തീയതിയെ കുറിച്ച് പറഞ്ഞിട്ടുമില്ല.  
     പരാതിക്കാരൻ  ആവശ്യമായ രേഖകൾ കാലതാമസം കൂടാതെ പഞ്ചായത്ത് സെക്രട്ടറിക്ക് സമർപ്പിക്കണമെന്നും പഞ്ചായത്ത് സെക്രട്ടറി പരാതിക്കാരന്റെ മകന് പെൻഷൻ അനുവദിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
 പബ്ലിക് റിലേഷൻസ് ഓഫീസർ
29/04/2023.