എൽ പി സ്കൂൾ യു.പി.സ്കൂളാക്കണം: മനുഷ്യാവകാശ കമ്മീഷൻ

മുത്തങ്ങ എൽ പി സ്കൂൾ

 യു.പി.സ്കൂളാക്കണം:

മനുഷ്യാവകാശ കമ്മീഷൻ

കൽപ്പറ്റ : മുത്തങ്ങ ഗവ.  എൽ.പി.സ്കൂൾ യു.പി.സ്കൂളായി   അപ്ഗ്രേഡ് ചെയ്യുന്നതിന് വയനാട്  വിദ്യാഭ്യാസ ഉപഡയറക്ടർ ആവശ്യമായ ഇടപെടലുകൾ നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

പട്ടികവർഗ വിഭാഗത്തിലുള്ള 72  കുട്ടികൾ പഠിക്കുന്ന സ്കൂൾ അപ്ഗ്രേഡ് ചെയ്തില്ലെങ്കിൽ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുമെന്ന സാഹചര്യത്തിലാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ്  ഇടപെട്ടത്.

മുത്തങ്ങ മെയിൻ റോഡിൽ നിന്നും സ്കൂളിലേക്കുള്ള റോഡിലുള്ള മേൽപ്പാലം പട്ടികവർഗ വികസന വകുപ്പിൻെറ  കോർപസ് ഫണ്ടിൽ നിന്നും നിർമ്മിക്കുന്നതിനുള്ള നടപടികൾ  സ്വീകരിച്ചു വരുന്നതായി സുൽത്താൻ ബത്തേരി പട്ടികവർഗ വികസന ഓഫീസർ കമ്മീഷനെ അറിയിച്ചു. ഇതിനുള്ള എസ്റ്റിമേറ്റ് പഞ്ചായത്തിൽ നിന്നും ലഭിച്ചിട്ടില്ല.  സ്കൂളിൻ്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് പട്ടികവർഗ വികസന ഓഫീസറെയും നൂൽപുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെയും കമ്മീഷൻ ചുമതലപ്പെടുത്തി. ഇവർ സമയബന്ധിതമായി നടപടികൾ സ്വീകരിക്കണം. ഇതിനാവശ്യമായ അനുമതികൾ വയനാട് ഡി.എഫ്.ഒ. കാലതാമസം കൂടാതെ നൽകണം.

സ്കൂളിലേക്കുള്ള പാലത്തിൻ്റെയും റോഡിൻെറയും ദുരവസ്ഥ ചൂണ്ടിക്കാണിച്ച് മുത്തങ്ങ എൽ പി എസ് പ്രഥമാധ്യാപിക സൈനബ ചണക്കായ് സമർപ്പിച്ച പരാതിയിലാണ് നടപടി.സ്കൂളിൻ്റെ മതിലും ഗേറ്റും ആന നശിപ്പിച്ച അവസ്ഥയിലാണ്.

 പാലം പുതുക്കി പണിയാൻ വനംവകുപ്പിൻ്റെ അനുമതി ആവശ്യമാണെന്ന് നൂൽപുഴ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ  അറിയിച്ചു.വിദ്യാലയത്തിന് ചുറ്റുമുള്ള ഫെൻസിംഗ് നന്നാക്കാൻ വനം വകുപ്പിനോട് ശുപാർശ ചെയ്യും. തകർന്ന ചുറ്റുമതിൽ 23-24 സാമ്പത്തിക വർഷം  പുന:സ്ഥാപിക്കും. സ്കൂളിലേക്കുള്ള റോഡും പാലവും നിർമ്മിക്കുന്നതിനും ഗ്രൗണ്ട് സംരക്ഷിക്കുന്നതിനും രണ്ടു കോടി ആവശ്യമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് എഞ്ചിനീയർ കമ്മീഷനെ അറിയിച്ചു.

ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ നൂൽപുഴ  പഞ്ചായത്ത് സെക്രട്ടറിയും ബത്തേരി പട്ടികവർഗ വികസന ഓഫീസറും രണ്ടു മാസത്തിനകം  കമ്മീഷനെ അറിയിക്കണം.