സാങ്കേതികത്വത്തിൻ്റെ പേരിൽ കുടിവെള്ളം മുട്ടിക്കരുത്

Kerala State Human Rights  commission

Thiruvananthapuram

25/03/23

സാങ്കേതികത്വത്തിൻ്റെ പേരിൽ

കുടിവെള്ളം മുട്ടിക്കരുത്:

മനുഷ്യാവകാശ കമ്മീഷൻ

തൊടുപുഴ: സാങ്കേതിക കാര്യങ്ങൾ പറഞ്ഞ് കുടിവെള്ളം നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻ്റണി ഡൊമിനിക് .

പീരുമേട്  ഗ്രാമ പഞ്ചായത്തിലെ മേമലക്ക് സമീപം കമ്പി മൊട്ടയിൽ ടാങ്കും പമ്പിംഗ് സ്റ്റേഷനും സ്ഥാപിക്കാൻ തുക വകയിരുത്തി അഴുതന  ബ്ലോക്ക് പഞ്ചായത്തും പീരുമേട് ഗ്രാമ പഞ്ചായത്തും സത്വര നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ ആവശ്യപെട്ടു. സാധാരണക്കാരായ തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്. ജനങ്ങൾക്ക് കുടിവെളളം എത്തിക്കേണ്ട ബാധ്യത സർക്കാരിനും പ്രാദേശിക ഭരണകൂടങ്ങൾക്കുമുണ്ടെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

കമ്പി മൊട്ടയിൽ കുടിവെള്ളം ലഭിക്കുന്നില്ലെന്നാരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി.ഭൂ നിരപ്പിൽ നിന്നും വളരെ ഉയർന്ന പ്രദേശമാണ് ഇത്. ജലജീവൻ മിഷൻ്റെ സംഭരണ ടാങ്ക് സ്ഥാപിച്ച സ്ഥലത്തെക്കാൾ ഉയരത്തിലായതു കാരണമാണ് കുടിവെള്ളം കിട്ടാത്തതെന്ന് പീരുമേട് പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. പമ്പിംഗ് സ്റ്റേഷൻ സ്ഥാപിച്ച് ഭൂനിരപ്പിലുള്ള ടാങ്കിൽ നിന്നും വെള്ളം പമ്പ് ചെയ്ത് മുകളിൽ സ്ഥാപിക്കുന്ന ടാങ്കിലെത്തിച്ച് വേണം കുടിവെള്ളം ലഭ്യമാക്കേണ്ടത്. പീരുമേട് പഞ്ചായത്തിൽ ഇതിനുള്ള ഫണ്ടില്ല. അഴുതന ബ്ലോക്കിനോട് ഫണ്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന്  റിപ്പോർട്ടിൽ പറയുന്നു.

ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ ഏപ്രിൽ 20നകം പീരുമേട് പഞ്ചായത്തും അഴുതന ബ്ലോക്കും റിപ്പോർട്ട്  ഹാജരാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

മനുഷ്യാവകാശ പ്രവർത്തകനായ ഗിന്നസ് മാടസാമി  സമർപ്പിച്ച പരാതിയിലാണ് നടപടി.

പി.ആർ.ഒ.

7512/2022