ബസ്സ്റ്റാൻ്റും പൊതു ശുചി മുറിയും നിർമ്മിക്കണം:

Kerala State Human Rights  commission

Thiruvananthapuram

10/04/23

വാഗമണിൽ ബസ്സ്റ്റാൻ്റും പൊതു ശുചി മുറിയും നിർമ്മിക്കണം:

 സമയപരിധി നിശ്ചയിച്ച് മനുഷ്യാവകാശ കമ്മീഷൻ

തൊടുപുഴ: വിനോദ സഞ്ചാര കേന്ദ്രമായ വാഗമണ്ണിൽ ബസ്സ്റ്റാൻ്റ് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് റവന്യു വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ പരിഗണനയിലുള്ള ഫയലിൽ ആറാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻ്റണി ഡൊമിനിക് .

വിനോദ സഞ്ചാരികൾക്ക് ഉപയോഗിക്കാവുന്ന വിധത്തിൽ ആവശ്യമായ സൗകര്യങ്ങളോടുകൂടിയ പൊതു ശുചി മുറി വാഗമണിൽ രണ്ടു മാസത്തിനകം നിർമ്മിക്കണമെന്നും കമ്മീഷൻ ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

2022 ഡിസംബർ 26 ന് ലാൻ്റ്   റവന്യു കമ്മീഷണർ മുഖേന സമർപ്പിച്ച ഫയലിൽ അനുകൂല തീരുമാനമെടുത്ത് ഇടുക്കി ജില്ലാ കളക്ടറെയും  ഏലപ്പാറ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെയും അറിയിക്കണമെന്നാണ് ഉത്തരവ്. ഇപ്രകാരം ലഭിക്കുന്ന തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ ഏറ്റവും കുറഞ്ഞ ദിവസങ്ങൾ കൊണ്ട് ബസ്സ്റ്റാൻറ് നിർമ്മാണം പൂർത്തിയാക്കണമെന്ന് കമ്മീഷൻ ഏലപ്പാറ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. 

വാഗമണിൽ ബസ് സ്റ്റാൻറും ശുചിമുറിയും നിർമ്മിക്കണമെന്ന പരാതിയിലാണ് നടപടി.വാഗമൺ  വില്ലേജിലെ 0.0859  ഹെക്ടർ ഭൂമി 2015ൽ റവന്യു വകുപ്പ് ഏലപ്പാറ ഗ്രാമ പഞ്ചായത്തിന് പാട്ടത്തിന് അനുവദിച്ചിരുന്നു. ഇവിടെയാണ് ബസ്സ്റ്റാൻ്റ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്.

വാഗമണിൽ  പൊതു ശുചി നിർമ്മിക്കേണ്ടത് പഞ്ചായത്തിൻ്റെ ബാധ്യതയാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. അറ്റകുറ്റപണികൾ പൂർത്തിയാക്കി 2023 മാർച്ചിനകം ശുചി മുറി സമുച്ചയം പ്രവർത്തനക്ഷമമാക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. എന്നാൽ ഒരു നടപടിയും ഇക്കാര്യത്തിൽ സ്വീകരിച്ചിട്ടില്ലെന്ന് പരാതിക്കാരനായ മനുഷ്യാവകാശ പ്രവർത്തകൻ ഡോ ഗിന്നസ് മാടസാമി കമ്മീഷനെ അറിയിച്ചു.ഗ്രാമ പഞ്ചായത്തിൻ്റെ അലംഭാവം സാംക്രമിക  രോഗങ്ങൾ വിളിച്ചു വരുത്തുമെന്ന് കമ്മീഷൻ നിരീക്ഷിച്ചു. പൊതു ശുചി മുറിയില്ലാത്തത് സ്ത്രീകൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ഉത്തരവിൽ പറയുന്നു.

ബസ് സ്റ്റാൻ്റ് നിർമ്മാണത്തിന്  2015-2016 സാമ്പത്തിക വർഷമാണ് 30 വർഷത്തേക്ക് പാട്ടത്തിന് സ്ഥലം അനുവദിച്ചത്. 5 ലക്ഷം രൂപയും വകയിരുത്തി.എന്നാൽ അന്നത്തെ പഞ്ചായത്ത് ഭരണസമിതി ഒരു  നടപടിയും സ്വീകരിച്ചില്ല. മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടതു  കൊണ്ടാണ് ഇപ്പോഴത്തെ ഭരണ സമിതി ഇക്കാര്യത്തിൽ നടപടി തുടങ്ങിയത്.

പി.ആർഒ

4973/22