റോഡ് യാഥാർത്ഥ്യമാക്കണം

അറക്കുളം മേമുട്ടം പട്ടിക വർഗ്ഗ കോളനി റോഡ് യാഥാർത്ഥ്യമാക്കണം: മനുഷ്യാവകാശ കമ്മീഷൻ 

തൊടുപുഴ :  വനം വകുപ്പ് അനുവദിച്ച സ്ഥലത്തിൽ കൂടി അവർ നിഷ്കർഷിച്ചിട്ടുള്ള വ്യവസ്ഥകൾക്ക് വിധേയമായി പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തി അറക്കുളം ഗ്രാമപഞ്ചായത്തിലെ മേമുട്ടം പട്ടികവർഗ്ഗ കുടിയിലെ റോഡ് എത്രയും വേഗം സഞ്ചാര യോഗ്യമാക്കി നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

     അറക്കുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവ് നൽകിയത്.

     പരാതിയിൽ പറയുന്ന റോഡ് വനം വകുപ്പിന്റെ അധീനതയിലുള്ളതിനാൽ വനം വകുപ്പിന്റെ അനുമതി ലഭിക്കാത്തതു കാരണമാണ് റോഡ് സഞ്ചാര യോഗ്യമാക്കാൻ തടസ്സമെന്ന് അറക്കുളം ഗ്രാമപപഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.  എന്നാൽ റോഡിന്റെ നിർമ്മാണത്തിന് വനംവകുപ്പ് തടസ്സം നിൽക്കുന്നില്ലെന്നും നിർമ്മാണപ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും പട്ടികവർഗ്ഗ വികസന ഡയറക്ടർ കമ്മീഷനെ അറിയിച്ചു.  റോഡ് വികസനത്തിന് വനം വകുപ്പ് തടസ്സം നിന്നിട്ടില്ലെന്നും പരമാവധി ഭൂമി അനുവദിച്ച് നിർമ്മാണം നടത്താൻ വ്യവസ്ഥകൾക്ക് വിധേയമായി അനുമതി നൽകിയിട്ടുണ്ടെന്നും തൊടുപുഴ ഫോറസ്റ്റ് റേഞ്ച് ഓഫീസറും കമ്മീഷനെ അറിയിച്ചു.

     റോഡിന് ഭൂമി അനുവദിച്ചിട്ടുണ്ടെന്ന വനം വകുപ്പ് ഉദ്ദ്യോഗസ്ഥന്റെ 2022 നവംബർ 16 ലെ റിപ്പോർട്ട് കമ്മീഷൻ രേഖപ്പെടുത്തി.  റിപ്പോർട്ടിന്റെ വെളിച്ചത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.  മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ഗിന്നസ് മാടസാമി സമർപ്പിച്ച പരാതിയിലാണ് നടപടി.

തൊടുപുഴ സിറ്റിംഗ് ഇന്ന്

  തൊടുപുഴ : മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഇന്ന് (21/02/2023) രാവിലെ 10.30 ന് തൊടുപുഴ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൌസിൽ സിറ്റിംഗ് നടത്തും.

 പബ്ലിക് റിലേഷൻ ഓഫീസർ

20/02/2023. 

#KeralaStateHumanRightsCommission