പശുതൊഴുത്തിന് ഈടാക്കിയ 2621 രൂപയുടെ നികുതി തിരികെ നൽകണം : മനുഷ്യാവകാശ കമ്മീഷൻ
പശുതൊഴുത്തിന് ഈടാക്കിയ 2621 രൂപയുടെ നികുതി
തിരികെ നൽകണം : മനുഷ്യാവകാശ കമ്മീഷൻ
തൃശ്ശൂർ : പശുതൊഴുത്തിന് ഈടാക്കിയ 2621 രൂപയുടെ കെട്ടിട നികുതി നികുതി ദായകന് അടിയന്തരമായി തിരികെ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ഇൻഫർമേഷൻ കേരള മിഷനും പൊയ്യ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കുമാണ് കമ്മീഷൻ അംഗം വി. കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്.
തിരുവമ്പാടി ഗ്രീൻപാർക്കിൽ ബാലകൃഷ്ണൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. പൊയ്യ ഗ്രാമപഞ്ചായത്തിലുള്ള പരാതിക്കാരന്റെ കെട്ടിടമായ 9/74 ന് നികുതി 25 രൂപയായിരുന്നു. എന്നാൽ 2015 ൽ പശുതൊഴുത്ത് വാണീജ്യകെട്ടിടമാക്കി മാറ്റി 2500 രൂപ നികുതി നിശ്ചയിച്ചു. തുടർന്ന് പഞ്ചായത്ത് ഡയറക്ടർക്ക് പരാതി നൽകി. 2500 രൂപ എന്നത് 46 രൂപയാക്കി കുറവ് ചെയ്തെങ്കിലും അതിനുമുമ്പ് ഈടാക്കിയ കൂടുതൽ തുക തിരികെ നൽകിയില്ല.
പൊയ്യ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. വസ്തു നികുതി നിർണയവുമായി ബന്ധപ്പെട്ട സഞ്ചയ സോഫ്റ്റ് വെയറിൽ മാറ്റം വരുത്തിയാൽ മാത്രമേ പരാതിക്കാരനിൽ നിന്നും ഈടാക്കിയ കൂടുതൽ തുക തിരികെ നൽകാൻ കഴിയുകയുള്ളുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ഇൻഫർമേഷൻ കേരള മിഷന് കത്ത് നൽകിയിട്ടുണ്ടെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പരാതിക്കാരൻ അധികമായി അടച്ച തുക മുൻകൂർ നികുതിയായി പരിഗണിച്ച് പ്രസ്തുത തുകയിൽ നിന്നും നികുതി ഈടാക്കി വരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
പശുതൊഴുത്തിന്റെ നികുതി 25 രൂപയിൽ നിന്നും 2621 രുപയാക്കിയത് ഏത് അടിസ്ഥാനത്തിലാണെന്ന് കമ്മീഷൻ ചോദിച്ചു. എന്നാലും 46 രൂപയാക്കി കുറച്ച നടപടി അംഗീകരിക്കുന്നു.
അധികമായി ഈടാക്കിയ നികുതി സോഫ്റ്റ് വെയറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി രണ്ടുമാസത്തിനകം തിരികെ നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഇതിനാവശ്യമായ നടപടികൾ പൊയ്യ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.