മെഡിസെപ് അംഗത്തിന് ശസ്ത്രക്രിയക്ക് ചെലവായ തുക തിരികെ നൽകണം : മനുഷ്യാവകാശ കമ്മീഷൻ

HRMP No :6726/22

Kerala State Human Rights  commission

Thiruvananthapuram

23 /O2/2023 

മെഡിസെപ് അംഗത്തിന് ശസ്ത്രക്രിയക്ക് ചെലവായ തുക 

തിരികെ നൽകണം : മനുഷ്യാവകാശ കമ്മീഷൻ

എറണാകുളം : സർക്കാർ ജീവനക്കാരുടെ ചികിത്സാ സഹായ പദ്ധതിയായ മെഡിസെപ്പിൽ അംഗമായ സർക്കാർ പെൻഷണർക്ക് ഹെർണിയ ശസ്ത്രക്രിയക്ക് ചെലവായ 20,000 രൂപ അടിയന്തരമായി തിരികെ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.  

     ധനകാര്യ (ആരോഗ്യ ഇൻഷ്വറൻസ്) വകുപ്പ് അഡീഷണൽ സെക്രട്ടറിക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദ്ദേശം നൽകിയത്.  ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കുന്ന നടപടികൾ ഒരു മാസത്തിനുള്ളിൽ കമ്മീഷനെ അറിയിക്കണം. 

     കോതമംഗലം മാർ ബസേലിയസ് മെഡിക്കൽ മിഷൻ ആശുപത്രിയിലാണ് കൂവപ്പടി ഐമുറി  പിട്ടാപ്പിള്ളിൽ വീട്ടിൽ പി. വൈ ജോർജ്ജ് ശസ്ത്രക്രിയക്ക് വിധേയനായത്.  മെഡിസെപ് പദ്ധതി അനുസരിച്ച് ചികിത്സ സൗജന്യമാണെന്നാണ്  പരാതിക്കാരനെ അറിയിച്ചത്.  ഇതിന്റെ അടിസ്ഥാനത്തിൽ ആധാറിന്റെ കോപ്പിയും മെഡിസെപിന്റെ കോപ്പിയും ആശുപത്രിയിൽ നൽകി.  എന്നാൽ ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ 20,000 രൂപ നൽകാതെ ആശുപത്രിയിൽ നിന്നും പോകാൻ കഴിയില്ലെന്ന്  അധികൃതർ പറഞ്ഞു.  തുടർന്ന് തുക നൽകിയെന്നും പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു.  ആശുപത്രിയിൽ നൽകിയ 20,000 രൂപ തിരികെ വേണമെന്നാണ് ആവശ്യം.

     ധനവകുപ്പ് അഡീഷണൽ സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി.  പരാതി ഇൻഷ്വറൻസ് കമ്പനിക്ക് കൈമാറിയിട്ടുണ്ടെന്നും പരാതിക്കാരന്റെ മെഡിസെപ് ഐ ഡിയും പെൻഷൻ ഓർഡർ നമ്പരും ആവശ്യമുണ്ടെന്നും അവ ലഭിച്ചാൽ നടപടി സ്വീകരിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.  എന്നാൽ എറണാകുളത്ത് ജനുവരി 8 ന് നടന്ന സിറ്റിംഗിൽ ഹാജരായ പരാതിക്കാരൻ എല്ലാ രേഖകളും സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്ന് അറിയിച്ചു.

 പബ്ലിക് റിലേഷൻസ് ഓഫീസർ

#KeralaStateHumanRightsCommission