സംസ്ഥാന ബാലാവകാശ കമ്മീഷൻ മുൻപാക്കെ ബോധിപ്പിക്കുന്ന പരാതി.
ബഹു. സംസ്ഥാന ബാലാവകാശ കമ്മീഷൻ മുൻപാക്കെ ബോധിപ്പിക്കുന്ന പരാതി.
വിഷയം : വിശന്നു വലഞ് ഭക്ഷണത്തിനായി അപേക്ഷിച്ച് ഒറ്റപ്പാലം പോലീസ് സ്റ്റേഷനിൽ എത്തിയ അമ്മയ്ക്കും കുഞ്ഞുങ്ങൾക്കും ഭക്ഷണം നൽകിയത് ചിത്രങ്ങളെടുത്തും, ദൃശ്യങ്ങൾ പോലീസിന്റെ ഒഫീഷ്യൽ പേജിലൂടെ പ്രചരിപ്പിച്ചും പോലീസും, യൂട്യൂബ് വ്ലോഗറും നടത്തിയ നിയമവിരുദ്ധ പ്രവൃത്തിയെക്കുറിച്ചും, പ്രസ്തുത ചിത്രങ്ങളും, വീഡിയോകളും സൈബർ ഇടങ്ങളിൽ നിന്നും നീക്കം ചെയ്യുന്നതും സംബന്ധിച്ച പരാതി
സർ,
വിശപ്പ് സഹിക്കാനാകുന്നില്ല എന്ന് അപേക്ഷിച്ച് 23.02.2023 ന് ഒറ്റപ്പാലം പോലീസ് സ്റ്റേഷനിൽ എത്തിയ അമ്മക്കും പ്രായപൂർത്തിയാകാത്ത രണ്ട് മക്കൾക്കും ഭക്ഷണം വാങ്ങി നൽകിയ ശേഷം പോലീസ് അധികാരികൾ സ്വകാര്യ വ്യക്തിയെ വിളിച്ചു വരുത്തി അമ്മയുടെയും മക്കളുടെയും ദയനീയ അവസ്ഥയുടെയും, ഭക്ഷണം നൽകിയതിന്റെയും വീഡിയോ ചിത്രീകരിക്കുകയും പ്രസ്തുത വീഡിയോ കേരള പോലീസിന്റെ ഔദ്യോദിക ഫെയിസ്ബുക്ക് പേജിലൂടെ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിലൂടെയും, പോലീസ് സ്റ്റേഷനിൽ വെച്ച് വീഡിയോ ചിത്രീകരിക്കാൻ പോലീസ് അനുമതി നൽകിയ മൊയ്‌നുദ്ദീൻ എന്നയാളുടെ മൊയ്‌നൂസ് വ്ലോഗ് എന്ന പേജിലൂടെയും നിയമവിരുദ്ധമായി കുട്ടികളുടെ മുഖം പോലും മാസ്ക്ക് ചെയ്യാതെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ഭക്ഷണം എന്നല്ല ഏത് സഹായങ്ങളും ഏറ്റുവാങ്ങുന്നവന്റെ മുഖത്തെ ആ ദയനീയത ' ദാരിദ്ര്യത്തിന്റെതുമാത്രമല്ല..
ആൾക്കൂട്ടത്തിനു മുമ്പിൽ നഗ്നമാക്കപ്പെട്ട അഭിമാനത്തിന്റെതുകൂടിയാണ്.
32 ലക്ഷം മലയാളികൾ പതിനായിരത്തിൽ അധികം ആളുകൾ പോലീസ് പേജിലൂടെയും, മൊയ്‌നൂസ് പേജിലൂടെയും ഇപ്പോഴും കാണുകയും ഷെയർ ചെയ്യപ്പെടുകയുമാണ്.
രണ്ട് ദിവസം ഭക്ഷണം കഴിച്ചില്ല എന്ന് പറഞ്ഞ് ഒറ്റപ്പാലം പോലീസ് സ്റ്റേഷനിൽ എത്തിയ രണ്ട് കുഞ്ഞ് മക്കൾ അടങ്ങുന്ന കുടുംബത്തിന് പോലീസ് ഭക്ഷണം നൽകുകയും തുടർ സഹായം നൽകുകയും ചെയ്തതാണ് വാർത്ത.
പോലീസ് എന്നല്ല ഭക്ഷണം കഴിച്ചിട്ട് രണ്ട് ദിവസമായി എന്ന് പറഞ്ഞാൽ ഏതൊരു മനുഷ്യനും ചെയ്യുന്നത് തന്നെയാണ് ഭക്ഷണം നൽകുക എന്നിരിക്കെ ഭക്ഷണത്തിനായി പോലീസ് സ്റ്റേഷനിൽ എത്തുന്നവരെ ബന്ധപ്പെട്ട സാമൂഹിക നീതി വകുപ്പ് അധികൃതരെയോ, മറ്റ് സർക്കാർ അധികാരികളെയോ അറിയിക്കുക എന്നത് പോലീസിന്റെ ഔദ്യോദിക ചുമതലയാണ് എന്നിരിക്കെ അത്തരം ഡ്യൂട്ടി നിർവഹിക്കാതെ ഭക്ഷണം നൽകിയ ശേഷം കുട്ടികളുടെയും, അമ്മയായ സ്ത്രീയുടെയും ദയനീയത പകർത്തി പ്രചരിപ്പിച്ചതും ഒരു വ്യക്തിക്ക് അവരുടെ വീഡിയോ പോലീസ് സ്റ്റേഷനുള്ളിൽ വെച്ച് പകർത്താനും പ്രചരിപ്പിക്കാനും അനുമതി നൽകിയതും ഗുരുതരമായ കൃത്യവിലോപവും, കുറ്റകരമായ പ്രവൃത്തിയുമാണ്.
പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വീഡിയോ മുഖം മറയ്ക്കാതെ പ്രചരിപ്പിച്ച് മൊയ്‌നൂസ് വ്ലോഗ് എന്ന വ്ലോഗ് നടത്തുന്ന മൊയ്‍ന്നുദ്ദീൻ എന്നയാൾ സാമ്പത്തിക ലാഭം ഉണ്ടാകുകയും ചെയ്യുന്നുണ്ട് എന്നത് ഏറെ ഗൗരവകാരമാണ്.
ഗതികേടുകൊണ്ട് ഭക്ഷണം കഴിക്കാൻ ഇല്ലാതിരുന്ന ആ കുടുംബത്തിനെ പോലീസ് സ്റ്റേഷനിൽ എത്തിച്ച് ആ കുഞ്ഞ് കുട്ടികളെയും അമ്മയെയും നിർത്തി കഥ പറയിക്കുന്നു. പറയിക്കട്ടെ.. പക്ഷേ ആ കുഞ്ഞുങ്ങളുടെയും അമ്മയുടെയും മുഖം മറയ്ക്കുക എന്ന മിനിമം മര്യാദ കാണിക്കാൻ പോലും തയ്യാറാകാതെയാണ് വീഡിയോ ഷെയർ ചെയ്യപ്പെട്ടകൊണ്ട് പ്രചരിക്കുന്നത്.
പതിനെട്ടുവയസ്സിനുതാഴെയുള്ള കുട്ടികൾ സാമ്പത്തികം ഉൾപ്പെടെയുള്ള സഹായം സ്വീകരിക്കുന്ന ചിത്രങ്ങൾ സമൂഹ-മുഖ്യധാരാ മാധ്യമങ്ങളിൽ നൽകുന്നത് വിലക്കി വനിതാശിശു ക്ഷേമ വകുപ്പിന്റെ 2022 ലെ സർക്കുലർ പ്രകാരം
മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും കുട്ടികളുടെ പേരുകളോ ഫോട്ടോഗ്രാഫുകളോ ഉപയോഗിച്ച് ഇത് പരസ്യപ്പെടുത്തുന്നത് നിയമവിരുദ്ധവും കുറ്റക്കാരവുമvaki
ഭരണഘടനയുടെ ആർട്ടിക്കിൾ 39 (എഫ്) പ്രകാരം , കുട്ടികൾക്ക് ആരോഗ്യകരമായ രീതിയിലും സ്വാതന്ത്ര്യത്തിലും അന്തസ്സിലും വളരാനുള്ള അവസരങ്ങളും സൗകര്യങ്ങളും നൽകുകയും ബാല്യത്തെയും യുവാക്കളെയും ചൂഷണത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നതിനായി സംസ്ഥാനം പുറപ്പെടുവിച്ച ഉത്തരവിന്റെ നഗ്നമായ ലാംഗണമാണ് മേൽ വിവരിച്ച സംഭവം.
കൂടാതെ, എല്ലാ മനുഷ്യരെയും തുല്യമായ അന്തസ്സോടും അവകാശങ്ങളോടും കൂടി പരിഗണിക്കണമെന്ന അന്തസ്സിന്റെയും മൂല്യത്തിന്റെയും തത്വം ഉൾപ്പെടെയുള്ള ചില തത്ത്വങ്ങളിൽ, 2015 ലെ ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ സംരക്ഷണവും സംരക്ഷണവും) നിയമത്തിന്റെ ലാംഗാനവുമാണ് പോലീസിന്റെയും, വ്ലോഗറുടേയും പ്രവർത്തികൾ.
ഓരോ കുട്ടിക്കും അവന്റെ/അവളുടെ സ്വകാര്യതയും രഹസ്യസ്വഭാവവും സംരക്ഷിക്കാനുള്ള അവകാശമുണ്ടെന്നും നിയമം പറയുന്നു. നിയമപ്രകാരം, പരിചരണവും സംരക്ഷണവും ആവശ്യമുള്ള കുട്ടികൾക്ക് ഏതെങ്കിലും തരത്തിലുള്ള സഹായത്തിന്റെ കാര്യത്തിൽ കുട്ടിയുടെ ഐഡന്റിറ്റി ഉപയോഗിച്ചുള്ള പരസ്യം നിരോധിക്കുന്നത് ബാധകമാണ്. എന്നാണ് നിയമം.
നിയമത്തിന്റെ 74-ാം വകുപ്പ് അനുസരിച്ച്, "ഏതെങ്കിലും അന്വേഷണമോ അന്വേഷണമോ ജുഡീഷ്യൽ നടപടിക്രമങ്ങളോ സംബന്ധിച്ച് ഒരു പത്രത്തിലോ മാസികയിലോ വാർത്താ ഷീറ്റിലോ ഓഡിയോ-വിഷ്വൽ മാധ്യമങ്ങളിലോ മറ്റ് ആശയവിനിമയ രൂപങ്ങളിലോ ഒരു റിപ്പോർട്ടും പേര്, വിലാസം, സ്കൂൾ നൽകുക എന്നതല്ലാതെ മറ്റെന്തെങ്കിലും വെളിപ്പെടുത്താൻ പാടില്ല.
പരിചരണവും സംരക്ഷണവും ആവശ്യമുള്ള കുട്ടിയെയോ അല്ലെങ്കിൽ കുറ്റകൃത്യത്തിന് ഇരയായ കുട്ടിയെയോ സാക്ഷിയെയോ തിരിച്ചറിയുന്നതിലേക്ക് നയിച്ചേക്കാവുന്ന മറ്റ് ആവശ്യത്തിലേക്കോ അല്ലാതെ , മറ്റൊരു രീതിയിലും ഏതെങ്കിലും തരത്തിലുള്ള സഹായങ്ങൾ സ്വീകരിക്കുന്ന കുട്ടിയുടെ ചിത്രം പ്രസിദ്ധീകരികുന്നത് നിയമവിരുദ്ധമാണ്.
ആയതിനാൽ നിയമപാലകരായ പോലീസ് അധികാരികൾ തന്നെ നിയമവിരുദ്ധ പ്രവൃത്തികൾക്ക് പോലീസ് സ്റ്റേഷനുള്ളിൽ അവസരം നൽകുന്നതും അത്തരത്തിലുള്ള വീഡിയോകൾ ഒഫീഷ്യൽ പേജിൽ ഉൾപ്പെടെ പ്രചരിപ്പിച്ചതും ഗുരുതരമായ കൃത്യവിലോപവും, ജുവനയിൽ ജസ്റ്റിസ് നിയമത്തിലെ വകുപ്പ് 74 പ്രകാരം കുറ്റകരവും, വനിതാ ശിശു ക്ഷേമ വകുപ്പിന്റെ ഉത്തരവിന്റെ ലംഘനവും, സ്വകാര്യതക്കുള്ള മൗലികാവകാശത്തിന്റെ ലംഘനവും, സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത് ഐടി ആക്റ്റ് പ്രകാരം ക്രിമിനൽ കുറ്റവുമാണ് എന്നതിനാൽ മേൽ സൂചിപ്പിച്ച നിയമവിരുദ്ധമായ ചിത്രങ്ങൾ / വീഡിയോകൾ എന്നിവ ഫെയിസ്ബുക്കിലെ പോലീസ് ഔദ്യോദിക പേജിൽ നിന്നും, മൊയ്‌നുസ് വ്ലോഗ് എന്ന മൊയ്‌നുദ്ധീന്റെ ഫെയിസ്ബുക്ക്, യൂട്യൂബ് മറ്റ് സോഷ്യൽ മീഡിയ പേജുകളിൽ നിന്നും അടിയന്തിരമായി നീക്കം ചെയ്യാനും, ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും, മൊയ്‌ന്നുദ്ദ്ധീൻ എന്നിവർക്കെതിരെയും നിയമനടപടികൾ സ്വീകരിക്കാനും നടപടികൾ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.
അഡ്വ ശ്രീജിത്ത് പെരുമന