കോസ്റ്റ്ഫോഡ് Costford Triprayar എന്ന ഏജൻസി
(പുതുതായി ഉണ്ടാക്കിയ വീട്ടിലേക്ക് പുതുവർഷത്തിൽ (2023 ജനുവരി 1 ഞായർ) ഞാനും കുടുംബവും താമസം മാറുകയാണ്. കഴിഞ്ഞ ഒരു വർഷമായി ഞാൻ ഈ വീടുപണിയുടെ തിരക്കിലായിരുന്നു എന്നു പറയാം. ചെലവു കുറഞ്ഞ വീടുകളുടെ നിർമാതാക്കളായ, ലാറി ബേക്കർ മാതൃക പിന്തുടരുന്ന, കോസ്റ്റ്ഫോഡ് Costford Triprayar എന്ന ഏജൻസിയും അവരുടെ ആർക്കിടെക്റ്റ് ശാന്തിലാലും Santhi Lal ആയിരുന്നു വീടിന്റെ പ്ലാനും സൂപ്പർവിഷനും നിർവഹിച്ചത്.
ഞാൻ താമസിക്കുന്ന എടവനക്കാട് ഉൾപ്പെടെയുള്ള വൈപ്പിൻകരയിൽ ബഹുഭൂരിപക്ഷം നിർമാണ സാധനങ്ങളും പുറമേ നിന്നു വരുത്തേണ്ടതിനാൽ, ഏതു നിർമാണ വസ്തുവായാലും ചെലവ് താരതമ്യേനെ കൂടുതലായിരിക്കും ഇവിടെ . ഭൂരിപക്ഷം പേരും സിമന്റ് കട്ട/താബൂക്ക് കൊണ്ടാണു് ഇവിടങ്ങളിൽ വീടു കെട്ടിപ്പൊക്കുന്നത്. കോസ്റ്റ് ഫോഡ് പക്ഷേ, വെട്ടുകല്ല്/ചെങ്കല്ല് , ഇഷ്ടിക മുതലായവയാണ് വീടു നിർമാണത്തിനായി നിർദേശിക്കുന്നത്. എന്റെ വീടു പക്ഷേ, പൊറോത്തേം ബ്രിക്സ് ഉപയോഗിച്ചാണു പണിതത്. കണ്ണൂരെ വളപട്ടണത്തൊക്കെ ലഭ്യമായ ഹുരുഡിസ് എന്ന കട്ടയ്ക്കു സമാനമാണിത്. കളിമണ്ണു കൊണ്ടുണ്ടാക്കി ചുട്ടെടുത്ത ഉള്ളു പൊള്ളയായ കട്ട ആണിത്. വിയന്ന ആസ്ഥാനമായുള്ള Wienerberger എന്ന കമ്പനിയാണ് ഈ ബ്ലോക് നിർമിക്കുന്നത്. ഇൻഡ്യയിൽ ബംഗ്ലൂരിലാണ് ഇതുണ്ടാക്കുന്നത്. എറണാകുളത്ത് കുമ്പളം ടോൾ പ്ലാസയ്ക്കു സമീപമാണ് ഏജൻസി.
കോസ്റ്റ്ഫോഡ് ഹുരുഡിസ് ഉപയോഗിച്ചു വീടുകളുണ്ടാക്കിയിട്ടുണ്ടെങ്കിലും പൊറോത്തേം ബ്രിക്സ് ഉപയോഗിച്ച് അവർ പണിത ആദ്യത്തെ വീട് എന്റേതാണ്. വീടിന്നകത്തു ചൂട് കുറവായിരിക്കും എന്നതാണു പ്രധാന നേട്ടം. എന്നെ സംബന്ധിച്ച് വീട് വെറൈറ്റി ആയിരിക്കണം എന്ന നിർബന്ധം കൂടിയുണ്ടായിരുന്നു. അങ്ങനെയാണ് ഈ കട്ടയിലേക്ക് എത്തിച്ചേർന്നത്. മകൻ ഗൌതമും Gautam Sudesh M ഇതിന്നായി കുറേ അന്വേഷണങ്ങളൊക്കെ നടത്തി, വിവരങ്ങൾ തന്നിരുന്നു.
12 ഇഷ്ടികയുടെ വലിപ്പമുള്ള ഈ കട്ടയുടെ വില (സൈറ്റിലെത്തുമ്പോൾ) 100 മുതൽ 115 ക. വരെ ആകും. കോസ്റ്റ്ഫോഡിന്റെ നിർമിതികളിൽ സിമന്റ് പ്ലാസ്റ്ററിങ് ഇല്ലല്ലോ. എന്റെ വീടിന്റെയും അകവും പുറവും എക്സ്പോസ്ഡ് ആക്കി തന്നെയാണു ചെയ്തിരിക്കുന്നത്.
തമിഴ് നാട്ടിലെ ആത്തംകുടി ഗ്രാമത്തിലുണ്ടാക്കുന്ന ഹാൻഡ്മെയ്ഡ് ടൈലാണു നിലത്തു വിരിച്ചിരിക്കുന്നത്. കൂടാതെ, പഴയ മരക്കഷണങ്ങൾ ഉപയോഗിച്ചുള്ള വുഡൻ ഫ്ലോറിങ്ങും കുറച്ചുഭാഗത്ത് വിട്രിഫൈഡ് ടൈലും ഉണ്ട്. കട്ടിളയും ജനലുകളും വാതിലുകളുമെല്ലാം പഴയ മരം ഉപയോഗിച്ചാണു പണിതത്. എല്ലാ മുറികൾക്കും 3 ജനാലകളുണ്ട്. അതിൽ രണ്ടെണ്ണം ക്രോസ് വെന്റിലേഷനാണ്. (ജനാലകൾ ഒരിക്കലും തുറക്കാത്ത മലയാളികളെ സംബന്ധിച്ചിടത്തോളം ക്രോസ് വെന്റിലേഷനിലൊന്നും ഒരു കാര്യവുമില്ല). മുറ്റത്ത് ടൈൽ വിരിച്ചിട്ടില്ല. താഴത്തെ നിലയുടെ മേൽക്കൂര ഫില്ലർ സ്ലാബ് രീതിയിലും മുകളിലത്തെ നിലയിലേത് ജിപി പൈപ്പ് ഉപയോഗിച്ച് ട്രസ് വർക്ക് ചെയ്ത് അതിൽ ബാംബൂ ഷീറ്റടിച്ച് അതിന്റെ മേൽ പഴയ ഓട് വിരിച്ചുമാണു ചെയ്തിരിക്കുന്നത്.
മാലിന്യ നിർമാർജനത്തിനും മഴവെള്ള സംഭരണത്തിനും സവിശേഷ രീതികളാണ് സ്വീകരിച്ചിരിക്കുന്നത്. സാധാരണ സെപ്റ്റിക് ടാങ്കിനു് ഒരുപാടു പരിമിതികളുണ്ടെന്നു നമുക്കെല്ലാം അറിയാമെങ്കിലും ബദൽ എന്തെന്ന് ഭൂരിപക്ഷം ആളുകൾക്കും അറിയില്ല; അങ്ങനെയുള്ള അന്വേഷണവുമില്ല. അതുകൊണ്ടാണ് ഏതാണ്ട് എല്ലാവരും സെപ്റ്റിക് ടാങ്ക് തന്നെ നിർമിക്കുകയോ റെഡിമെയ്ഡ് വാങ്ങിവയ്ക്കുകയോ ചെയ്യുന്നത്. അത് നിറയുന്ന പ്രശ്നം, ഇടക്കിടെ കോരിക്കേണ്ട അവസ്ഥ ഒക്കെ പല സ്ഥലത്തും ഉണ്ട്. എന്നാൽ പൂർണമായും കക്കൂസ് മാലിന്യം വിഘടിച്ചുപോകുന്ന, ഔട്ലെറ്റിൽ നിന്നു വരുന്ന വെള്ളം ചെടികൾക്കു നേരിട്ടു നനക്കാൻ ഉപയോഗിക്കാവുന്ന തരം സംവിധാനം, അരൂരെ സമുദ്ര ഷിപ്പിങ് കമ്പനി ഉണ്ടാക്കിയിട്ടുണ്ട്. ബയോഡൈജസ്റ്റർ എന്നാണ് അതിന്റെ പേര്. എഫ് ആർ പിയിലും ഫെറോസിമന്റിലും അതു ലഭ്യമാണ്. കൊച്ചി മെട്രോയിൽ മുഴുവൻ ഇതാണ് ഉപയോഗിച്ചിരിക്കുന്നത്. ആ ബയോഡൈജസ്റ്ററാണ് ഞാൻ ഉപയോഗിച്ചിരിക്കുന്നത്. അതുപോലെ തന്നെ, ജൈവ മാലിന്യങ്ങൾ സംസ്കരിക്കാൻ നമ്മുടെ നാട്ടിൽ നിലവിലുള്ള സംവിധാനങ്ങൾ മിക്കതും വേണ്ടത്ര ഫലപ്രദമല്ല. ബയോഗ്യാസ് പ്ലാന്റിൽ, വീട്ടിലെ എല്ലാ ജൈവ മാലിന്യങ്ങളും ഇടാൻ സാധിക്കില്ല. ബയോബിന്നുകൾ പലതും പുഴുശല്യം മൂലം ആളുകൾ ഉപയോഗിക്കാൻ മടിക്കുന്നു. എന്നാൽ, കൊടുങ്ങല്ലൂരെ ഐക്യാൻ റിസർച്ച് സെന്റർ നിർമിച്ചിട്ടുള്ള ബയോമാജിക് വെയ്സ്റ്റ് ഡിസ്പോസർ ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. എല്ലാത്തരം ജൈവ മാലിന്യങ്ങളും നിക്ഷേപിക്കാം എന്നതാണ് ഇതിന്റെ സവിശേഷത; ദ്രവമാലിന്യം പാടില്ലെന്നു മാത്രം. ദ്രവമാലിന്യം വരാത്ത രീതിയിൽ ജൈവമാലിന്യം സംഭരിക്കാനുള്ള ബക്കറ്റും കൂടെ അവർ വിതരണം ചെയ്യുന്നുണ്ട്. ഈ രണ്ടു സംവിധാനങ്ങളും കോസ്റ്റ്ഫോഡ് വീടുകളിൽ ആദ്യമാണ്. ഇതു കൂടാതെ മഴവെള്ളം ഫിൽട്ടർ ടാങ്കിലൂടെ കടത്തിവിട്ട് കിണറ്റിൽ സംഭരിക്കുന്നു. മുളന്തുരുത്തി തുരുത്തിക്കരെ സയൻസ് സെന്റർ ആണ് ഇക്കാര്യത്തിൽ സഹായിച്ചത്. സോളാറിൽ പ്രവർത്തിക്കുന്ന, ലിഥിയം ഫോസ്ഫേറ്റ് ബാറ്ററി കം ഇൻവെർട്ടർ സിസ്റ്റമാണു സ്ഥാപിച്ചിരിക്കുന്നത്.
ഫ്ലാറ്റ് മോഡൽ വീട്ടിൽ മുകളിലത്തെ നിലയിൽ ആണു വർഷങ്ങളായി ഞങ്ങൾ താമസിക്കുന്നത്. വല്ലാത്ത ചൂടും അകത്തും പുറത്തും സൌകര്യക്കുറവും കാരണം, റിട്ടയർമെന്റ് ആകുമ്പോളെങ്കിലും കുറച്ചുകൂടി സൌകര്യത്തിൽ പുതിയൊരു വീടു വയ്ക്കണമെന്നു തീരുമാനിച്ചിരുന്നു.
എന്റെ ഫെയ്സ്ബുക്ക് എക്കൌണ്ട് നോക്കിയാൽ എന്റെ സാമൂഹിക-രാഷ്ട്രീയ നിലപാടുകൾ മാത്രമല്ല, വ്യക്തിപരമായ വിവരങ്ങളും എല്ലാവർക്കും മനസ്സിലാക്കാം. എന്നെ സംബന്ധിച്ചുള്ള ഏതാണ്ടെല്ലാ വിവരങ്ങളും എഫ് ബിയിലൂടെ പങ്കു വയ്ക്കാറുണ്ട്. ജീവിതത്തിൽ പുലർത്തിപ്പോരുന്ന അത്തരമൊരു സുതാര്യത/തുറവി എന്റെ വീടിനും ഉണ്ടാകണമെന്നുള്ള ആഗ്രഹം ഉണ്ടായിരുന്നു. കോംപൌണ്ട് വാൾ ഉൾപ്പെടെ ഈ വീട് അത്തരം തുറവിയുള്ള, കാറ്റും വെളിച്ചവും മതിയാവോളം കടക്കുന്ന ഒന്നാക്കിത്തീർക്കാൻ ശാന്തിലാലിന്റെ ഡിസൈനും മേൽനോട്ടവും സഹായിച്ചിട്ടുണ്ട്. ആശയപരമായും ഞങ്ങൾ തമ്മിൽ പല കാര്യങ്ങളിലും ചേർച്ചയുണ്ടായിരുന്നതിനാൽ അദ്ദേഹം എന്റെ ആഗ്രഹത്തിനും താത്പര്യത്തിനും സാമൂഹിക വീക്ഷണത്തിനും അനുസൃതമായ വീടു തന്നെ രൂപകൽപ്പന ചെയ്തു. അതു് ഇക്കാണാവുന്ന രൂപത്തിലാക്കാൻ അഫ്സൽ Afsal Afzz എന്ന സൈറ്റ് എൻജിനീയർ വഹിച്ച പങ്കും നിസ്തുലമാണ്. രണ്ടുപേർക്കും എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. കോസ്റ്റ്ഫോഡിന്റെ സ്ഥിരം പണിക്കാരാണ് ഇലക്ട്രിക്കൽ, പ്ലംബിങ്, പെയ്ൻറിങ്, കാർപെന്റിങ്, ട്രസ് വർക്ക് മുതലായ വർക്കുകൾ ചെയ്തത്. അവരെല്ലാവരും ഒന്നിനൊന്നു മികച്ചവരും സ്പീഡുള്ളവരും ആയിരുന്നു. കട്ട കെട്ടിപ്പൊക്കിയത് മലപ്പുറം മഞ്ചേരി, നിലമ്പൂർ ഭാഗത്തുള്ള രവി, പ്രജീഷ് മുതലായവരും, നാട്ടിലുള്ള, സഹപാഠി കൂടിയായ സോജന്റെ നേതൃത്വത്തിലുള്ള മേസന്മാരും ആയിരുന്നു.
വീടിന്റെ വിശദമായ വീഡിയോ ഡോ.ഇൻറീരിയർ എന്ന യൂട്യൂബ് ചാനൽ ചെയ്തിട്ടുണ്ട്. അത് ഉടൻ പുറത്തുവരും.
സുദേഷ് എം രഘു.
എടവനക്കാട്
എറണാകുളം 682 502
2022 ഡിസംബർ 31