വീടും ലോണും

വീടും ലോണും

ഈ ഗ്രൂപ്പിൽ കണ്ടുവരുന്ന ഒരു പ്രവണത ലോണിനോടുള്ള വിരോധം ആണ്. ഇത് മിക്കവാറും സാമ്പത്തിക വിദ്യാഭ്യാസത്തിന്റെ അഭാവം കൊണ്ടാണെന്നാണ് എന്റെ അഭിപ്രായം.  നമുക്ക് വായ്പയെടുത്ത് വീട് വക്കുന്നതിനെ വിശദമായി വിശകലനം ചെയ്യാം

സാമ്പത്തിക സുരക്ഷ നോക്കിയാൽ വീട് എന്നത് സമ്പാദ്യത്തിന്റ 30% എടുത്ത് മാത്രം ഉണ്ടാക്കേണ്ടതാണ് എന്നാണ് എന്റെ അഭിപ്രായം. കാരണം ഈ നിക്ഷേപിക്കുന്ന കാശ് dead investment ആണ്, കയ്യിൽ കാശിലെങ്കിൽ ലോണെടുത്ത് വീട് വെക്കുന്നതിനേക്കാൾ ലാഭം വാടകക്ക് നിൽക്കുന്നതാണ്. നാട്ടിൻ പുറങ്ങളിൽ വാടക്ക് വീടുകൾ കിട്ടുന്നത് ബുദ്ധിമുട്ടായിരിക്കും. അതുപോലെ പലവിധ കാരണങ്ങൾ കൊണ്ട് വീട് ഒരാവശ്യമായി വരാം, കയ്യിൽ വേണ്ടത്ര കാശും ഇല്ലെങ്കിൽ പിന്നെ ഏറ്റവും നല്ല വഴി ഭവനവായ്പയാണ്. വരുമാനം ഉണ്ടാക്കാൻ പറ്റാത്ത കാര്യങ്ങൾക്ക് വളരെ അത്യാവശ്യം ഉണ്ടെങ്കിൽ മാത്രമെ വായ്പ എടുക്കാവു, അതുകൊണ്ട് വായ്പ എടുത്ത് വീട് വക്കണോയെന്ന് നന്നായി ആലോചിച്ച് വേറോരു വഴിയും ഇല്ലെങ്കിൽ മാത്രം ചെയ്യുക.

എന്തുകൊണ്ട് ഭവനവായ്പ? ഇതിനുള്ള ലളിതമായ ഉത്തരം കുറഞ്ഞ പലിശക്കും കൂടുതൽ കാലാവധിയിലും എളുപ്പത്തിലും കിട്ടുന്ന വായ്പയാണ് ഭവനവായ്പ. ഭവനവായ്പക്കുള്ള ഈട് നിങ്ങളുടെ സ്ഥലവും വീടും തന്നെയാണ്. നിങ്ങളുടെ കയ്യിൽ വീട് പണിക്കു വേണ്ടി കുറച്ചു കാശുണ്ടെങ്കിൽ അത് എടുക്കാതെ വായ്പ എടുത്ത് വീട് ഉണ്ടാക്കുന്നതായിരിക്കും ബുദ്ധിപരമായ നീക്കം. എന്തുകൊണ്ടെന്ന് വിശദമായി പറയാം.

ഒരു ഉദാഹരണം വച്ച് പറയാം. നിങ്ങളുടെ കയ്യിൽ മൂന്ന് ലക്ഷം ഉണ്ട്, നിങ്ങൾ പത്ത് ലക്ഷം രൂപയുടെ വീടാണ് ഉണ്ടാക്കാൻ ഉദേശിക്കുന്നതെങ്കിൽ, പത്ത് ലക്ഷം 9.5% പലിശക്ക് 25 വർഷത്തേക്ക് വായ്പയെടുത്താൽ

  Monthly EMI = Rs 8737

  Principal amount= Rs 10,00,000

  Total interest = Rs 16,21,090

  Total amount = Rs 26,21,090

അതായത് 16 ലക്ഷം കൂടുതൽ അടക്കണം. അതായത് എടുത്ത തുകയും അതിന്റെ ഒന്നര ഇരട്ടിയിലധികം തുകയും കൂട്ടി അടക്കേണ്ടി വരും. ഇത് കേട്ട് നെറ്റി ചുളിച്ച് വായ്പ പരിപാടി നിർത്തിവക്കാൻ വരട്ടെ, കുറച്ച് കാര്യങ്ങൾ കൂടി മനസിലാക്കണം.

ആദ്യമായി 9.5% എന്നത് ഇന്ത്യയിലെ ഉയർന്ന പലിശ നിരക്കാണ്. ഇന്ത്യയുടെ സാദ്ധ്യതകൾ വച്ച് നോക്കുമ്പോൾ നമ്മുടെ രാജ്യം വളരാനും പലിശ നിരക്ക് കുറയാനുമാണ് സാദ്ധ്യത. പലിശ കുറഞ്ഞ് പഴയ നിലയിൽ, കോവിഡിനു മുൻപുള്ള 7.5% ൽ എത്തിയാൽ തന്നെ നാല് ലക്ഷത്തോളം പലിശയിനത്തിൽ കുറയാം. 25 വർഷം എന്നത് നീണ്ട കാലയളവാണ് ഇതിൽ പലിശ കുറയാനാണ് സാദ്ധ്യതയുളളത്. ഇത് പലിശ ഭാരം നന്നായി കുറക്കും.

ഇനി നോക്കേണ്ടത് നിങ്ങൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ജോലിക്ക് ഇപ്പോഴുള്ള കൂലിയും പത്ത് വർഷം മുമ്പുണ്ടായിരുന്ന കൂലിയും എത്രയാണ് എന്ന് നോക്കുക. കുറഞ്ഞത് 10% കൂലിയിൽ വർദ്ധന ഉണ്ടായത് കാണാം. നിങ്ങളുടെ കൂലിയുടെ വർദ്ധനയും ഭവനവായ്പയുടെ പലിശയും നോക്കിയാൽ വായ്പ പലിശ നിരക്ക് കുറവാണെങ്കിൽ ധൈര്യമായി വായ്പ എടുക്കാം. കാരണം കാശിന്റെ മൂല്യം നോക്കിയാൽ നിങ്ങൾ 25 വർഷം കഴിഞ്ഞു അടക്കുന്ന മൊത്തം തുക എന്നത് ഇന്ന് നിങ്ങൾ എടുത്ത വായ്പ തുകയോ അതിൽ കുറവോ ആണ്. ഇത് സംഭവിക്കുന്നത് ഭവനവായ്പ കൂടുതൽ കാലത്തേക്ക് എടുക്കുമ്പോൾ മാത്രമാണ്.

നിങ്ങൾ വീട് വെക്കുന്നത് അതൊരു ആവശ്യമാണെന്ന് ഉറപ്പിച്ചശേഷം ആണല്ലോ, വായ്പ എടുക്കുന്നത് കാശ് തികയാത്തതു കൊണ്ടും. നിങ്ങൾ വായ്പ എടുക്കുന്നത് കൊണ്ട് വർഷക്കൾക്ക് ശേഷം പൂർത്തിയാകേണ്ട ആവശ്യം ഒരു വർഷത്തിനുള്ളിൽ തന്നെ പൂർത്തിയാകുകയാണ്. അതിന്റെ ഗുണങ്ങൾ നിങ്ങൾക്ക് പെട്ടെന്ന് തന്നെ അനുഭവിക്കാം. ഇതും വായ്പയുടെ നേട്ടത്തിൽ വരും. വീടുപണിയുടെ ഇന്നത്തെ ചെലവും അഞ്ചുവർഷം മുൻപുണ്ടായിരുന്ന ചെലവും തമ്മിലുള്ള അന്തരം നോക്കിയാൽ കാശ് ഉണ്ടാക്കിയിട്ട് നിർമ്മാണം തുടങ്ങാം എന്നു വിചാരിക്കുന്നതിലെ സാമ്പത്തിക നഷ്ടം മനസിലാകും.

ഇനി വായ്പ എടുക്കുന്നവർക്ക് പറ്റുന്ന ചില മണ്ടത്തരങ്ങൾ കൂടി പറയാം. ചിലർ 25 വർഷത്തേക്ക് വായ്പ എടുത്ത് അഞ്ചോ പത്തോ വർഷത്തിൽ തന്നെ അടച്ചു തീർക്കും. വേഗം അടച്ചു തീർക്കാം എന്ന അതിബുദ്ധിയുടെ മണ്ടത്തരം കൂടുതൽ കാലത്തേക്ക് വായ്പ എടുത്താലുള്ള ഗുണങ്ങളിൽ നിന്ന് തന്നെ മനസിലായിക്കാണും. പണപ്പെരുപ്പത്തിന്റെ ആനുകൂല്യം നഷ്ടപ്പെടും കൂടുതൽ തുക പലിശയായി നൽകേണ്ടി വരും. ഇത് മുഴുവനായി മനസിലാകണമെങ്കിൽ ബാങ്ക് തിരിച്ചടവ് കണക്കാക്കുന്നതും അതിലെ നിബന്ധനകളും മനസിലാക്കണം. സാധാരണയായി തിരിച്ചടവിന്റെ ആദ്യ ഘടുക്കൾ പലിശയിലേക്ക് മാത്രമായി പോകുന്ന രീതിയിൽ ആണ് വായ്പകൾ ക്രമീകരിച്ചിട്ടുണ്ടാകുക. അതായത് തിരിച്ചടവിന്റെ ആദ്യ കാലങ്ങളിൽ പലിശയിലേക്ക് കൂടുതലും മുതലിലേക്ക് കുറവും അതിനു ശേഷം രണ്ടും ഏകദേശം തുല്യവും അവസാന കാലങ്ങളിൽ മുതലിലേക്ക് കൂടുതലും പലിശയിലേക്ക് കുറവും ആയിരിക്കും. ഇത് കാരണം നിങ്ങൾ നേരത്തെ തിരിച്ചടച്ചാലും ബാങ്കിന് വേണ്ട പലിശ അവർ പിടിച്ചു കാണും. ചില ബാങ്കുകൾ മുതലിലേക്ക് നേരിട്ട് അടക്കാൻ സൗകര്യം തരുന്നുണ്ട്, പക്ഷെ ഇതിൽ പരിധി ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. അതുകൊണ്ട് വായ്പ പെട്ടെന്ന് തിരിച്ചടക്കാനാണ് പദ്ധതിയെങ്കിൽ പരമാവധി കുറഞ്ഞ കാലയളവിലേക്ക് വായ്പയെടുക്കുക, നിബന്ധനകൾ കൃത്യമായി മനസിലാക്കുക.

വായ്പ എന്നു പറയുന്നത് തന്നെ risk ആണ്. അതിൽ risk പരമാവധി എങ്ങനെ കുറക്കാം എന്നതിനെ കുറിച്ച് പഠിച്ച് മാത്രം വായ്പ എടുക്കുക. ഇതിൽ ചെയ്യാൻ പറ്റുന്ന കാര്യം ശരിയായ ഇൻഷുറൻസുകൾ എടുക്കുക എന്നതാണ്. വായ്പ എടുത്ത വ്യക്തിക്ക്  അപകടമോ മരണമോ ഉണ്ടായാൽ ബാങ്ക്  ഇത്തരം ഇൻഷുറൻസുകൾ ഉപയോഗിച്ച് വായ്പ തിരിച്ചടച്ചു കൊള്ളും. വ്യക്തിക്ക് മാത്രമല്ല വീടിനും ഇൻഷുറൻസ് എടുക്കുക, എന്തെങ്കിലും പ്രകൃതി ദുരന്തങ്ങളിൽ വീടിന് നാശനഷ്ടങ്ങൾ ഉണ്ടായാൽ ഇതിന്റെ പരിരക്ഷ ലഭിക്കും. ഒപ്പം ആരോഗ്യ ഇൻഷുറൻസ് കൂടി എടുക്കുക സാധാരണയായി ആളുകൾ ഇത്തരം ഇൻഷുറൻസുകൾ ഒഴിവാക്കി വലിയ സാസത്തിക ബാദ്ധ്യത വരുത്തി വക്കും. ജീവിതമാണ് പല തരത്തിലുള്ള മോശം കാലഘട്ടവും വരാം.

ശ്രദ്ധിച്ചു വായിച്ചവർക്ക് ഒരു മൂന്നു ലക്ഷത്തിന്റെ കഥ മനസിലാകാതെ കിടക്കുന്നുണ്ടാകും. ആദ്യം പറഞ്ഞിരുന്നു കയ്യിലുള്ള കാശ് എടുത്ത് നിർമ്മാണം തുടങ്ങുന്നതിന് പകരം വായ്പ പണം മാത്രം ഉപയോഗിക്കണം ഇത് risk കുറക്കാൻ വേണ്ടിയാണ്. ആദ്യം പറഞ്ഞ ഉദാഹരണം അനുസരിച്ച് മൂന്ന് കൊല്ലം EMI അടക്കണമെങ്കിൽ ഏകദേശം മൂന്ന് ലക്ഷം വേണം. ഈ തുക ചെലവാക്കാതെ സുരക്ഷിത നിക്ഷേപമായ Fixed deposit ൽ ഇടാം. നിങ്ങൾക്ക് എന്തെങ്കിലും കാരണത്താൽ EMI അടക്കാൻ സാധിക്കാതെ വന്നാൽ ഈ തുക ഉപയോഗിച്ച് മൂന്ന് വർഷം വരെ പിടിച്ചു നിൽക്കാം. ഏറ്റവും മോശമായ കാലഘട്ടമായ കോവിഡ് കാലം രണ്ട് വർഷത്തോളം ഉണ്ടായി. അതുകൊണ്ട് മൂന്ന് വർഷം പിടിച്ചു നിൽക്കാൻ ഉള്ള തുക ഉണ്ടെങ്കിൽ ആത്‌മവിശ്വാസത്തോടെ മോശം കാലഘട്ടം മറികടക്കാൻ സാധിക്കും

പലർക്കും പറ്റുന്ന അബദ്ധമാണ്, വായ്പയുടെ കാര്യം വരുമ്പോൾ മാത്രം ബാങ്കുമായി ബന്ധം സ്ഥാപിക്കൽ. ഇത് credit score മോശമാകാനും വായ്പ കിട്ടാതിരിക്കാനും കിട്ടിയാൽ തന്നെ കൂടിയ പലിശ നിരക്കിനും കാരണമാകും. നിങ്ങൾക്ക് വായ്പയെടുക്കാൻ പദ്ധതിയുണ്ടെങ്കിൽ ശമ്പളവും ചെലവുകളും ബാങ്ക് വഴി ആക്കുക. ചെറിയ വായ്പകളോ തിരിച്ചടവുകളോ bill payment കളോ ഉണ്ടെങ്കിൽ കൃത്യമായ സമയത്തിനുള്ളിൽ ബാങ്ക് വഴി ചെയ്യുക. ഇതൊക്കെ നല്ല credit score നന്നാക്കുന്നതിന് സഹായിക്കും. 

അവസാനമായി വായ്പയെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കൂടി നോക്കാം. ആവശ്യമുള്ള തുക നോക്കി മാത്രമാകരുത് വായ്പ തുക തീരുമാനിക്കൽ. നിങ്ങളുടെ ഒരു വർഷത്തിലെ വരുമാനത്തിന്റെ പത്ത് മടങ്ങിൽ കൂടുതൽ ഒരിക്കലും വായ്പ എടുക്കരുത്, അത് സുരക്ഷിതമല്ല. ഒരു emergency fund എപ്പോഴും കരുതണം, നേരത്തെ പറഞ്ഞപോലെ കുറഞ്ഞത് രണ്ടോ മൂന്നോ വർഷം പിടിച്ചു നിൽക്കാൻ ഉള്ളത്. നല്ല credit score ഉണ്ടാക്കുക, ഇത് വായ്പ എളുപ്പത്തിൽ ലഭിക്കുന്നതിനും  പലിശ നിരക്കിൽ ഇളവ് കിട്ടാനും സഹായിക്കും. തിരിച്ചടവ് കാലാവധി ആവശ്യത്തിനനുസരിച്ച് ക്രമീകരിക്കുക. കുടുതൽ കാലം വായ്പ എടുത്തു പെട്ടെന്ന് തിരിച്ചടക്കുന്നതിനേക്കാൾ നല്ലത് ആ കാശ് വേറെ നല്ല ലാഭം തരുന്ന സുരക്ഷിത നിക്ഷേപം ആക്കി മാറ്റുന്നതാണ്. ഏറ്റവും പ്രധാനപ്പെട്ടത് വായ്പ എടുത്ത് വീടു പണിയുമ്പോൾ പെട്ടെന്ന് നിർമ്മാണം തീർക്കണം, നിർമ്മാണ കാലാവധി നീളുന്തോറും പലിശ വളരെയധികം കൂടും. നിർമ്മാണം പൂർത്തിയായി EMI തുടങ്ങുന്നതുവരെ പലിശ അടക്കണം, EMI തുടങ്ങുമ്പോൾ മാത്രമേ മുതലിലേക്ക് തിരിച്ചടവു വരു. ഇനി അഥവാ നിങ്ങളുടെ കൈയ്യിൽ അധികം ഉള്ള കാശ് തിരിചടച്ചാൽ പിന്നീട് എന്തെങ്കിലും കാരണം കൊണ്ട് കൂടുതൽ കാശ് നിർമ്മാണത്തിന് ആവശ്യമായാൽ കാശ് ഇല്ലാതെ നിർമാണം മുടങ്ങാൻ സാദ്ധ്യതയുണ്ട്. അതുകൊണ്ട് എത്രയും വേഗം നിർമ്മാണം തീർത്ത് വായ്പ തിരിച്ചടവ് തുടങ്ങുക

 

സാധാരണക്കാർക്ക് വേണ്ടി പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും പല തരത്തിലുള്ള പദ്ധതികളും ഉണ്ട് (ഉണ്ടായിരുന്നു). ഇതിൽ കുറഞ്ഞ പലിശനിരക്കും subsidy യും ഉണ്ട്. https%3A%2F%2Fwww.life2020.kerala.gov.in , https%3A%2F%2Fpmaymis.gov.in

 

വായ്പ ലഭിച്ചുകഴിഞ്ഞാൽ സാധാരണയായി വീട് പണിയുടെ ഓരോ സ്റ്റേജ് തീരുമ്പോഴാണ് ബാങ്ക് അതിനുള്ള തുക തരുക. അതുകൊണ്ട് 20% തുക കയ്യിലുള്ളപ്പോൾ പണി തുടങ്ങുന്നതാണ് നല്ലത്. തിരിച്ചടവ് എപ്പോൾ വേണമെങ്കിലും തുടങ്ങാം, നിങ്ങൾക്ക് തീരുമാനിക്കാം