സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ അധികൃതർക്ക് ബാധ്യത : മനുഷ്യാവകാശ കമ്മീഷൻ

സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ അധികൃതർക്ക് ബാധ്യത :  

മനുഷ്യാവകാശ കമ്മീഷൻ

കണ്ണൂർ : സുരക്ഷിതവും മായം കലരാത്തതുമായ ഭക്ഷണം കഴിക്കാനുള്ള ജനങ്ങളുടെ അവകാശം സംരക്ഷിക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് ബാധ്യതയുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്.

      ഗുണനിലവാരമുള്ളതും മായം കലരാത്തതുമായ മത്സ്യം വിപണിയിൽ ലഭിക്കുന്നതിനായി ഭക്ഷ്യ സുരക്ഷാവകുപ്പ് ശക്തവും കാര്യക്ഷമവുമായ പരിശോധനകൾ നടത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

     സംസ്ഥാനത്ത് വിൽപ്പനക്കെത്തുന്ന മത്സ്യങ്ങളിൽ ഫോർമാലിൻ ഉൾപ്പെടെയുള്ള രാസവസ്തുക്കൾ ചേർക്കുന്നത് തടയണമെന്ന പരാതി തീർപ്പാക്കി കൊണ്ടാണ് കമ്മീഷൻ ഉത്തരവ്. 

     ഭക്ഷ്യസുരക്ഷാ കമ്മീഷണറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി.  രാസവസ്തുക്കൾ ചേർക്കുന്ന മത്സ്യം കണ്ടെത്തുന്നതിനായി ‘ ഓപ്പറേഷൻ മത്സ്യ ’എന്ന പേരിൽ പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.  2022 ഏപ്രിൽ മുതൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും ചെക്ക് പോസ്റ്റിലെത്തുന്ന മത്സ്യം പരിശോധിക്കുന്നുണ്ട്.  2022 ഒക്ടോബർ 31 വരെ 7790 മത്സ്യപരിശോധനകൾ നടത്തിയിട്ടുണ്ട്.  4673 സാമ്പിളുകൾ ശേഖരിച്ചു.  258 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്.  35893 കിലോ ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടിച്ച് നശിപ്പിച്ചിട്ടുണ്ട്.  

      ചെക്ക് പോസ്റ്റ്, മത്സ്യലേല മാർക്കറ്റുകൾ, വിൽപ്പനകേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ചു ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരന്തരം പരിശോധനകൾ നടത്തുന്നുണ്ട്.  രാസവസ്തുക്കൾ ചേർത്ത മത്സ്യം കണ്ടെത്തിയാൽ 2006 ലെ നിയമപ്രകാരം മത്സ്യം പിടിച്ചെടുത്ത് നശിപ്പിക്കും.  സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി വികസിപ്പിച്ചെടുത്ത ടെസ്റ്റ് കിറ്റുകൾ ഉപയോഗിച്ച് ഫോർമാലിൻ സാന്നിധ്യം തൽസമയം കണ്ടെത്തും.   

      എന്നാൽ സംസ്ഥാനത്തെത്തുന്ന മത്സ്യം ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളിൽ രാസവസ്തുക്കൾ അടങ്ങിയിട്ടുള്ളതായി നിരവധി റിപ്പോർട്ടുകളുണ്ടെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു.  

     കണ്ണൂർ സ്വദേശി അഡ്വക്കേറ്റ് ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.

പി.ആർ.ഒ.