മക്കൾക്ക് സ്വത്ത് വിഭജനം നടത്തുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
മക്കൾക്ക് സ്വത്ത് വിഭജനം നടത്തുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
.(Adv.ജെയിംസ് ജോസഫ് അധികാരത്തിൽ, Land consultant. 094474 64502 )
നമ്മുടെ സമൂഹത്തിൽ സഹോദരങ്ങൾ തമ്മിലുള്ള അകൽച്ചയ്ക്കും കലഹത്തിനും പ്രധാന കാരണങ്ങളിലൊന്ന് അവരുടെ മാതാപിതാക്കൾ നീതിപൂർവമല്ലാതെ നടത്തിയ സ്വത്ത് വിഭജനമാണ്. മാതാപിതാക്കൾ വേണ്ടത്ര കരുതലും, ജാഗ്രതയും, നീതിബോധവും ഇല്ലാതെ മക്കൾക്ക് സ്വത്ത് വിഭജനം നടത്തിയത് മൂലം നല്ല കാര്യമെന്ന് കരുതി അവർ ചെയ്ത പ്രവർത്തിയുടെ സ്നേഹസ്മരണ മക്കൾക്കില്ലാതെ പോകുന്ന സാഹചര്യങ്ങളും വിരളമല്ല.
സ്വത്ത് വിഭജിച്ച് നൽകുക തന്നെ വേണം പക്ഷേ സ്വത്തിനോടൊപ്പം സ്വത്ത് സംബന്ധമായ പ്രശ്നങ്ങളും കുരുക്കുകളും വിഭജിച്ചു നൽകാതിരിക്കാൻ ശ്രദ്ധിക്കണം. പ്രായമായ മാതാപിതാക്കൾ അവരുടെ സ്വത്തുക്കൾ അടുത്ത തലമുറയ്ക്ക് കൈമാറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്.
സ്വത്തുക്കൾ വിശിഷ്യാ ഭൂസ്വത്ത് ഇഷ്ടദാനമായോ, ദാനമായോ, ഭാഗ ഉടമ്പടിയായോ വിൽപ്പത്രമായോ നമ്മുടെ പ്രിയപ്പെട്ടവർക്ക് കൈമാറാം .
ഇത്തരം കൈമാറ്റത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താത്തത് മൂലം വസ്തു കൈമാറികിട്ടിയവർ വിഷമത്തിലാവുന്ന സാഹചര്യങ്ങൾ നിരവധിയാണ്. എന്നാൽ ഇത്തരം കൈമാറ്റങ്ങൾക്ക് മുമ്പേ മാതാപിതാക്കൾ താഴെപ്പറയുന്ന 12 തയ്യാറെടുപ്പുകൾ നടത്തി കഴിഞ്ഞാൽ കൈമാറ്റങ്ങൾ ഒരു പരിധിവരെ പരാതിരഹിതമാകും.
1. വസ്തുവിന്റെ കൃത്യമായ വിസ്തീർണ്ണത്തെക്കുറിച്ച് ബോധ്യം ഉണ്ടായിരിക്കണം. ആറ്റിൽ കളഞ്ഞാലും അളന്നു കളയണം എന്ന് കേട്ടിട്ടില്ലേ. ആധാരത്തിൽ ഒരളവ്, കൈവശത്തിൽ മറ്റൊരളവ്, കരമടച്ച രസീതിൽ വേറൊരു അളവ് എന്നിങ്ങനെ പൊരുത്തക്കേടുകൾ വന്നു കഴിഞ്ഞാൽ അതിന്റെ കാരണം അന്വേഷിച്ച് കണ്ടെത്തി അപാകതകൾ പരിഹരിക്കണം.
അയൽവാസികൾ ആരെങ്കിലും വസ്തുവിൽ അതിക്രമിച്ച് കടന്നിട്ടുണ്ടെങ്കിൽ അത്തരം അപാകതകളുടെ പരിഹാരം അടുത്ത തലമുറയെ ഏൽപ്പിക്കാനിടയാവരുത്. മാതാപിതാക്കളുടെ ജീവിതകാലത്തുതന്നെ പരിഹരിക്കേണ്ട അപാകതകൾ യഥാസമയം പരിഹരിക്കുവാൻ ശ്രമിക്കണം.
2. വസ്തുവിന് കൃത്യമായിട്ടുള്ള അതിർത്തി ഉണ്ടായിരിക്കണം. അയൽവാസി എത്ര സ്നേഹസമ്പന്നനായാലും നമ്മുടെ ഇടപെടലുകളിലും ഭൂമിയിലും കൃത്യമായ അതിർത്തികൾ നിശ്ചയിച്ചേ പറ്റൂ. മതിൽ കെട്ടാൻ പറ്റുമെങ്കിൽ മതിൽ കെട്ടണം അല്ലെങ്കിൽ കല്ലിട്ട് തിരിച്ച് വേലി കെട്ടണം. മുതിർന്നവർക്കിടയിൽ എത്ര സ്നേഹവും സൗഹൃദവും ഉണ്ടായിരുന്നാലും ഭാവിയിൽ അവരുടെ മക്കൾ തമ്മിൽ അങ്ങനെയാവണമെന്നില്ല.
സ്നേഹബന്ധങ്ങൾക്ക് എത്ര ഇളക്കം വന്നാലും ഇളകാത്ത അതിർത്തി കല്ലുകൾ ഉണ്ടായിരിക്കണം. വീട്പൂട്ടി കുടുംബമൊന്നാകെ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്ന ഇക്കാലയളവിൽ വസ്തുക്കൾ അതിർത്തിരഹിതമാകുന്നത് അപകടകരമാണ്.
3. ലൈസൻസ് ഉള്ള ഒരു പ്രൈവറ്റ് സർവെയർ സ്ഥലം അളന്ന് തയ്യാറാക്കിയ സ്കെച്ച് കൈവശം ഉണ്ടായിരിക്കണം. സ്കെച്ചിലെ വിവരങ്ങൾ കരമടച്ച രസീതിലെയും ആധാരത്തിലെയും വിവരങ്ങളുമായി ഒത്തുപോകുന്നു എന്ന് ഉറപ്പു വരുത്തണം. പ്രമാണങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ സ്ഥലത്തിന്റെ സ്കെച്ചും കൂടി ഉൾപ്പെടുത്തി രജിസ്റ്റർ ചെയ്യുന്നത് സുരക്ഷിതമാണ് .
. നമ്മുടെ സ്ഥലത്തിന്റെ സ്കെച്ച് വില്ലേജ് ഓഫീസിലുള്ള റിക്കാർഡുകളിൽ പ്രതിഫലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ഇല്ലെങ്കിൽ ഫാറം-8ൽ ഭൂരേഖ തഹസിൽദാർക്ക് ആധാരം, കരമടച്ച രസീത്, കൈവശമുള്ള സ്കെച്ച് എന്നിവ സഹിതം അപേക്ഷ നൽകി നടപടിക്രമങ്ങൾ പൂർത്തിയാക്കണം. ആ ജോലി മക്കൾക്ക് വിട്ടുകൊടുക്കേണ്ടതില്ല.
4. ഭൂ ഉടമയുടെ കൈവശം ഉടമസ്ഥാവകാശ രേഖയുടെ ഒറിജിനൽ ഉണ്ടായിരിക്കണം . മുൻ ആധാരത്തിന്റെ കോപ്പി അറ്റസ്റ്റ് ചെയ്ത് കൈവശമുണ്ടാവണം. ഓരോ വർഷവും ഭൂമിയുടെ കരമടച്ച രസീതും , കെട്ടിടനികുതി അടച്ച രസീത് നഷ്ടപ്പെടാതെ ക്രമമായി സൂക്ഷിച്ചുവെക്കണം. ഭൂമിയുടെ കരമടയ്ക്കുന്നത് വസ്തു ഉടമയുടെ പേരിൽ അല്ലെങ്കിൽ പോക്കുവരവ് നടപടിക്രമങ്ങൾ നടത്തി വസ്തു സ്വന്തം പേരിൽ തണ്ടപ്പേർ പിടിച്ച് കരമടയ്ക്കണം.
ഭൂസ്വത്ത് സംബന്ധിച്ച എല്ലാ രേഖകളും മടക്കാതെ മുഷിയാതെ ഒരു ഫയൽ ഫോൾഡറിൽ സൂക്ഷിച്ചു വെച്ചിരിക്കണം.എല്ലാ പ്രധാനപ്പെട്ട രേഖകളും സ്കാൻ ചെയ്ത് ഡിജിലോക്കർ പോലെയുള്ള ഡിജിറ്റൽ സംവിധാനങ്ങളിൽ സൂക്ഷിച്ചു വെക്കുന്നത് സൗകര്യപ്രദമാണ്.
5. ഭൂമിയുടെ തരവും (നിലമോ,പുരയിടമോ) സർവ്വേ നമ്പരുകളും ഉടമസ്ഥരുടെ പേരും മേൽവിലാസവും വഴി വിവരങ്ങളും പ്രമാണങ്ങളിലും റവന്യൂ റെക്കോർഡുകളിലു ശരിയായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം. ഇല്ലെങ്കിൽ അപേക്ഷ നൽകി അപാകതകൾ പരിഹരിക്കണം.
അവകാശികൾക്ക് ഭൂമി ലഭിച്ചു വർഷങ്ങൾക്ക് ശേഷം ആയിരിക്കും പുരയിടം എന്ന് കരുതിയ ഭൂമി റവന്യൂ റെക്കോർഡുകളിൽ നിലമായിരുന്നു എന്ന് തിരിച്ചറിയുന്നത്. സർവ്വേ നമ്പരുകളിലെയും, മേൽവിലാസത്തിലെയും, വിസ്തീർണ്ണത്തിലെയും അപാകതകൾ വളരെ വൈകി തിരിച്ചറിയാൻ ഇടയാകുന്നതും പ്രശ്നപരിഹാരം ദുഷ്കരമാക്കും .
6. വസ്തുവിലേക്കുള്ള വഴി വിവരം നീളവും വീതിയും സഹിതം കൃത്യമായി റിക്കാർഡുകളിൽ പ്രതിഫലിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം. വഴി തർക്ക രഹിതമാണ് എന്ന് ഉറപ്പുവരുത്തണം. വഴി തർക്കങ്ങൾ ഉണ്ടെങ്കിൽ രമ്യമായ പരിഹാരം കണ്ടെത്താൻ ശ്രമിക്കണം.
സ്വന്തം വസ്തുവിലൂടെ നടക്കുവാനായി വഴി വിട്ടുകൊടുക്കുമ്പോഴും ബാക്കി വസ്തുവിന്റെ സൗകര്യപ്രദമായ ഉപയോഗം ഉറപ്പുവരുത്തിയ ശേഷം അനുയോജ്യമായ രീതിയിൽ വിട്ടുകൊടുത്ത് ബാക്കി ഭാഗം അതിർത്തിയിട്ട്സംരക്ഷിക്കണം.
7. ജീവനും സ്വത്തിനും ഭീഷണി ഉയർത്തുന്ന വസ്തുക്കൾ ഭൂമിയിലോ പരിസരത്തോ ഉണ്ടെങ്കിൽ ഭീഷണിയകറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. ഭീഷണി ഉയരുമ്പോൾ തന്നെ പരിഹാരനടപടി സ്വീകരിച്ചില്ലെങ്കിൽ പിന്നീട് പരാതി പരിഹാരം ദുഷ്കരമാകും . സൂചികൊണ്ട് എടുക്കേണ്ടത് തക്ക സമയത്ത് സൂചി കൊണ്ട് എടുത്തില്ലെങ്കിൽ പിന്നീട് ബുൾഡോസർ വന്നാലും രക്ഷയില്ലാത്ത സാഹചര്യമുണ്ടാകും. അയൽവാസിയുടെ പറമ്പിൽ നിന്നുള്ള മലിന ജലവും പറമ്പിലേക്ക് ചാഞ്ഞു നിൽക്കുന്ന വൃക്ഷങ്ങളുമൊക്കെ അടുത്ത തലമുറയ്ക്ക് പരിഹരിക്കുവാനുള്ള വിഷയങ്ങളായി മാറ്റി മാറ്റിവയ്ക്കുന്നത് നല്ലതല്ല .
അയൽവാസിക്ക് ദോഷകരമായ വിധത്തിൽ മാലിന്യ നിക്ഷേപങ്ങൾ നടത്തുന്നതും മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതും ശീലമാക്കിയാൽ അടുത്ത തലമുറയും അയൽക്കാരനും തമ്മിൽ കലഹത്തിന് വഴിമരുന്നിടുകയാണ് ചെയ്യുന്നത്. നമ്മൾ മക്കൾക്ക് നൽകിയ സ്വത്ത് മക്കൾ തലവേദനകളില്ലാതെ സമാധാനത്തോടെ അനുഭവിക്കുന്ന സാഹചര്യം സൃഷ്ടിക്കണം.
വസ്തു ബാധ്യതരഹിതമായി അടുത്ത തലമുറയ്ക്ക് കൈമാറുവാനും മറക്കണ്ട. വസ്തുവിൽ കടം ഉണ്ടെങ്കിൽ മറ്റു വസ്തുക്കൾ ഭാഗികമായി വിൽപ്പന നടത്തിയെങ്കിലും കടം തീർത്ത് ക്ലീൻ സ്ലേറ്റിൽ കൈമാറണം. പല മരണശേഷം വസ്തുവിന്റെ ബാധ്യത സർട്ടിഫിക്കറ്റ് എടുക്കുമ്പോൾ അവർ ഞെട്ടലോടെ മാതാപിതാക്കളെ സ്മരിക്കുന്ന സാഹചര്യം ഒഴിവാക്കണം. അയൽ വസ്തുവിലേക്ക് മലിനജലം ഒഴുക്കിയും , അയൽക്കാരന്റെ വഴി തടഞ്ഞും , അയൽക്കാരന്റെ വസ്തു കയ്യേറിയും , അയൽക്കാരെ അനാവശ്യമായി വ്യവഹാരങ്ങളിൽ കുടുക്കിയും സ്വന്ത സ്ഥലത്തെ .മരക്കൊമ്പുകൾ അയൽ വസ്തുവിലേക്ക് നീളത്തക്ക വിധത്തിൽ മരങ്ങൾ വെച്ചുപിടിപ്പിച്ചുമൊക്കെ മാതാപിതാക്കൾ ഉണ്ടാക്കിയ പേരുദോഷവും ബാധ്യതയുടെ ലിസ്റ്റിൽ വരും എന്ന കാര്യം മറക്കേണ്ടതില്ല. ഇവയൊക്കെ നിങ്ങൾ നൽകിയ വസ്തുവിൽ അഭിമാനത്തോടെ ജീവിക്കുവാൻ മക്കൾക്കുണ്ടാകുന്ന തടസ്സങ്ങൾ ആണെന്നറിയുക.
8. മുതിർന്ന പൗരൻ സ്വത്ത് വിഭജനത്തിന് തീരുമാനമെടുക്കുമ്പോൾ തന്റെയും ജീവിത പങ്കാളിയുടെയും ശിഷ്ടകാലത്തെ സുരക്ഷിത ജീവിതത്തിന് ആവശ്യമായ സാമ്പത്തിക അടിത്തറയുണ്ട് എന്ന് ഉറപ്പുവരുത്തണം. വിത്തെടുത്ത് കുത്തരുതെന്ന് കേട്ടിട്ടില്ലേ. മക്കൾക്ക് മാതാപിതാക്കളെ നോക്കാനാവാത്ത സാഹചര്യമുള്ള കാലഘട്ടമാണ്. ചികിത്സക്കും ഭക്ഷണത്തിനും ആവശ്യമുള്ള പണം പോലും യഥാസമയം ലഭിച്ചില്ലെന്നു വരും. ആവശ്യത്തിന് പണം കൈവശമുണ്ടെങ്കിൽ പല പ്രശ്നങ്ങൾക്കും പരിഹാരമാണ്.
ജീവിച്ചിരിക്കുന്ന കാലത്ത് എല്ലാ സ്വത്തും മക്കൾക്ക് നൽകി തെരുവിൽ ഇറങ്ങുന്ന മാതാപിതാക്കളുടെ കഥ വിരളമല്ല. മക്കൾക്ക് സ്വത്ത് ഇഷ്ടദാനം നൽകിയിട്ട് ജീവിത സുരക്ഷയ്ക്ക് ഭീഷണി ഉയരുമ്പോൾ ഇഷ്ടദാന ആധാരം റദ്ദ് ചെയ്യുന്നതിന് അധികാരികളെ സമീപിക്കേണ്ടിവരുന്ന മാതാപിതാക്കളുമുണ്ട്. ജീവിതാവശ്യങ്ങൾക്കുള്ള പണം നിക്ഷേപമായി ഉറപ്പുവരുത്തിയിട്ട് വേണം ഭൂസ്വത്ത് വിഭജിക്കുവാൻ.
9. നീതിബോധത്തോടെ മക്കൾക്ക് സ്വത്തു വിഭജിക്കണം . എല്ലാ മക്കൾക്കും ഒരേപോലെ സ്വത്ത് നൽകിയിട്ട് എനിക്ക് മക്കൾ എല്ലാവരും ഒരുപോലെയാണ് എന്ന് പറയുന്നത് നീതിയായിരിക്കണമെന്നില്ല. ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്ന മക്കൾ, ജീവിത ക്ലേശങ്ങളിൽ പിതാവിനെയും മറ്റ് സഹോദരങ്ങളെയും സഹായിക്കുവാൻ ചോര നീരാക്കി പണിയെടുത്ത മക്കൾ. സഹോദരങ്ങൾക്കും കുടുംബത്തിനും വേണ്ടി സ്വന്തം അവസരങ്ങളും സൗഭാഗ്യങ്ങളും ത്യജിച്ചവർ തുടങ്ങിയവർക്ക് ആവശ്യമായ പരിഗണന നൽകി അനുപാതികമായി സ്വത്ത് വിഭജനം നടത്തണം.
10. മൂല്യബോധത്തോടെ സ്വത്ത് വിഭജിക്കണം . എല്ലാ മക്കൾക്കും ഒരേ വിസ്തീർണ്ണം സ്വത്തു നൽകി എന്ന് പറയുന്നത് നീതിയായിരിക്കുകയില്ല.. ഒരു വസ്തുവിന്റെ വില പല ഭാഗങ്ങൾക്കും ഒരേ വില ആയിരിക്കുകയില്ല . അവകാശികൾക്ക് വസ്തു വിഭജിച്ച് നൽകുമ്പോൾ ഓരോ പങ്കിനും എത്ര രൂപയുടെ മൂല്യമുണ്ട് എന്ന ശരിയായി മനസ്സിലാക്കിയിരിക്കണം.
11. വസ്തുവിന്റെ ഉടമസ്ഥതാരേഖകൾ ഏതു വിധത്തിൽ ചമയ്ക്കണം എന്ന കൃത്യമായ അറിവുണ്ടായിരിക്കണം. ദാനാധാരം, ഇഷ്ടദാനം, ഭാഗ ഉടമ്പടി , വിൽപത്രം തുടങ്ങി പലവിധത്തിൽ വസ്തു അവകാശികൾക്ക് നൽകാം. ഓരോന്നിനും അതിന്റെതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട് . ഇവ തിരിച്ചറിയുവാൻ കഴിയണം.
12. ഉയർന്ന വിദ്യാഭ്യാസം നേടി ജോലി ലഭിച്ച ജീവിതം സുരക്ഷിതമായാൽ പാരമ്പര്യസ്വത്തിൽ താല്പര്യമില്ലായെന്ന് പറയുന്ന മക്കൾ ഒരു പുതിയ പ്രവണതയാണ്. പുതിയ തലമുറയ്ക്ക് ഭൂമി സംരക്ഷിച്ച് ആദായമുണ്ടാക്കാൻ താല്പര്യമില്ല .ഇത്തരം സാഹചര്യത്തിൽ ചോര നീരാക്കി ക്ലേശിച്ച ഉണ്ടാക്കിയ വസ്തുക്കൾ വേണ്ടവിധത്തിൽ സംരക്ഷിക്കുമെന്ന് പ്രതീക്ഷിക്കേണ്ട.
സാഹചര്യത്തിനനുസരിച്ചുള്ള തീരുമാനങ്ങളാണ് ഇവിടെ അഭികാമ്യം. സ്വന്തം ശിഷ്ടകാല ജീവിതം സുരക്ഷിതമാക്കാൻ ആവശ്യമായ സാമ്പത്തിക അടിത്തറ ഉണ്ട് എന്ന് ഉറപ്പുവരുത്തണമെന്ന് മാത്രം..
. ഭൂമിയെക്കുറിച്ച് കലഹിക്കുന്ന സമൂഹങ്ങളും കുടുംബങ്ങളും എവിടെയെങ്കിലും ഉണ്ടെങ്കിൽ അവർക്ക് മുകളിൽ പറഞ്ഞ 12 കാര്യങ്ങളിൽ എവിടെയെങ്കിലും പിഴച്ചിട്ടുണ്ടാവും........ തീർച്ച