ഒരു പ്രഥമ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ

ഒരു പ്രഥമ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ക്രിമിനൽ നടപടി നിയമം അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കാൻ പോലീസിനു ബാദ്ധ്യതയുണ്ട്.
പോലീസ് ബാഹ്യ സമ്മർദ്ദത്തിനു വഴങ്ങി കൃത്യവിലോപം കാട്ടിയാൽ അത് നിയമ വിരുദ്ധമാകും. ശരിയായ രീതിയിൽ അന്വേഷണം നടത്തി കേസ് രജിസ്റ്റർ ചെയ്യാൻ ഇടയാക്കിയ പരാതി വസ്തുതാ വിരുദ്ധമാണെന്നു കണ്ടെത്തിയാൽ അപ്രകാരം ഒരു റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ച് കേസ് അന്വേഷണം കോടതിയുടെ അനുവാദത്തോടു കൂടി അവസാനിപ്പിക്കാം. ഈ ഘട്ടത്തിൽ പരാതിക്കാരനു നോട്ടീസ് നൽകേണ്ടതാണ്. പോലീസ് റിപ്പോർട്ട് പരിശോധിക്കുന്ന കോടതി അത് അംഗീകരിക്കാതെ തുടരന്വേഷണം ഉത്തരവിട്ടാൽ പോലീസ് അനുസരിക്കേണ്ടതായി വരും.
കേസ് പിൻവലിക്കണമെങ്കിൽ പബ്ളിക് പ്രോസിക്യൂട്ടർ സ്വതന്ത്രമായി വസ്തുതകൾ പഠിച്ച് കേസ് പിൻവലിക്കാനുള്ള കാരണങ്ങൾ കാണിച്ച് കോടതിയിൽ അപേക്ഷ കൊടുക്കേണ്ടതുണ്ട്.
ഇനി മറ്റൊരു വശം.
നടപടി നിയമ വിരുദ്ധവും വസ്തുതാ വിരുദ്ധവുമാണെങ്കിൽ പ്രഥമ വിവര റിപ്പോർട്ടും തുടർനടപടികളും റദ്ദാക്കാൻ ഭരണഘടന അനുഛേദം 226 അനുസരിച്ചോ , ക്രിമിനൽ നടപടി നിയമം വകുപ്പ് 482 അനുസരിച്ചോ പ്രതികൾക്ക് ഹൈക്കോടതിയെ സമീപിക്കാം.