പോളിസി ലാപ്സായെന്ന് പറഞ്ഞ് അർഹതപ്പെട്ട തുക നിഷേധിക്കുന്നത് നിയമലംഘനമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ.

HRMP No : 670/2023
അധ്യാപികയ്ക്ക് ആനുകൂല്യം നിഷേധിച്ചു :  
ഇൻഷ്വറൻസ് വകുപ്പിനെതിരെ മനുഷ്യാവകാശ കമ്മീഷൻ
കൊല്ലം : ജീവനക്കാർ തുടങ്ങുന്ന പോളിസികളിൽ എല്ലാ തുകയും കൈപ്പറ്റിയ ശേഷം വിരമിക്കൽ ആനുകൂല്യങ്ങൾ നൽകേണ്ട വേളയിൽ പോളിസി ലാപ്സായെന്ന് പറഞ്ഞ് അർഹതപ്പെട്ട തുക നിഷേധിക്കുന്നത് നിയമലംഘനമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ.
     സംസ്ഥാന ഇൻഷ്വറൻസ് ഡയറക്ടർക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവ് നൽകിയത്.  2023 മാർച്ച് 31 ന് സർവ്വീസിൽ നിന്നും വിരമിച്ച അധ്യാപിക കെ. ആർ. മിനി സ്റ്റേറ്റ് ലൈഫ് ഇൻഷ്വറൻസിൽ താൻ ഒടുക്കിയ തുക പോലും ലഭിച്ചില്ലെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി.  
     ഇൻഷ്വറൻസ് ഡയറക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി.  നീരാവിൽ എസ്. എൻ. ഡി. പി. സ്കൂളിൽ അധ്യാപികയായിരുന്ന പരാതിക്കാരി 2018 ഓഗസ്റ്റ് മുതൽ 2019 മാർച്ച് വരെ വരിസംഖ്യ ഒടുക്കുന്നതിൽ വീഴ്ച വരുത്തിയതായി പറയുന്നു.  ഇക്കാരണത്താൽ പോളിസി കാലഹരണപ്പെട്ടു.  പരാതിക്കാരിയുടെ എസ്. എൽ. എ. പോളിസിയും മൂന്ന് വർഷം വരിസംഖ്യ അടയ്ക്കാത്തതുകാരണം ലാപ്സായതായി റിപ്പോർട്ടിലുണ്ട്.  പോളിസി കാലയളവിൽ അംഗത്വം പുനരുജ്ജീവിപ്പിക്കാമായിരുന്നു.  എന്നാൽ പരാതിക്കാരി ഇതിന് തയ്യാറായില്ല.  പരാതിക്കാരി ആനുകൂല്യങ്ങൾക്ക് അർഹയല്ല.  അടച്ച വരിസംഖ്യ മാത്രം പരാതിക്കാരിക്ക് അനുവദിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.  
     എന്നാൽ റിപ്പോർട്ട് നിരുത്തരവാദപരമാണെന്ന് പരാതിക്കാരി  അറിയിച്ചു.  പരാതിക്കാരിയുടെ വാദം നിലനിൽക്കുന്നതാണെന്ന് കമ്മീഷൻ കണ്ടെത്തി.  
     പോളിസി കാലയളവിൽ ഇൻഷ്വറൻസ് വരിക്കാരുടെ പോളിസിയിലുണ്ടാവുന്ന കുടിശ്ശിക അഥവാ വീഴ്ച യഥാവിധി ചൂണ്ടിക്കാണിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.  അധ്യാപികയുടെ കാര്യത്തിൽ ഇൻഷുറൻസ് വകുപ്പ് അത് നിറവേറ്റിയില്ല. ഇത് ഗുരുതര കൃത്യവിലോപമായതിനാൽ മുഴുവൻ തുകയും രണ്ടാഴ്ചക്കകം അനുവദിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.  
സിറ്റിംഗ് ഇന്ന്
 കൊല്ലം : മനുഷ്യാവകാശ കമ്മീഷൻ ഇന്ന് (19/05/2023) രാവിലെ 10.30 ന് ഗവ. ഗസ്റ്റ് ഹൌസിൽ സിറ്റിംഗ് നടത്തും.
                                                                                  പി.എം. ബിനുകുമാർ
                                  പബ്ലിക് റിലേഷൻസ് ഓഫീസർ
18/05/2023.                               
#KeralaStateHumanRightsCommission