മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : കൃഷി സ്ഥലത്തിന് കരം സ്വീകരിച്ചു.

മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു  :  
കൃഷി സ്ഥലത്തിന് കരം സ്വീകരിച്ചു.
തൊടുപുഴ : രോഗിയായ മകളും ഭിന്നശേഷിക്കാരനായ ഭർത്താവും ഭാര്യയുമടങ്ങുന്ന മലയരയ ക്രൈസ്തവ വിഭാഗത്തിലുള്ള നിർദ്ദന കുടുംബം 2006 മുതൽ കൃഷി ചെയ്തു വരുന്ന സ്ഥലത്തിന്റെ കരം മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിലൂടെ റവന്യു വകുപ്പ് സ്വീകരിച്ചു.
     ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം കരം സ്വീകരിക്കാൻ കഴിയില്ലെന്നാണ് ഉടുമ്പൻചോല താലൂക്ക് അധികൃതർ പരാതിക്കാരിയായ ചിന്നക്കനാൽ ആറാട്ടുകുഴിയിൽ മേരി ഉണ്ണിയെ അറിയിച്ചത്.  പരാതിയെ കുറിച്ച് അന്വേഷിച്ച് അടിയന്തിര നടപടികൾ സ്വീകരിക്കാൻ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഇടുക്കി ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.  
     2021 വരെയാണ് കരം അടച്ചത്.  2022 ലെ കരം അടയ്ക്കാൻ പോയപ്പോഴാണ് കരം സ്വീകരിക്കാതിരുന്നത്.  പ്രധാനമന്ത്രിയുടെ കിസാൻ പദ്ധതിയിൽ നിന്നും ലഭിച്ചിരുന്ന 2000 രൂപയുടെ ധനസഹായം ഇതു കാരണം മുടങ്ങിയതായി പരാതിയിൽ പറയുന്നു.
     ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം പട്ടയം ലഭിച്ച വസ്തുവിന് കരം അടച്ച് നൽകിയതായി ഉടുമ്പൻചോല തഹസിൽദാർ കമ്മീഷനെ അറിയിച്ചു.
         പബ്ലിക് റിലേഷൻസ് ഓഫീസർ
29/04/2023.       
#KeralaStateHumanRightsCommission