പ്ലോട്ട് വാങ്ങുമ്പോൾ - BTR
പ്ലോട്ട് വാങ്ങുമ്പോൾ ആധാരവും കരം അടച്ച രസീതും മാത്രം നോക്കി പ്ലോട്ട് ഏത് ഇനം ആണെന്ന് ഉറപ്പിക്കാൻ പറ്റില്ല.
ഞാൻ ആദ്യം ഒരു പ്ലോട്ട് ഇഷ്ടപ്പെട്ടു വാങ്ങാൻ നോക്കിയപ്പോൾ കരം അടച്ച രസീതിലും ആധാരത്തിലും മുന്നാധാരത്തിലും ഒക്കെ പ്ലോട്ട് പുരയിടം ആയിട്ടാണ് mention ചെയ്തിട്ടുള്ളത്. പക്ഷേ, വില്ലേജ് ഓഫീസ് വഴി BTR (BASIC TAX REGISTER) ചെക്ക് ചെയ്തപ്പോൾ ആ പ്ലോട്ട് നിലം എന്നാണ് അടയാളപ്പെടുത്തിയിട്ടുള്ളത്.
ബ്രോക്കറും സ്ഥലത്തിന്റെ ഉടമസ്ഥനും എന്നെ മാക്സിമം convience ചെയ്തു അതിൽ ഒരു പ്രോബ്ലെവും വരില്ലെന്ന്. പക്ഷേ , ഞാൻ അത് വാങ്ങാനുള്ള തീരുമാനം ഉപേക്ഷിച്ചു.
ബി.ടി.ആർ (BTR) നെക്കുറിച്ചുള്ള ചില പൊതുവായ ചോദ്യങ്ങളും ഉത്തരങ്ങളും ആണ് താഴെ കൊടുത്തിരിക്കുന്നത്. സ്ഥലം വാങ്ങുന്നവർക് ഉപകാരപ്പെടുമെന്ന് വിചാരിക്കുന്നു. കൂടുതൽ അറിവുള്ളവർക് അത് comment വഴി പങ്കുവെയ്ക്കാം.
ചോ: എന്താണ് ബി.ടി.ആർ?
ഉ: ഒരു വ്യക്തിയുടെ വസ്തുവിനെ സംബന്ധിച്ച്, ആ വ്യക്തിയുടെ കൈവശമുള്ള അധികാരിക രേഖയാണ് ആ ഭൂമിയുടെ ആധാരം. എന്നതു പോലെ, ഓരോ വസ്തുവിനെയും സംബന്ധിച്ച്, റവന്യു വകുപ്പിന്റെ കൈവശമുള്ള അധികാരിക രേഖയാണ് ബി.ടി.ആർ. പ്രസ്തുത രേഖയിൽ ഭൂമിയുടെ ഉടമ, വിസ്തീർണ്ണം, തണ്ടപ്പേർ നമ്പർ, ഇനം തുടങ്ങിയ വിശദാംശങ്ങൾ ഉൾപ്പെടുന്നു.
ചോ: എന്തിനാണ് ബി.ടി.ആർ പരിശോധിക്കുന്നത് ?
ഉ: കൈവശം ഉള്ള / വാങ്ങാനുദ്ദേശിക്കുന്ന ഭൂമിയുടെ ഇനം ഏതാണെന്ന് അറിയുന്നതിന്.
ചോ: സർക്കാർ ഭൂമിയെ എത്ര ഇനങ്ങളായി തരംതിരിച്ചിട്ടുണ്ട് ?
ഉ: സാധാരണ ഗതിയിൽ മൂന്നായി തിരിച്ചിട്ടുണ്ട്.
ചോ: അവ ഏതൊക്കെ?
ഉ: (1) പുരയിടം (2) തോട്ടം (3) നിലം അഥവ പാടം.
ചോ: ഇനം അറിയാൻ അധാരവും, കരം അടച്ച രസീതും പരിശോധിച്ചാൽ പോരെ?
ഉ: ആധാരത്തിലും, കരം അടച്ച രസീതിലും രേഖപെടുത്തിയിരിക്കുന്ന ഭൂമിയുടെ ഇനം 100 % അധികാരികം ആകണമെന്നില്ല. ഇവ രണ്ടിലും അനധികൃത തിരുത്തലുകൾ നടന്നിട്ടുണ്ടാകാൻ വലിയ സാധ്യതയുണ്ട്.
ചോ: ഇനം നിലം ( പാടം, വയൽ) എന്നാണ് രേഖപെടുത്തിയിരിക്കുന്നതെങ്കിൽ എന്താണ് പ്രശ്നം?
ഉ: കെട്ടിട നിർമ്മാണം, വൈദ്യുതി കണക്ഷൻ, ബാങ്ക് ലോൺ എന്നിവയ്ക്കുള്ള അനുമതി നിഷേധിക്കപ്പെട്ടക്കാം.
ചോ: ഇനം പുരയിടമോ, തോട്ടമോ ആണെങ്കിലോ?
ഉ: മേൽ പറഞ്ഞ അനുമതികൾക്ക് സാധാരണ ഗതിയിൽ തടസങ്ങളില്ല.
ചോ: ബി.ടി.ആർ എങ്ങനെ പരിശോധിക്കും?
ഉ: ഭൂമി ഉൾപ്പെട്ട വില്ലേജിൽ അപേക്ഷ കൊടുത്താൽ ബി.ടി.ആർ പകർപ്പ് ലഭിക്കുന്നതാണ്. വിവരാവകാശ നിയമപ്രകാരവും ആവശ്യപ്പെടാവുന്നതാണ്.
ചോ: ഇനം നിലം (പാടം, വയൽ) ആണെങ്കിൽ അവിടെ വീട് / കെട്ടിട നിർമ്മാണാനുമതിക്ക് എന്തെങ്കിലും സാധ്യതയുണ്ടോ?
ഉ: നിലം തണ്ണീർതടം സംരക്ഷണ നിയമങ്ങൾ പരിശോധിച്ച്, സർക്കാർ അനുമതി നൽകുകയോ നിഷേധിക്കുകയോ ചെയ്തേക്കാം.
ചോ: ബി.ടി.ആർ തിരുത്തി നിലം എന്നത് പുരയിടം എന്ന് ആക്കി മാറ്റാൻ സാധിക്കുമോ?
ഉ: അത്യപൂർവ്വം സാഹചര്യങ്ങളിൽ മാത്രമെ ബി.ടി. ആർ തിരുത്തി നൽകാൻ സർക്കാർ അനുമതി നൽകുകയുള്ളൂ. ഉദാഹരണത്തിന് ഒരു ക്ലെറിക്കൽ പിഴവു കൊണ്ടാണ് ഭൂമിയുടെ ഇനം മാറിയതെന്ന്, സർക്കാരിന് ബോധ്യപ്പെട്ടാൽ അത് തിരുത്തി നൽകിയേക്കാം.
ചോ: ക്ലെറിക്കൽ പിഴവ് സംഭവിച്ചതാണൊ എന്ന് എങ്ങനെ കണ്ടു പിടിക്കാം?
ഉ: ഇതിനായി വില്ലേജ് ഓഫീസിൽ പരാതിപെടാവുന്നതാണ്. പരാതി ലഭിക്കുമ്പോൾ സർക്കാർ, ബി.ടി.ആർ ന് ആധാരമായ / അടിസ്ഥാനമായ ഓൾഡ് സെറ്റിൽമെന്റ് എന്ന തിരുവനന്തപുരത്തെ റവന്യു വകുപ്പിലെ, രേഖ പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കുന്നതാണ്.
Courtesy: KERALA REAL ESTATE GUIDE (YOUTUBE)