നിക്ഷേപ തട്ടിപ്പുകളുടെ വാർത്തകൾ

തട്ടിപ്പുകളുടെ പറുദീസയായി കേരളം വാഴാൻ തുടങ്ങിയിട്ട് കാലം ഏറെയായി. അതിന് തലമുറകളുടെ പാരമ്പര്യം അവകാശപ്പെടാൻ കഴിയുന്ന സാഹചര്യമാണ് ഉള്ളത്. ഈയടുത്ത ദിനങ്ങളിൽ വീണ്ടും നിക്ഷേപ തട്ടിപ്പുകളുടെ വാർത്തകൾ പത്രമാധ്യമങ്ങൾ നിരത്തുകയുണ്ടായി. എന്ത് കാരണം കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന ചിന്ത അമിത ലാഭമുണ്ടാക്കാനുള്ള മനുഷ്യന്റെ അമിതാഗ്രഹത്തെ കുറ്റപ്പെടുത്തുന്നത് നാം കണ്ടിട്ടുണ്ട്. അത് ഒരു വശം മാത്രമാണ്. എന്തെന്നാൽ സർക്കാർ സംവിധാനങ്ങളുടെ രജിസ്‌ട്രേഷനും അനുമതിയും വാങ്ങി നിയമവിധേയ പരിവേഷത്തോടെ പ്രവർത്തിക്കുന്ന പണമിടപാട് സ്ഥാപനങ്ങൾ വഴി തന്നെ തട്ടിപ്പുകൾ നടക്കുമ്പോൾ അതിൽ നിക്ഷേപകന്റെ അമിതാഗ്രഹത്തെ മാത്രം കുറ്റപ്പെടുത്തുന്നത് മുഴുവനായും ശരിയാകില്ലല്ലോ. 

ഇവിടെ നാം പരക്കെ കാണുന്നത് നീതിയ്ക്കും നിയമങ്ങൾക്കും വിരുദ്ധമായ പണമിടപാടുകൾക്ക് തടയിടാനും കുറ്റവാളികളെ സമയബന്ധിതമായി ശിക്ഷാനടപടികൾക്ക് വിധേയമാക്കാനും സർക്കാരുകളുടെ ഭാഗത്ത് നിന്നും ഗൗരവതരമായ ഇടപെടലുകൾ ഉണ്ടാകുന്നില്ല എന്നതാണ്. ഈ ഗണത്തിൽ പെടുന്ന ഒരു വിഷയത്തിൽ വഞ്ചിതരായ ജനങ്ങൾക്ക് വേണ്ടി ഇടപെടുന്ന സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രത്തിന്റെ പ്രയത്നത്തിന്റെ ഭാഗമായി ഇന്നലെ സംസ്ഥാന പോലീസ് വകുപ്പ് ഏ ഡി ജി പി (ലോ ആൻഡ് ഓർഡർ) ശ്രീ എം ആർ അജിത് കുമാറിന്റെ ഓഫീസിൽ ജനറൽ സെക്രട്ടറി ശ്രീ ജോയ് കൈതാരത്തിനൊപ്പം എത്തുകയുണ്ടായി.   

പേൾസ് അഗ്രോടെക്ക് കോർപറേഷൻ ലിമിറ്റഡ് അഥവാ PACL എന്ന സ്ഥാപനത്തിന് സർക്കാരിന്റെ അംഗീകാരവും രജിസ്‌ട്രേഷനും എല്ലാം ഉണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വ്യാപകമായ രീതിയിൽ അവർ നിക്ഷേപങ്ങൾ സ്വീകരിച്ചത്. കേരളത്തിൽ നിന്ന് മാത്രം പന്ത്രണ്ട് ലക്ഷത്തിൽ അധികം ആളുകൾ ഏതാണ്ട് 18000 കോടി രൂപക്ക് മേൽ അവിടെ നിക്ഷേപം നടത്തിയിരുന്നു. ഒടുവിൽ പെട്ടെന്നൊരു ദിവസം അവരുടെ നിക്ഷേപ സമാഹരണ പ്രവർത്തനങ്ങൾ നിയമവിരുദ്ധമാണെന്ന് കണ്ടെത്തിക്കൊണ്ട് സ്ഥാപനത്തിന്റെ പ്രവർത്തനം സർക്കാർ സംവിധാനമായ SEBI തടയുകയുണ്ടായി. ദേശ വിദേശങ്ങളിലെ അവരുടെ ബാങ്ക് അക്കൗണ്ടുകൾ കണ്ടുകെട്ടുകയും ഉണ്ടായി. ഇതോടെ ലക്ഷ കണക്കിന് സാധാരണക്കാർ ദുരിതത്തിലായി.

കേരളത്തിലെ PACL ഓഫീസുകളിൽ ജോലി ചെയ്തിരുന്നവർക്ക് നിക്ഷേപകരോട് മറുപടി പറയാൻ കഴിയാത്ത അവസ്ഥയായി. ഓഫീസുകൾ അടച്ചു പൂട്ടപ്പെട്ടു. നാട്ടിൽ തന്നെ ജീവിക്കുന്നവരും നിത്യവും പല ഇടങ്ങളിലും വച്ച് കണ്ടുമുട്ടുന്നവരും നിരപരാധികളുമായ ഏജന്റുമാരെയും ഫീൽഡ് വർക്കർമാരെയും കുറ്റവാളികളായി കാണുകയും പണത്തിനായി ശല്യം ചെയ്യാൻ തുടങ്ങുകയും ചെയ്തു. ശല്യം സഹിക്കാനാകാതെ പലരും നാട് വിട്ടു. ഏതാണ്ട് നാല്പതോളം പേര് ആത്മഹത്യ ചെയ്തു. 

ഇതിനിടയ്ക്ക് PACL സമാഹരിച്ച തുകകൾ കൊണ്ട് സ്വായത്തമാക്കിയ ആസ്തികൾ വിറ്റഴിച്ച് നിക്ഷേപകരുടെ തുകകൾ സെബി മുഖേന മടക്കി കൊടുക്കാനായി മുൻ ന്യായാധിപനായ ജസ്റ്റീസ് ആർ എം ലോധയുടെ കീഴിൽ ഒരു കമ്മിറ്റിയെ സുപ്രീം കോടതി നിയോഗിച്ചു. സിബിഐയുടെ കൈവശമുള്ള രേഖകൾ ലോധാ കമ്മിറ്റിയെ ഏല്പിക്കാനും സുപ്രീം കോടതി നിർദ്ദേശിച്ചു. ഇന്ത്യയിൽ മറ്റൊരു കോടതികളും ഈ വിഷയത്തിൽ നടപടികൾ നടത്താൻ പാടില്ലെന്നും അത്തരത്തിൽ നിലവിലുണ്ടായിരുന്ന എല്ലാ കോടതി നടപടികളും ലോധാ കമ്മിറ്റിയ്ക്ക് കൈമാറണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. അതായത് സിബിഐ അതിന് മുൻപ് തന്നെ അന്വേഷണം നടത്തിയിരുന്നെന്നും രേഖകൾ പിടിച്ചെടുത്തിരുന്നു എന്നും അതിൽ നിന്നും മനസ്സിലാക്കാം. എന്നാൽ കേരളത്തിൽ സിബിഐ ഒരു അന്വേഷണവും നടത്തിയതായി അറിവില്ല. ഒരു സമഗ്രമായ അന്വേഷണവും നടത്താതെ കൃത്യമായ വിവര ശേഖരണം സാധ്യമല്ലല്ലോ. 

പക്ഷെ, ഇതിന് മുൻപ് തന്നെ, സാമ്പത്തിക ക്രമക്കേടുകളുടെ പേരിൽ കേരളത്തിലെ ചില കോടതികളിൽ PACL നെതിരെ കേസുകൾ ഉണ്ടായിരുന്നതായി സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രത്തിന് ലഭിച്ച വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. കേന്ദ്രം നടത്തിയ അന്വേഷണ പ്രകാരം സംസ്ഥാന പോലീസിന്റെ ക്രൈം ബ്രാഞ്ച് അതുമായി ബന്ധപ്പെട്ട് PACL ഓഫീസുകൾ റെയ്ഡ് ചെയ്ത് രേഖകൾ, ഡാറ്റാ അടങ്ങുന്ന കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌ക്കുകൾ എന്നിവ പിടിച്ചെടുത്തിരുന്നു എങ്കിൽ അവയും ലോധാ കമ്മിറ്റിയെ ഏൽപിച്ചിരുന്നുവോ? സംസ്ഥാന പോലീസ് നടത്തിയ അന്വേഷണങ്ങൾ എത്രത്തോളം വ്യാപകമായിരുന്നു? സംസ്ഥാനത്തിന് പുറത്തും രാജ്യത്തിന് വെളിയിലേക്കും വ്യാപിച്ച ഒരു സാമ്പത്തിക കുറ്റത്തിന്റെ അവളവും വ്യാപ്തിയും സാധ്യതകളും വച്ച് നോക്കുമ്പോൾ സംസ്ഥാന പോലീസ് വകുപ്പ് നടത്തിയിരിക്കാവുന്ന അന്വേഷണത്തേക്കാൾ കൂടുതൽ സാർത്ഥകമായ അന്വേഷണം നടത്തേണ്ടത് CBI, ED തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജൻസികൾ അല്ലേ? 

ഏതാണ്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞു എങ്കിലും, ഈ വസ്തുതകൾ എല്ലാം കണക്കിലെടുത്ത്, ഇനിയെങ്കിലും കൃത്യമായ അത്തരം അന്വേഷണങ്ങൾക്ക് വേണ്ടി കേന്ദ്രത്തോട് സംസ്ഥാന സർക്കാർ ആവശ്യപ്പെടേണ്ടതുണ്ട്. അതുമായി ബന്ധപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ജനറൽ സെക്രട്ടറി ശ്രീ ജോയ് കൈതാരത്ത് മുഖ്യമന്ത്രിക്ക് നൽകിയിരുന്ന നിവേദനത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി  ചുമതലപ്പെടുത്തിയ സംസ്ഥാന പോലീസ് വകുപ്പ് ഏ ഡി ജി പി (ലോ ആൻഡ് ഓർഡർ) ശ്രീ എം ആർ അജിത് കുമാർ അവർകളുടെ ഓഫീസിൽ ഇന്നലെ എത്തി അധികാരികളെ വിവരങ്ങൾ സംക്ഷിപ്തമായി ധരിപ്പിച്ച് ബോധ്യപ്പെടുത്തുകയും ചെയ്തു. താമസം വിനാ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന് ശുപാർശ ചെയ്യാൻ ആവശ്യപ്പെട്ടത് എത്രയും അനുഭാവപൂർവ്വം പരിഗണിക്കും എന്നാണ് അധികാരികൾ നൽകിയ സൂചന. പ്രതീക്ഷ കൈവെടിയുന്നില്ല.