ഓംബുഡ്സ്മാൻ

കേരള പഞ്ചായത്ത് രാജ് ആക്ട് അനുസരിച്ച് പബ്ലിക് സർവെന്റ് എന്ന നിർവചനത്തിന് കീഴിൽ വരുന്ന ആളുകൾക്ക് എതിരായി പൊതുജനങ്ങൾക്ക് പ്രതികരിക്കുകയും, പരാതി രേഖപ്പെടുത്തുകയും ചെയ്യാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഴിമതി, നിരുത്തരവാദിത്തപരമായ കാര്യനിർവഹണം, സ്വജനപക്ഷപാതം, അധികാര ദുർവിനിയോഗം എന്നിവയ്ക്കെതിരായി പൊതുജനങ്ങൾക്ക് പരാതിയുമായി സമീപിക്കാവുന്ന നീതിന്യായ സംവിധാനമാണ് ഓംബുഡ്സ്മാൻ.

റിട്ടയേർഡ് ഹൈകോടതി ജഡ്ജിയാണ് ഓംബുഡ്സ്മാനായി നിയമിതനാകുന്നത്.

ഓംബുഡ്‌സ്മാന്റെ ആസ്ഥാനം തിരുവനന്ത പുരത്താണെങ്കിലും യാതൊരുവിധ ചെലവുകളും ഇല്ലാതെ പൊതുജനങ്ങൾക്ക് ബന്ധപ്പെടാവുന്ന നീതിന്യായ സംവിധാനമാണ് ഓംബുഡ്സ്മാൻ.

ഓംബുഡ്സ്മാന് പരാതി കൊടുക്കേണ്ട രീതി

Form A യിൽ ആണ് ഓംബുഡ്സ്മാന് പരാതി കൊടുക്കേണ്ടത്. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഈ ഫോം ലഭ്യമാണ്. പരാതിയിൽ പത്തു രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് പതിക്കേണ്ടതാണ്. എതിർകക്ഷികളുടെ എണ്ണത്തിനനുസരിച്ച് പരാതികളുടെ കോപ്പികൾ ഉണ്ടായിരിക്കണം. തെളിവുകൾക്കായി സമർപ്പിക്കുന്ന രേഖകളിൽ പരാതിക്കാരൻ സ്വയം അറ്റസ്റ്റ് ചെയ്യേണ്ടതാകുന്നു. എല്ലാ പരാതികളും ഫയൽ ചെയ്യേണ്ടത് സെക്രട്ടറി മുമ്പാകെയാണ്. പരാതി സെക്രട്ടറിയുടെ പേരിൽ രജിസ്റ്റർ ചെയ്ത് അയച്ചാൽ മതിയാകുന്നതാണ്. പഞ്ചായത്ത് രാജ് ചട്ടങ്ങളിൽ ഒതുങ്ങി നിൽക്കുന്ന പരാതികൾ മാത്രമാണ് പരാതിയായി അയച്ചു കൊടുക്കേണ്ടത്. തെറ്റുണ്ടെങ്കിൽ പരാതി തിരിച്ചു പരാതിക്കാരന് അയച്ചു തരും. തെറ്റുകൾ തിരുത്തി വീണ്ടും പരാതി സമർപ്പിക്കാവുന്നതാണ്.ഒരിക്കൽ പരാതി രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ പരാതിക്കാരന് ഓംബുഡ്സ്മാനിൽ നിന്നും രസീതി ലഭിക്കുന്നതാണ്.

Web address : http://www.ombudsmanlsgiker.gov.in/

സാധാരണയായി ഓംബുഡ്സ്മാൻ തിരുവനന്തപുരം കൂടാതെ എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ ക്യാമ്പ് സിറ്റിംഗും നടത്താറുണ്ട്.

ഓംബുഡ്‌സ്മാന്റെ തീരുമാനത്തിൽ സംതൃപ്തി ഇല്ലെങ്കിൽ പരാതിക്കാരന് കോടതിയെ സമീപിക്കാവുന്നതാണ്.

ശ്രദ്ധിക്കുക

കഴമ്പുള്ള പരാതികൾ മാത്രം അയക്കുക...

വ്യാജമായ പരാതിയാണെങ്കിൽ എതിർകക്ഷിക്ക് നഷ്ടപരിഹാരം കൊടുക്കേണ്ടതായിട്ടുവരും.