റെസിഡൻഷ്യൽ സർട്ടിഫിക്കേറ്റ്

റെസിഡൻഷ്യൽ സർട്ടിഫിക്കേറ്റ് തയ്യാറാക്കാൻ ഒരു കൊല്ലം ; പഞ്ചായത്ത്  ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് 

മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

തിരുവനന്തപുരം  (നെയ്യാറ്റിൻകര) :  റസിഡൻഷ്യൽ സർട്ടിഫിക്കേറ്റ് നൽകാൻ ഒരു വർഷത്തെ കാലതാമസം വരുത്തിയതു കാരണം 84 വയസ്സുള്ള വയോധികയ്ക്ക് വാർധക്യകാല പെൻഷൻ നഷ്ടപ്പെട്ട സംഭവത്തിൽ  വെള്ളറട ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ പേരിൽ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്.

     ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കമ്മീഷൻ കണ്ടെത്തി.  പഞ്ചായത്ത് ഡയറക്ടർ ഇക്കാര്യം നേരിട്ട് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നിയമപരമായ നടപടി സ്വീകരിച്ച് വിവരം പരാതിക്കാരനെ അറിയിക്കണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

     വെള്ളറട സ്വദേശി പി.എ. സുഭാഷ് ബോസ് സമർപ്പിച്ച പരാതിയിലാണ് നടപടി.  2020 നവംബർ 4 നാണ് പരാതിക്കാരന്റെ അമ്മ ജെ. പുഷാപാബായി റെസിഡൻഷ്യൽ സർട്ടിഫിക്കേറ്റിന് വെള്ളറട ഗ്രാമപഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിച്ചത്.  2021 ഡിസംബർ 14 ന് സർട്ടിഫിക്കറ്റ് തയ്യാറാക്കി ഓഫീസിൽ സൂക്ഷിച്ചതായി പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.  എന്നാൽ സർട്ടിഫിക്കേറ്റ് അപേക്ഷക കൈപ്പറ്റിയില്ല.  പിന്നീട് പരാതിക്കാരൻ വിവരാവകാശ നിയമപ്രകാരം പഞ്ചായത്തിൽ അപേക്ഷ നൽകി.  ഇതിനു ശേഷമാണ് സർട്ടിഫിക്കേറ്റ് കൈപ്പറ്റിയത്.  എന്നാൽ ഒരു വർഷത്തിന് ശേഷം സർട്ടിഫിക്കേറ്റ് തയ്യാറാക്കിയ വിവരം തങ്ങളെ ആരും അറിയിച്ചില്ലെന്ന് പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു.

പി.ആർ.ഒ.