വീടുകൾ സന്ദർശിച്ച് മസ്റ്ററിംഗ് നടത്താൻ സംവിധാനമൊരുക്കണം: മനുഷ്യാവകാശ കമ്മീഷൻ

HRMP NO : 8666/2022

Kerala State Human Rights  commission

Thiruvananthapuram

29/03/23

 വീടുകൾ സന്ദർശിച്ച് മസ്റ്ററിംഗ് നടത്താൻ സംവിധാനമൊരുക്കണം: മനുഷ്യാവകാശ കമ്മീഷൻ 

തൃശ്ശൂർ :  അംഗപരിമിതർ, കിടപ്പുരോഗികൾ, ബുദ്ധിമാന്ദ്യം സംഭവിച്ചവർ എന്നിവരുടെ വീടുകൾ സന്ദർശിച്ച് മസ്റ്ററിംഗ് നടത്താനും ആധാർകാർഡുകൾ ലഭ്യമാക്കാനും സർക്കാർ തലത്തിൽ  സൗകര്യമൊരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

     ധനവകുപ്പു സെക്രട്ടറിക്കാണ് കമ്മീഷൻ അംഗം വി. കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്.  പഞ്ചായത്ത് തലത്തിൽ ജീവനക്കാരെ നിയമിച്ച് കിടപ്പുരോഗികൾക്ക് മസ്റ്ററിംഗ് നടത്തി പെൻഷൻ നഷ്ടപ്പെടാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന  പരാതിയിലാണ് ഉത്തരവ്.  ട്രഷറി ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചു.  സാമൂഹിക സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നവരുടെ ലൈഫ് മസ്റ്ററിംഗ് നടത്തുന്നത് തദ്ദേശ സ്വയം ഭരണ വകുപ്പാണെന്ന് റിപ്പോർട്ടിൽ പറയുന്നു.  ട്രഷറി വകുപ്പ് മുഖേന പെൻഷൻ വാങ്ങുന്നവരുടെ ലൈഫ് മസ്റ്ററിംഗ് നടത്തുന്നത് ട്രഷറി വകുപ്പാണ്.  ജീവൻ പ്രമാൺ പോർട്ടൽ മുഖേന ഓൺലൈനായും ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തി നൽകുന്ന ലൈഫ് സർട്ടിഫിക്കേറ്റ് ട്രഷറിയിൽ ഹാജരാക്കിയും മസ്റ്റർ ചെയ്യാമെന്നും റിപ്പോർട്ടിൽ പറയുന്നു.  പോസ്റ്റ്മാൻ വീട്ടിൽ നേരിട്ടെത്തി ഓൺലൈൻ മസ്റ്ററിംഗ് നടത്തി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കേറ്റ് നൽകുന്ന മാർഗ്ഗവും നിലവിലുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

     അംഗപരിമിതർ, ബുദ്ധിമാന്ദ്യം സംഭവിച്ചവർ, മറ്റ് അസുഖബാധിതർ, കുട്ടികൾ എന്നിവർക്ക് അവരുടെ വീടുകൾ സന്ദർശിച്ച് ഹോം മസ്റ്ററിംഗ് നടത്താൻ സർക്കാർ പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അക്ഷയകേന്ദ്രങ്ങൾക്ക് ഹോം മസ്റ്ററിംഗ് സർവ്വീസ് ചാർജ് സർക്കാർ നൽകുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

     എന്നാൽ കോവിഡ് കാലത്താണ് ഇത്തരം സംവിധാനങ്ങൾ ഉണ്ടായിരുന്നതെന്നും നിരവധി കിടപ്പുരോഗികൾ ആധാർകാർഡ് കിട്ടാതെയും മസ്റ്ററിംഗ് നടത്താതെയും ബുദ്ധിമുട്ടുണ്ടെന്നും പരാതിക്കാരൻ അറിയിച്ചു.  ഈ സാഹചര്യത്തിൽ ഇത്തരക്കാർക്ക് പ്രത്യേക മാനുഷികപരിഗണന നൽകി മസ്റ്ററിംഗ് കാലതാമസം കൂടാതെ നടത്തുന്നതിന് സർക്കാർ നടപടിയെടുക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.  ഉത്തരവിന്റെ അടിസ്ഥാനത്തിൽ ധനസെക്രട്ടറി സ്വീകരിച്ച നടപടികൾ കമ്മീഷനെ അറിയിക്കണം. ത്യശൂർ വേലുപ്പാടം സുരേഷ് ചെമ്മനാടൻ സമർപ്പിച്ച പരാതിയിലാണ് നടപടി.

                പബ്ലിക് റിലേഷൻസ് ഓഫീസർ