പട്ടിക വർഗ കുടുംബങ്ങൾക്ക് വീട് നൽകാൻ അടിയന്തര നടപടി വേണം : മനുഷ്യാവകാശ കമ്മീഷൻ

HRMP No. 7169/2022

Kerala State Human Rights  commission

Thiruvananthapuram

30/03/23

പട്ടിക വർഗ കുടുംബങ്ങൾക്ക് വീട് നൽകാൻ അടിയന്തര നടപടി വേണം  :  മനുഷ്യാവകാശ കമ്മീഷൻ

കൽപ്പറ്റ : സംസ്ഥാനത്തെ മുഴുവൻ പട്ടികവർഗ്ഗ കുടുംബങ്ങൾക്കും വീട് നൽകാനുള്ള സമഗ്രപദ്ധതി നടപ്പിലാക്കുന്നതിന് ഫണ്ട് ലഭ്യമായ സാഹചര്യത്തിൽ മുള്ളൻകൊല്ലി കാട്ടുനായ്ക്ക കോളനിയിൽ വാസയോഗ്യമല്ലാത്ത വീട്ടിൽ താമസിക്കുന്ന ബസ്സായി, മാധവി എന്നിവർക്ക് വീട് നിർമ്മിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

      സുൽത്താൻ ബത്തേരി പട്ടികവർഗ്ഗ വികസന ഓഫീസർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്.  ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ മൂന്നുമാസത്തിനകം കമ്മീഷനെ അറിയിക്കണം.

     ഇടിഞ്ഞുവീഴാറായ ഷെഡിലാണ് താമസിക്കുന്നതെന്നും വീടിന് വേണ്ടി നിരവധി അപേക്ഷകൾ നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് പരാതിയിൽ പറയുന്നു.സുൽത്താൻ ബത്തേരി പട്ടികവർഗ്ഗ വികസന ഓഫീസർ സമർപ്പിച്ച റിപ്പോർട്ടിൽ ബസ്സായിക്കും ഭർത്താവിനും രണ്ട് ആൺമക്കളുണ്ടെന്നും ഇരുവർക്കും വാസയോഗ്യമായ വീടുണ്ടെന്നും പറയുന്നു.  എന്നാൽ പരാതിക്കാർ താമസിക്കുന്നത് ഷെഡിലാണ്.

     പരാതിക്കാർ അതിദരിദ്രരുടെ പട്ടികയിലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.  ഇവർ താമസിക്കുന്ന ഇടമല കോളനിയിൽ 35 കുടുംബങ്ങൾ ഇവിടെ നിന്നും മാറി താമസിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.  കുടിവെള്ളം കിട്ടാത്തതും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതുമാണ് കാരണം.

     പരാതിക്കാരുടെ ആവശ്യം ന്യായമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.  പട്ടികവർഗ്ഗക്കാരുടെ ഉന്നമനത്തിനും അവരുടെ അടിസ്ഥാനാവശ്യങ്ങൾ നിറവേറ്റാനും പട്ടികവർഗ്ഗ വികസന വകുപ്പിന് നിയമപരമായ ബാധ്യതയുണ്ടെന്ന് കമ്മീഷൻ നിരീക്ഷിച്ചു.

                        പബ്ലിക് റിലേഷൻസ്‌ ഓഫീസർ

30/03/2023.